Sunday, November 15, 2009

ഹംപി




വിജയനഗരസാമ്രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു ഹംപി. 14 മുതല്‍ 16 നൂറ്റാണ്ടുവരെ ഈ രാജവംശത്തിണ്റ്റെ പ്രതാപകാലമായിരുന്നു. ഹംപി ഉത്തര കര്‍ണ്ണാടകത്തില്‍ ബെല്ലാരിക്കടുത്ത്‌ സ്ഥിതി ചെയ്യുന്നു.

26 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ചരിത്രാവിശ്ഷ്ടമാണ്‌ ഹംപി. ക്ഷേത്രാവിശ്ഷ്ടങ്ങള്‍, കൊട്ടാരങ്ങള്‍ , കോട്ടകള്‍ എന്നിങ്ങനെ പഴയ ഒരു വലിയ പട്ടണത്തിലുണ്ടായിരുന്ന കെട്ടിടങ്ങളുടേയും ചരിത്രബാക്കികള്‍ ചിതറിക്കിടക്കുന്നു.

എത്തിച്ചേര്‍ന്ന വഴി- കര്‍ണാടകയിലെ റോഡുകള്‍ വളരെ നല്ലതാണ്‌. പുതിയ ഹൈവേകള്‍. തൃശൂരില്‍ നിന്നാണ്‌ ഞങ്ങള്‍ പുറപ്പെട്ടത്‌. കോയമ്പത്തൂര്, സേലം വഴി ബാംഗ്ലൂര്‍ ഹൈവേയില്‍ കയറി. ബാംഗ്ലൂര്‍ എത്തുന്നതിനുമുന്‍പ്‌ ബാനര്‍ഗെട്ട വഴി തിരിഞ്ഞ്‌ ബെല്ലാരിയിലേക്കുള്ള ഹൈവേയില്‍ കയറി. പിന്നെ ഹോസ്പേട്ടില്‍ എത്തി. ഹോസ്പേട്ട്‌ ആണ്‌ ഹംപിയ്ക്കടുത്തുള്ള പട്ടണം. ഇവിടെയാണ്‌ താമസിക്കേണ്ടത്‌. ധാരാളം ഹോട്ടലുകള്‍ ഉണ്ട്‌. ഹംപിയിലേക്ക്‌ പത്തുകിലോമീറ്റര്‍ ദൂരം.





വിരൂപാക്ഷക്ഷേത്രം

ഓരോ വളവിലും തിരിവിലും എന്തെങ്കിലും കാണാന്‍ ഉണ്ടാവും എന്നതാണ്‌ ഹംപിയുടെ പ്രത്യേകത. വിരൂപാക്ഷ ക്ഷേത്രം, വിട്ടാല ക്ഷേത്രം തുടങ്ങി നാശാവിഷ്ടമായ പല ക്ഷേത്രങ്ങള്‍, കൊട്ടാരത്തോടനുബന്ധിച്ചുള്ള ഒരു ആനപ്പന്തി, ലോട്ടസ്‌ മഹല്‍, കല്‍രഥം, തുടങ്ങി അതിശയിപ്പിക്കുന്ന ശില്‍പ്പവേലകളാണ്‌ ഹംപി കാണിച്ചുതരുന്നത്‌.



ആനപ്പന്തി




ലോട്ടസ്‌ മഹല്‍





കല്‍രഥം


ഹംപിയില്‍ നിന്നും 30 കിലോമീടര്‍ ദൂരത്താണ്‌ ഐഹോളെ, പട്ടടക്കല്‍ എന്ന വേള്‍ഡ്‌ ഹെറിറ്റേജ്‌ സൈറ്റുകള്‍. ഭാരതീയ ക്ഷേത്ര വാസ്തുശില്‍പശൈലി രൂപപ്പെട്ടത്‌ ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നു പറയപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്കു നിര്‍മിച്ച ഈ ക്ഷേത്രങ്ങള്‍ ഇന്‍ഡ്യന്‍ പുരാവസ്തു വകുപ്പ്‌ വളരെ കാര്യക്ഷമമായി സൂക്ഷിച്ചിട്ടുണ്ട്‌.



പട്ടടക്കല്‍





ഐഹോളെ



ചാലൂക്യരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഐഹോളെ. പുലികേശി ഒന്നാമന്റെ കാലത്താണ്‌ ഐഹോളെയിലെ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത്‌. ഭാരതീയ ക്ഷേത്രവാസ്തുശില്‍പകലയുടെ പരീക്ഷണശാല ആയിരുന്നു ഐഹോളെയും പട്ടടക്കലേയും ക്ഷേത്രനിര്‍മാണം. ഈ ക്ഷേത്രനിര്‍മിതികള്‍ ആദ്യകാലശില്‍പികളുടെ അതിശയപൂര്‍വമായ കരവിരുതാണ്‌ കാണിച്ചുതരുന്നത്‌. ഐഹോലെയിലെ ക്ഷേത്രങ്ങള്‍ ആദ്യകാലനിര്‍മിതികളുടെ പരിമിതികള്‍ക്കകത്ത്‌ നിന്ന് വാസ്തുശില്‍പ്പത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ പിന്നിടുള്ള നൂറ്റാണ്ടുകളില്‍ പണിത പട്ടടക്കല്‍ ക്ഷേത്രങ്ങള്‍ അതിശയകരമായ ശില്‍പ്പവേലകള്‍ കൊണ്ട്‌ സമ്പുഷ്ടമാണ്‌.

പട്ടടക്കലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ്‌, ബദാമി ഗുഹാക്ഷേത്രങ്ങള്‍. പുലികേശി രണ്ടാമന്റെ കാലത്തു പണിത ബദാമി ഗുഹാക്ഷേത്രങ്ങള്‍ 6-7 നൂറ്റാണ്ടുകളില്‍ പണിതവയാണ്‌. നാലുഗുഹാക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്‌. മൂന്നെണ്ണം ഹിന്ദുക്ഷേത്രങ്ങളും ഒരെണ്ണം ജയിന്‍ ക്ഷേത്രവുമാണ്‌.



Saturday, November 14, 2009

ഹിമാലയത്തിനുമുകളില്‍


ഇത്‌ എന്റെ രണ്ടാമത്തെ ഹിമാലയന്‍ ട്രെക്കിംഗ്‌ ആണ്‌. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വാലി ഓഫ്‌ ഫ്ളവേര്‍സ്‌ കാണാന്‍ പോയിരുന്നതിനെപറ്റി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.

ഇത്തവണ ചന്ദ്രശില എന്ന പര്‍വതത്തിന്റെ മുകളില്‍ കയറി. ചന്ദ്രശില പഞ്ചകേദാരങ്ങളിലൊന്നായ
തുംഗനാഥ്‌ സ്ഥിതി ചെയ്യുന്ന പര്‍വതത്തിണ്റ്റെ ഏറ്റവും മുകള്‍ ഭാഗത്താണ്‌. കേദാര്‍നാഥിനടുത്താണ്‌ ചന്ദ്രശില പര്‍വതം. സമുന്ദ്രനിരപ്പില്‍നിന്ന്‌ 4090 മീറ്റര്‍ ഉയരമുണ്ട്‌ (13415 അടി) കേദാര്‍ നാഥ്‌, തുംഗനാഥ്‌, മധ്യമഹേശ്വര്‍, രുദ്രനാഥ്‌, കല്‍പനാഥ്‌ എന്നീ അഞ്ച്‌ ശിവക്ഷേത്രങ്ങളാണ്‌ പഞ്ചകേദാരങ്ങള്‍ എന്ന്‌ അറിയാപ്പെടുന്നത്‌. ഇവയോരോന്നും ഹിമാലയത്തിലെ അഞ്ച്‌ പര്‍വതങ്ങളിലായി സ്ഥിതി ചെയ്യുന്നു.


ചന്ദ്രശില



മഹാഭാരതയുദ്ധം കഴിഞ്ഞ്‌ പാണ്ഡവന്‍മാര്‍ പ്രയശ്ചിത്തം ചെയ്യാന്‍ കാശിയില്‍ ചെന്നപ്പോള്‍ ശിവന്‍ അവരെക്കണ്ട്‌ അവിടെനിന്നും ഓടി ഒരു കാളയുടെ രൂപത്തില്‍ ഹിമാലയത്തില്‍ മേഞ്ഞുനടന്നു എന്നും ആ കാളയെക്കണ്ട്‌ ശിവനാണെന്ന്‌ തിരിച്ചറിഞ്ഞ പാണ്ഡവന്‍മാര്‍ പിടിക്കാന്‍ ചെന്നപ്പോള്‍ കാള മണ്ണിനടിയിലേക്ക്‌ മറഞ്ഞെന്നും പാണ്ഡവന്‍മാര്‍ അഞ്ചുപേരും അഞ്ചു സ്ഥലത്ത്‌ പിടിച്ച്‌ കാളയെ പൊക്കാന്‍ ശ്രമിച്ചെന്നും അങ്ങനെ ഹിമാലയത്തില്‍ അഞ്ചു സ്ഥലങ്ങളില്‍ കാളയുടെ ശരീരഭാഗങ്ങല്‍ പൊങ്ങി വന്നെന്നുമാണ്‌ ഐതിഖ്യം. ഈ അഞ്ച്‌ സ്ഥലങ്ങളില്‍ ഉള്ള ശിവക്ഷേത്രങ്ങളാണ്‌ പഞ്ചകേദാരങ്ങള്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഒരോന്നിലേക്കുമുള്ള യാത്ര വളരെ ദുര്‍ഘടമാണ്‌.




തുംഗനാഥ്‌ ക്ഷേത്രം



ചന്ദ്രശിലയുടെ പ്രത്യേകത അവിടെ നിന്നു നോക്കിയാല്‍ ഹിമാലയത്തിന്റെ 360 ഡിഗ്രിയുള്ള കാഴ്ച കാണാന്‍ പറ്റുമെന്നതാണ്‌. എത്തുന്ന വഴി ഇങ്ങനെ- ഹരിദ്വാര്‍, ഋഷികേശ്‌, ദേവപ്രയാഗ്‌, രുദ്രപ്രയാഗ്‌, ഗുപ്തകാശി വഴി ഉഖിമത്‌ എന്ന സ്ഥലത്തെത്തി ചോപ്ത എന്ന ബേസ്‌ ക്യാമ്പില്‍ എത്തുന്നു. ചോപ്ത വരെ കാറില്‍ എത്താം.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ തുംഗനാഥിലേക്ക്‌ ഭക്തന്‍മാര്‍ പോകുന്ന സീസണായതുകൊണ്ട്‌ മാര്‍ച്ച്‌ മാസം ആദ്യമാണ്‌ ട്രെക്കിങ്ങിന്‌ തീരുമാനിച്ചത്‌.മഞ്ഞുവീഴുന്ന സീസണില്‍ പത്തടിയിലേറെ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലമാണ്‌.മാര്‍ച്‌ മാസമായതുകൊണ്ട്‌ ചന്ദ്രശിലയില്‍ മഞ്ഞുമുഴുവന്‍ ഉരുകിക്കഴിഞ്ഞിട്ടില്ല.ഓഫ്‌ സീസണായതുകൊണ്ട്‌ ആരും ആ പ്രദേശത്തെങ്ങുമില്ല. ചോപ്തക്കടുത്തുള്ള ഒരു ഗസ്റ്റ്‌ ഹൌസ്‌ ഞങ്ങള്‍ക്കു വേണ്ടി തുറപ്പിക്കാന്‍ രുദ്രപ്രയാഗിലുള്ള അതിണ്റ്റെ ഉടമസ്ഥനെ വിളിച്ചേര്‍പ്പാടാക്കി.

തുംഗനാഥ്‌ വരെയുള്ള കയറ്റം തുടങ്ങുമ്പോള്‍ തന്നെ വഴിയുടെ വശങ്ങളില്‍ മഞ്ഞ്‌ കണ്ടുതുടങ്ങുന്നു. കയറ്റം ആയാസകരമാണ്‌. മഞ്ഞുകാലങ്ങളില്‍ തുംഗനാഥ്‌ ക്ഷേത്രം വിജനമാണ്‌. മഞ്ഞുവീണുതുടങ്ങുന്ന നവംബര്‍ മാസം മുതല്‍ ഏപ്രില്‍ വരെ അമ്പലത്തിലെ വിഗ്രഹം താഴെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലേക്ക്‌ മാറ്റുന്നു. തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്നും ചന്ദ്രശിലയിലേക്കുള്ള വഴി വളരെ ദുര്‍ഘടമാണ്‌. കുത്തനെയുള്ള കയറ്റം. വഴി മിക്ക സ്ഥലത്തും മഞ്ഞുവീണ്‌ നിറഞ്ഞ്‌ കിടക്കുകയാണ്‌.വഴി ഒഴിവാക്കി കുത്തനെയുള്ള കയറ്റം കയറി. ഓക്സിജന്റെ കുറവുള്ളതുകൊണ്ട്‌ വളരെ സാവധാനം മാത്രമെ കയറാന്‍ പറ്റുകയുള്ളു. വളരെ വിഷമിച്ച്‌ ചന്ദ്രശിലയുടെ മുകളില്‍ എത്തി. അവിടെ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്‌. 360 ഡിഗ്രിയില്‍ ഹിമാലയത്തിണ്റ്റെ കാഴ്ച. നന്ദാദേവി, കേദാര്‍, തൃശൂല്‍, ചൌക്കംബ തുടങ്ങിയ കൊടുമുടികളുടെ മായക്കാഴ്ച്ചകള്‍ കണ്‍മുന്‍പില്‍.







ചന്ദ്രശിലയുടെ മുകള്‍ ഭാഗത്ത്‌ ഒരു ചെറിയ ക്ഷേത്രം ഉണ്ട്‌. രാവണനെ തോല്‍പ്പിച്ച്‌ രാമന്‍ ചന്ദ്രശിലയില്‍ വന്ന്‌ തപസ്സ്‌ ചെയ്തു എന്നും ഐതിഹ്യം.





ചോപ്തക്കടുത്ത്‌ മറ്റൊരു പര്‍വതത്തിനുമുകളില്‍ ദൌരിയ താല്‍ എന്ന ഒരു തടാകം ഉണ്ട്‌. ഇതിനും മഹാഭാരതവുമായി ബന്ധപ്പെട്ട കഥയുണ്ട്‌. വനവാസകാലത്ത്‌ പാണ്ഡവന്‍മാരെ യമന്‍ പരീക്ഷിച്ചതെന്ന്‌ ഐതിഖ്യം. തടാകം 2438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.