പകര്പ്പവകാശലംഘനമുണ്ടായാല് എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാം എന്ന് വിശദീകരിക്കുന്നതിനുമുന്പ് ചില കമന്റുകളിലുള്ള സംശയങ്ങള്‍ക്ക് മറുപടി പറയേണ്ടത് ആവശ്യമായി വരുന്നു.
വഴിപോക്കന് സോഫ്റ്റ്വെയറുകളുടെ പകര്‍പ്പവകാശത്തിനെക്കുറിച്ച് എഴുതിയിരുന്നതിന് എനിക്ക് പറയാനുള്ളത് ഇതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമനുസരിച്ച് സോഫ്റ്റ്വെയറുകള്ക്ക് കോപ്പിറൈറ്റ് ഉണ്ട്. മാനവരാശിയുടെ പൊതുസ്വത്ത് എന്ന നിലയില്‍ സോഫ്റ്റ്വെയറുകള്ക്ക് കോപ്പിറൈറ്റ് പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ ലേഖനത്തില്‍ ഞാന്‍ ഇന്റര്‍നെറ്റിലെ കോപ്പിറൈറ്റിനെക്കുറിച്ച് മാത്രമാണ് വിവരിച്ചത്. അതും ഒരു ബ്ലോഗിലെ സൃഷ്ടിയുടെ പകര്‍പ്പവകാശം.
പകര്‍പ്പവകാശം ഒരു സാമ്പത്തികാവകാശമാണ് (economic right). അതുകൊണ്ടുതന്നെ സോഫ്റ്റ്വെയറിന് പകര്പ്പവകാശമില്ലാതാക്കാന് ആ രംഗത്തെ കുത്തകള്‍ക്ക് സ്വഭാവികമായും താല്പര്യമുണ്ടാവില്ല. ഒരു രാജ്യത്തെ നിയമം മാറ്റേണ്ടത് ആ രാജ്യത്തെ ഗവണ്മെന്റാണ്. എന്തുകൊണ്ട് അത് കഴിയുന്നില്ല എന്നത് ആ നിയമങ്ങള്‍ എങ്ങനെ ഉണ്ടാവുന്നു എന്നതിനേയും, രാഷ്ര്ടീയ മനക്കരുത്തിനേയും ആശ്രയിച്ചിരിക്കും സുനിലിന്റേയും അങ്കിളിന്റേയും സംശയങ്ങള്‍ക്കുള്ള മറുപടിയില്‍ അത് വിശദീകരിക്കാം.
ബ്ലോഗിലെ സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശം വേണ്ടതുതന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും ബ്ലോഗിലെ രചനകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തില്‍. ബൂലോഗത്തെ പുസ്തകങ്ങളാകാന്‍ സാധ്യതയുള്ള ചില ബ്ലോഗുകള്‍ ( ഉദാഹരണത്തിന് പെരിങ്ങോടന്, സിജി, ഗുപ്തന് തുടങ്ങിയവരുടെ കഥകള്‍, ജി. മനുവിന്റെ പോസ്റ്റുകള്‍, പാചകബ്ലോഗുകള്) മറ്റാരെങ്കിലും എടുത്ത് വേറെ പേരില്‍ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കില്‍ വേറൊരു ബ്ലോഗ് തുടങ്ങുകയോ ചെയ്താല്‍ എന്താണ് ഈ ബ്ലോഗര്‍മാര്‍ക്കുള്ള നഷ്ടപരിഹാരം. പകര്‍പ്പവകാശമില്ലെങ്കില്‍ എന്ത് പ്രതിവിധിയാണ് ഇവര്‍ക്കുള്ളത്. അല്ലെങ്കില്‍ ഈ ലേഖനം ഒരാളെടുത്ത് ഒരു നിയമ മാസികയിലോ ഏതെങ്കിലും നിയമവെബ്മാഗസിനിലോ അയാളുടെ പേരില്‍ പ്രസിദ്ധീകരിച്ചാല്‍ ?.
വഴിപോക്കന്റെ നിലപാട് സോഫ്റ്റ്വെയറിന് പകര്‍പ്പവകാശം ആവശ്യമില്ല എന്നത് മാത്രമാണ് എന്ന് കരുതുന്നു. ആ കാര്യത്തില്‍ ഞാന്‍ തീര്‍ച്ചയായും കോപ്പിലെഫ്റ്റ് ആണ്. എന്നാല്‍ തന്നെയും നമ്മള് പകര്‍പ്പവകാശലംഘനം നടത്തിയാല്‍ ആ നിലപാട് നമ്മളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷിക്കണമെന്നില്ല.
സുനിലിന്റേയും അങ്കിളിന്റേയും സംശയങ്ങള്‍ക്കുള്ള മറുപടി.ഹൈപ്പര്‍ലിങ്കിംഗ്, ആറ്റം RSS ഫീഡറുകള്‍ എന്നിവ ഇന്റര്‍നെറ്റിലെ ചില സൗകര്യങ്ങള്‍ മാത്രമാണ്. ഒരു ബ്ലോഗര്‍ അത് ഉപയോഗിച്ച് കോപ്പിറൈറ്റുള്ള ഒരു സൃഷ്ടി തന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചാല്‍ ബ്ലോഗര്‍ മാത്രമാണ് ഉത്തരവാദി. ആദ്യന്തികമായി ആരാണ് ആ display അവിടെ വേണമെന്ന് ഉദ്ദേശിച്ചത് (intention to display a copyrighted work) അയാള്‍ മാത്രമേ നിയമലംഘനം നടത്തുന്നുള്ളു. ഗൂഗിള്‍ push pull actvivity നടത്തി മോണിറ്ററില്‍ display ചെയ്താലും ഈ ലോജിക്ക് തന്നെയാണ് വരുന്നത്.
കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ലിങ്കിംഗ് കൊടുത്താല്‍ പകര്‍പ്പവകാശലംഘനം വരുന്നത് അപൂര്‍വമായി മാത്രമാണ്. വന്നാല്‍ തന്നെയും അത് fair use എന്ന exemptionല്‍ പെടുകയും ചെയ്യും.
അങ്കിളും സുനിലും സൂചിപ്പിച്ചതുപോലെയുള്ള വളരെ സങ്കീര്‍ണമായ സാങ്കേതികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോഴുള്ള നിയമം പര്യാപ്തമല്ല. ഇന്‍ഡ്യന്‍ പകര്‍പ്പവകാശനിയമം ഉണ്ടാവുന്നത് 1957ലാണ്. അന്നുണ്ടായിരുന്ന സാങ്കേതികവിദ്യയല്ല ഈ നൂറ്റാണ്ടിലേത്. 1999ലെ നിയമഭേദഗതിയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് തുടങ്ങിയവ ഉള്‍പ്പെടുത്തി എങ്കിലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ വളരെവേഗം വികസിക്കുന്നതുകൊണ്ട് ഇപ്പോഴുള്ള പല നിയമതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനു കഴിയുമെന്നു തോന്നുന്നില്ല.
നിലവിലുള്ള ഒരു നിയമം ഉണ്ടാക്കുമ്പോള്‍ വിഭാവനം ചെയ്യാന്‍ കഴിയാതിരുന്ന ഒരു സാങ്കേതികവിദ്യ ഇപ്പോഴുണ്ടാവുകയും അത് അടിസ്ഥാനപ്പെടുത്തി ഒരു നിയമ പ്രശ്നമുണ്ടാവുകയും ചെയ്യുമ്പോള്‍ കോടതി സ്വീകരിക്കുന്ന വഴി purposive or updating interpretation എന്ന നിയമവ്യാഖാനരീതിയാണ്. (ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു legal method ആയതുകൊണ്ട് വിശദീകരിക്കുന്നില്ല).
സാങ്കേതികവിദ്യയും സയന്‍സും മറ്റ് വിജ്ഞാനശാഖകളും വളരുന്നതനുസരിച്ച് ഒരോ രാജ്യങ്ങളും അവരവരുടെ നിലനില്‍ക്കുന്ന നിയമങ്ങള്‍ മാറ്റുകയോ അലെങ്കില്‍ ഭേദഗതികള്‍ വരുത്തുകയോ ചെയ്യും. പലരാജ്യങ്ങളും തമ്മില്‍ വാണിജ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് നിയമങ്ങളെല്ലാം ഒരു പോലെയാകാന്‍ വേണ്ടി interenational convention കളിലാണ് ഇത് തീരുമാനിക്കപ്പെടുന്നത്. ആ കണ്‍വന്‍ഷനില്‍ പങ്കെടുത്ത രാജ്യങ്ങളെല്ലാം അത് പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിതരാണ്. ( intellectual property laws, arbitration, narcotics തുടങ്ങിയ നിയമങ്ങള്‍ ഭേദഗതി നടത്തിയത് അങ്ങനെയാണ്.)
കോപ്പിറൈറ്റ് സോഫ്റ്റ്വെയറുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും ബാധകമാക്കിയത് അതുപോലൊരു കണ്‍വന്‍ഷനിലാണ്.( World Intellectual Property Organization Copyright Treaty, 1996 adopted by the Diplomatic Conference, 1996).
ഈ കണ്വന്ഷനുകളിലൂടെ ലോകകുത്തകകളുടെ സാമ്പത്തിക താല്പര്യങ്ങളാണ് സരക്ഷിക്കപ്പെടുന്നത്. ഈ കുത്തകളുടെ താല്പര്യങ്ങള്ക്കനുസരിച്ച് നിയമനിര്‍മാണം നടക്കുന്നു. GATT, TRIPS എന്നിവ ബൗദ്ധികസ്വത്തിന്റെ മേഖല തന്നെ മാറ്റി മറിച്ചു പ്രത്യേകിച്ചും ഇന്‍ഡ്യയിലെ മരുന്നു നിര്‍മാണരംഗത്ത്.)
നിയമപരിഹാരങ്ങള്‍ പകര്പ്പവകാശലംഘനമുണ്ടായാല് രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്ന് നഷ്ടപരിഹാരത്തിന് സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യുക.രണ്ട്. പകര്‍പ്പവകാശലംഘനം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനല്‍ കേസെടുക്കുക.
സിവില്‍കേസില്‍ പകര്‍പ്പവകാശം നടത്തിയ വ്യക്തി താന്‍ പകര്‍പ്പവകാശം നടത്തിയ ദിവസം ആ സൃഷ്ടിക്ക് പകര്‍പ്പവകാശമുള്ളതായി അറിവില്ലായിരുന്നു എന്ന് തെളിയിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. എന്നാല്‍ തുടര്‍ന്ന് പകര്‍പ്പവകാശമുള്ള സൃഷ്ടി പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് അയാള്‍ തടയപ്പെടും.
ക്രിമിനല്‍ കേസില്‍ കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് ആറുമാസവും കൂടിയാല്‍ മൂന്നു വര്‍ഷവും ശിക്ഷ ലഭിക്കും. കൂടാതെ കുറഞ്ഞത് അമ്പതിനായിരവും കൂടിയാല്‍ രണ്ടുലക്ഷം രൂപ പിഴയും ലഭിക്കും.
ഒരു സൃഷ്ടിയുടെ fair use പകര്പ്പവകാശലംഘനമാവില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ ലിങ്ക് കൊടുത്താല്‍ പകര്പ്പവകാശലംഘനമാവണമെന്നില്ല. പക്ഷെ വേറൊരു സൈറ്റില്‍ നിന്ന് കോപ്പിറൈറ്റുള്ള ഒരു ഫോട്ടോ അനുവാദമില്ലാതെ ഒരു ബ്ലോഗില്‍ ഉപയോഗിച്ചാല്‍ അതും ആ ബ്ലോഗ് പരസ്യത്തിലൂടെ കാശുണ്ടാക്കുന്നതാണെങ്കില് നിയമപ്രശ്നമാവാം.
ഗൂഗിളിന്റെ സേവനത്തിലുള്ളതായതുകൊണ്ട് ബ്ലോഗിലെ പോസ്റ്റുകളെല്ലാം ഗൂഗിളിന്റേതാവുകയില്ലെ എന്ന് N.J. ജോജു ചോദിച്ചിരുന്നു. ഇത് പകര്‍പ്പവകാശലംഘനം നടത്തിയവര്‍ക്ക് ഉപയോഗിക്കാവുന്ന വളരെ നല്ല വാദം ആണ്. പക്ഷെ ഒരു സൃഷ്ടിയുടെ ഉടമസ്ഥാവകാശം മറ്റുള്ളവര്‍ക്ക് ഉണ്ടാവുന്നത് ഒരു employment contract ഉള്ളപ്പോഴാണ്. ഉദാഹരണത്തിന് ഒരു പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ആ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ടൂണുകളുടെ പകര്‍പ്പവകാശം, മറിച്ചൊരു കരാര്‍ ഇല്ലാത്തിടത്തോളം കാലം പത്രത്തിനുതന്നെയാണ്. ഗൂഗിളിന്റെ agreement terms ല്‍ കോപ്പിറൈറ്റിന്റെ കാര്യം ഞാന്‍ കണ്ടില്ല.( ആരെങ്കിലും അങ്ങനെ ശ്രദ്ധിച്ചാല്‍ അറിയിക്കണേ).
ചില വെബ്സൈറ്റുകള്‍ ആ സൈറ്റിന് കൊടുക്കുന്ന അല്ലെങ്കില്‍ ആ വെബ്സൈറ്റിലെ മെറ്റീരിയല്‍സ് ഉപയോഗിക്കുന്നവരുടെ സൃഷ്ടികളുടെ പകര്‍പ്പവകാശം എടുക്കാറുണ്ട്. ലൈസന്‍സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ ഇതിന് സമ്മതം കൊടുക്കപ്പെടുന്നു. ( ഉദാഹരണം www.atomentertainment.com).
പകര്‍പ്പവകാശം ഉണ്ടെന്നുകാണിക്കാന് എന്താണ് എഴുതേണ്ടത്.
ഒരു സൃഷ്ടിക്ക് പകര്‍പ്പവകാശം കിട്ടാന്‍ പകര്‍പ്പവകാശമുണ്ട് എന്ന് എഴുതി വയ്ക്കേണ്ട ആവശ്യമൊന്നുമില്ല. പക്ഷെ ആദ്യം പറഞ്ഞതുപോലെ പകര്‍പ്പവകാശലംഘനം നടത്തിയ വ്യക്തി ആ സൃഷ്ടിക്ക് പകര്‍പ്പവകാശമുള്ളതായി തനിക്ക് അറിയില്ലായിരുന്നു എന്ന് ഒരു defense argument എടുക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എഴുതുന്നത് തന്നെ നല്ലത്. ഞാന്‍ കൊടുക്കുന്നത് ഇതാണ്:-
The contents of this blog are intellectual property of the bloger C.K.Sasi. Copying the contents for public display and distribution without the prior consent of the bloger amounts to copyright violation. However linking, framing, metatagging etc. are permitted.
ഇതില്‍ ബ്ലോഗറുടെ ശരിയായ പേരുകൊടുത്തില്ലെങ്കില്‍ അത് തെളിയിക്കാന്‍ നടക്കേണ്ടിവരുമെന്നുള്ളതുകൊണ്ട് ശരിയായ പേരുതന്നെ കൊടുക്കുന്നതാണ് ഉചിതം.