Thursday, February 28, 2008

ബൂലോഗവും പകര്‍പ്പവകാശവും

ആമുഖം

ബൂലോഗത്ത്‌ ഈയിടെ ഒരു ബ്ലോഗിലെ പോസ്റ്റ്‌ മറ്റൊരു ബ്ലോഗുകാരന്‍ എടുത്ത്‌ പോസ്റ്റുന്ന വിനോദം ധാരാളം കാണുന്നു. അതിനെതുടര്‍ന്ന് പല കോലാഹലവും ഉണ്ടായി. പുഴു, സാക്ഷരന്‍, വിശാലമനസ്കന്‍ തുടങ്ങിയവരുടെ പോസ്റ്റുകള്‍ മറ്റുള്ളവര്‍ എടുത്ത്‌ പോസ്റ്റി. പണ്ട്‌ യാഹൂ എന്തോ മോഷ്ടിച്ചെന്ന് പറഞ്ഞ്‌ എന്തോ ഒച്ചപ്പാടുണ്ടായി എന്ന് കേട്ടു. ഞാന്‍ അന്ന് ഈ പ്രദേശത്തെ ഇല്ലായിരുന്നു.

കൈപ്പള്ളിയുടെ ഫോട്ടോ ഒരു വെബ്‌സൈറ്റുകാരന്‍ മോഷ്ടിച്ച സംഭവത്തെത്തുടര്‍ന്ന്
കൈപ്പള്ളിക്ക്‌ നിയമഭിപ്രായം കൊടുത്തപ്പോഴാണ്‌ ഇത്‌ എല്ലാ ബൂലോകരും അറിയേണ്ടതാണ്‌ എന്ന് തോന്നിയത്‌. അതുകൊണ്ട്‌ ഈ പോസ്റ്റ്‌.


ഇന്റര്‍നെറ്റ്‌ ലോകവ്യാപകമായ accesibilitiy ഉള്ളതുകൊണ്ടും ബ്ലോഗര്‍മാര്‍ എല്ലാ ഭൂഖണ്ഡത്തിലും ഉള്ളതുകൊണ്ടും അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ നിയമം അനുസരിച്ച്‌ പകര്‍പ്പവകാശ ലംഘനം നടന്നാല്‍ നിയമ നടപടി നടത്താം. ( ഉദാഹരണത്തിന്‌ കാപ്പിലാന്‌ അമേരിക്കയില്‍ അവിടുത്തെ നിയമം അനുസരിച്ച്‌ കേസ്‌ നടത്താം ) പക്ഷെ ഇവിടെ ഇന്‍ഡ്യന്‍ Copyright നിയമമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. മലയാളബ്ലോഗര്‍മാരുടെ പകര്‍പ്പവകാശ ലംഘനം ഇന്‍ഡ്യയില്‍ നടക്കാനാണ്‌ കൂടുതല്‍ സാധ്യത.

നിയമലേഖനമായതുകൊണ്ട്‌ പലവാക്കുകളും മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ ബോറായിതോന്നാം. ഈ പോസ്റ്റ്‌ വായിക്കാന്‍ അതീവ ബോറായി തോന്നാം.


ബൗദ്ധികസ്വത്ത്‌ (Intellectual Property)

പകര്‍പ്പവകാശം (copyright) ഒരു ബൗധികസ്വത്ത്‌ ആണ്‌. patent, trademark എന്നിവയും ഒരു ബൗദ്ധികസ്വത്ത്‌ ആണ്‌.

കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗം വ്യാപകമായതോടെ ബൗധിക സ്വത്തിന്റെ വ്യാപ്തി പതിന്മടങ്ങ്‌ വര്‍ധിച്ചു. ഒരു കണ്ടുപിടിത്തത്തിന്റെയോ, ഒരു സൃഷ്ടിയുടെയോ, വ്യാവസായികമായ സല്‍പ്പേരിന്റെയോ, goodwill ന്റെയോ ബന്ധപ്പെട്ടുകിടക്കുന്ന നിയമപരമായ അവകാശങ്ങളാണ്‌ ബൗധികസ്വത്ത്‌ നിയമം സംരക്ഷിക്കുന്നത്‌.

ബൗദ്ധികസ്വത്തിന്‌ ആത്യന്തികമായി ഒരു സാമ്പത്തിക സ്വഭാവമാണുള്ളത്‌. ഒരു ബൗദ്ധികസ്വത്തിന്റെ ഉടമയ്ക്‌ ഈ അവകാശം മൂലം കിട്ടുന്നത്‌ തന്റെ സൃഷ്ടി മറ്റൊരാള്‍ ദുരുപയോഗം ചെയ്യുന്നതില്‍നിന്ന്‌ എത്ര മാത്രം തടയാം എന്നതാണ്‌.

പകര്‍പ്പവകാശനിയമം (Copyright Act)
1957-ല്‍ ആണ്‌ ഇന്‍ഡ്യന്‍ പകര്‍പ്പവകാശനിയമം ഉണ്ടായത്‌. ആ നിയമത്തില്‍ പകര്‍പ്പവകാശം കൊടുത്തിരുന്നത്‌ സാഹിത്യം,സംഗീതം, നാടകം അല്ലെങ്കില്‍ കലാപരം ഇവയുമായി ബന്ധപ്പെട്ട തനതായ സൃഷ്ടികള്‍ക്ക്‌ ആയിരുന്നു. പിന്നീട്‌ സാങ്കേതിക വളര്‍ച്ച പുതിയ തരത്തിലുള്ള ആശയങ്ങള്‍ക്ക്‌ വഴിവച്ചപ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍, കമ്പ്യൂട്ടര്‍ ഡാറ്റാ ബേസ്‌, കമ്പ്യൂട്ടര്‍ സ്ക്രീന്‍ ലേ ഔട്ട്‌, ഇന്റര്‍നെറ്റിലുള്ള വിവിധതരം സൃഷ്ടികള്‍ എന്നിവയ്ക്ക്‌ പകര്‍വകാശ സംരക്ഷണം ആവശ്യമായി വന്നു.

എന്താണ്‌ പകര്‍പ്പവകാശം.

ഒരു പ്രത്യേക തരത്തിലുള്ള സാഹിത്യപരമോ,നാടകപരമോ, അല്ലെങ്കില്‍ കലാപരമോ ആയ സൃഷ്ടിയുടെ സൃഷ്ടാവിന്‌ കിട്ടുന്ന സ്വത്തവകാശത്തെയാണ്‌ പകര്‍പ്പവകാശം എന്ന് പറയുന്നത്‌. ഇതില്‍ പുസ്തകങ്ങള്‍, റക്കോര്‍ഡുകള്‍, ഫിലിം, പെയ്ന്റിംഗ്‌, ഫോട്ടോ, ആര്‍ക്കിട്ടെകറ്റ്‌ പ്ലാന്‍, മെനു, മ്യൂസിക്‌ വീഡിയോ, തിരക്കഥ, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

പകര്‍പ്പവകാശം ഒരാള്‍ക്ക്‌ ലഭിക്കുന്നത്‌ അയാളുടെ ബുദ്ധിപരമായ/ഭാവനാപരമായ പ്രക്രിയയിലൂടെയാണ്‌. ഒരാള്‍ക്ക്‌ പകര്‍പ്പവകാശം ലഭിക്കാന്‍ അയാളുടെ സൃഷ്ടി തനതായിരിക്കുകയും (original) താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെടുകയും വേണം.

1. സാഹിത്യസൃഷ്ടി 2. സംഗീതസൃഷ്ടി 3. നാടകസൃഷ്ടി 4. കലാസൃഷ്ടി. 5. സിനിമോട്ടോഗ്രാഫ്‌ ഫിലിം 6. സൗണ്ട്‌ റെകോര്‍ഡിംഗ്‌.


പകര്‍പ്പവകാശം സരക്ഷിക്കുന്നത്‌ ഒരു ആശയത്തിന്റെ പ്രകാശനത്തിനെയാണ്‌ (expression of ideas). ഒരു ആശയം ഏതെങ്കിലും തരത്തില്‍ പ്രകാശിപ്പിക്കാതെ വെറും ആശയത്തിന്‌ മാത്രമായി ഒരിക്കലും പകര്‍പ്പവകാശം ലഭിക്കുകയില്ല. ഒരു സൃഷ്ടിയാണ്‌ പകര്‍പ്പവകാശത്തിലൂടെ സരക്ഷിക്കപ്പെടുന്നത്‌ അല്ലാതെ ആശയമല്ല. അതുകൊണ്ടുതന്നെ ഒരു സൃഷ്ടിയില്‍നിന്ന് ആശയം മാത്രമെടുത്താല്‍ പകര്‍പ്പവകാശലംഘനമാവുന്നില്ല. ഉദാഹരണത്തിന്‌ ടി.കെ. സുജിത്തിന്റെ കാര്‍ട്ടൂണില്‍ നിന്ന് ആശയമെടുത്ത്‌ വേറെ ആരെങ്കിലും കാര്‍ട്ടൂണ്‍ വരച്ചാല്‍ പകര്‍പ്പവകാശലംഘനമാവുന്നില്ല. പകര്‍പ്പവകാശത്തിന്റെ ഉടമസ്ഥന്‌ കിട്ടുന്ന വിവിധ അവകാശങ്ങളില്‍ തന്റെസൃഷ്ടി പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ള അവകാശം, മറ്റുള്ളവര്‍ അനധികൃതമായി സൃഷ്ടി പകര്‍ത്താതിരിക്കാനുള്ള അവകാശം, സൃഷ്ടി വിതരണം ചെയ്യാനുള്ള അവകാശം തുടങ്ങിയവ ഉള്‍പ്പെടുന്നു.

പകര്‍പ്പവകാശഉടമസ്ഥന്‌ തന്റെ സൃഷ്ടി പുനര്‍നിര്‍മിക്കാനും വിതരണം ചെയ്യാനും, അനുബന്ധ സൃഷ്ടികളുണ്ടാക്കുവാനും അവതരിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനും അധികാരമുണ്ട്‌.

കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും

1999 ലെ നിയമഭേദഗതിയിലൂടെയാണ്‌ ഇന്‍ഡ്യന്‍ പകര്‍പ്പവകാശനിയമത്തില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും പകര്‍പ്പവകാശനിയമത്തിന്റെ സംരക്ഷണത്തില്‍ വരുന്നത്‌. ഈ ഭേദഗതിയിലൂടെ സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും സാഹിത്യസൃഷ്ടി (literary work) ആണ്‌.

സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും കൂടാതെ ഡാറ്റാ ബേസും പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നു.

ഇവിടെ ബ്ലോഗുമായി ബന്ധപ്പെട്ട പകര്‍പ്പവകാശത്തെക്കുറിച്ച്‌ മാത്രം പറയുന്നതുകൊണ്ട്‌ സോഫ്റ്റ്വെയറും പ്രോഗ്രാമുകളും എങ്ങനെ എത്രമാത്രം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നു എന്ന് വിവരിക്കുന്നില്ല.

പകര്‍പ്പവകാശവും ഇന്റര്‍നെറ്റും
ഇന്റര്‍നെറ്റിലുണ്ടാവുന്ന ബൗദ്ധിക അവകാശങ്ങള്‍ സംരക്ഷിക്കല്‍ ആകെ ഒരു കൊഴമറി കേസാണ്‌.

ഒരു സൃഷ്ടി ഏറ്റവും എളുപ്പത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ഇന്റര്‍നെറ്റിന്‌ കഴിയുന്നു. പരമ്പരാഗതമായ പ്രസിദ്ധീകരണം എന്നത്‌ ഇന്റര്‍നെറ്റ്‌ പൊളിച്ചടുക്കി.കൂടുതല്‍ ആളുകളിലേക്ക്‌ എത്തുന്നതുകൊണ്ടു തന്നെ ഒരു സൃഷ്ടിയുടെ പകര്‍പ്പ്‌ എടുക്കല്‍ വളരെ എളുപ്പത്തില്‍ സാധിക്കുകയും നിലനില്‍ക്കുന്ന പകര്‍പ്പവകാശനിയമം ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ പലപരിമിതികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകവ്യാപകമായ കണക്റ്റിവിറ്റി ഉള്ളതുകൊണ്ട്‌ പകര്‍പ്പവകാശലംഘനം നടന്നാല്‍ അത്‌ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ പ്രയാസം കൂടുന്നു.

ആദ്യം പറഞ്ഞതുപോലെ ഒരു സൃഷ്ടിയുടെ ഉടമസ്ഥനുകിട്ടുന്ന വിവിധതരം അവകാശങ്ങളെല്ലാം ഒരു content ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുമ്പോഴും, ട്രാന്‍സ്‌മിറ്റ്‌ ചെയ്യുമ്പോഴും, ഉപയോഗിക്കുമ്പോഴും കിട്ടുന്നുണ്ട്‌. ആ പ്രക്രിയയില്‍ ഈ അവകാശങ്ങളുടെ ലംഘനം നടക്കുമ്പോഴാണ്‌ കാര്യങ്ങള്‍ കുഴപ്പമാവുന്നത്‌.

ഉദാഹരണത്തിന്‌ നമ്മള്‍ ഒരു വെബ്‌സൈറ്റ്‌ തുറന്നിട്ട്‌ പിന്നീട്‌ നോക്കാം എന്ന് കരുതി ചിലത്‌ കോപ്പി ചെയ്ത്‌ സൂക്ഷിക്കുന്നു. സംഗതി കട്ടപ്പൊക. caching എന്ന പരിപാടിയും കുഴപ്പമാണ്‌. അല്ലെങ്കില്‍ നമ്മള്‍ ബ്ലോഗില്‍ പോസ്റ്റിടുമ്പോള്‍ കമന്റ്‌ എഴുതുമ്പോള്‍ ഒരു ലിങ്ക്‌ കൊടുക്കുന്നു (surface linking, deep linking) . അല്ലെങ്കില്‍ വേറൊരു സൈറ്റിന്റെ framing നടത്തുന്നു. നമ്മുടെ ബ്ലോഗില്‍ ഒരു ലിങ്കില്‍ ഞെക്കുമ്പോള്‍ വേറൊരു ബ്ലോഗോ സൈറ്റോ ഒരു ചെറിയ ഫ്രേമില്‍ നമ്മുടെ ബ്ലോഗില്‍ തന്നെ തുറക്കുന്നു. ഇതെല്ലാം കുഴപ്പമാണ്‌ അതിന്റെ ഉടമസ്ഥന്റെ സമ്മതമില്ലെങ്കില്‍.

വേറൊരു സൈറ്റില്‍ നിന്ന് ഫോട്ടോ കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗില്‍ ഇട്ടാല്‍ ? തീര്‍ന്നു. ഫോട്ടോക്ക്‌ ലിങ്ക്‌ കൊടുത്താലും മതി കുഴപ്പമുണ്ടാവാന്‍. കൈപ്പള്ളിയുടെ ബ്ലോഗിലെ ഫോട്ടോ മറ്റവന്‍ പ്രദര്‍ശിപ്പിച്ചത്‌ നഗ്നമായ പകര്‍പ്പവകാശലംഘനമാണ്‌. പിന്നീട്‌ അത്‌ മാറ്റി ലിങ്ക്‌ കൊടുത്തപ്പോഴും ലംഘനം ലംഘനം മാത്രം.

ചുരുക്കിപറഞ്ഞാല്‍ ഏതാണ്ട്‌ എല്ലാ ബ്ലോഗര്‍മാരുടെയും പകര്‍പ്പവകാശം ലംഘിക്കപ്പെടുന്നുണ്ട്‌ കുറച്ചു ബ്ലോഗര്‍മാര്‍ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്തൊക്കെയാണ്‌ ഒരു ബ്ലോഗറുടെ പകര്‍പ്പവകാശങ്ങള്‍, എന്താണ്‌ പകര്‍പ്പവകാശലംഘനമുണ്ടായാലുള്ള പോവഴികള്‍, അല്ലെങ്കില്‍ എങ്ങനെ തലയൂരാം, ബ്ലോഗിലെ സൃഷ്ടികള്‍ക്ക്‌ എങ്ങനെ ശരിക്കുമുള്ള പകര്‍പ്പവകാശം സ്ഥാപിച്ചെടുക്കാം. എന്നിവയെ പറ്റി അടുത്ത ലക്കത്തില്‍

18 comments:

un said...

ലിങ്ക് കൊടുക്കുന്നത് പകര്‍പ്പവകാശ നിയമ ലംഘനമാണോ? കൂടുതല്‍ വിശദീകരിക്കാമോ?

ആഷ | Asha said...

അയ്യോ ലിങ്ക് കൊടുക്കുന്നതും പകര്‍പ്പവകാശലംഘനമാണോ?
അങ്ങനെയെങ്കില്‍ ഞാന്‍ പകര്‍പ്പവകാശലംഘനം പലപ്രാവശ്യം നടത്തീട്ടുണ്ട്.

All rights reserved എന്നു ചുമ്മാ എഴുതി വെച്ചാല്‍ മതിയോ പകര്‍പ്പവകാശത്തിന്?
അതിനോ ഇതിനോ(Creative Commons Attribution-Noncommercial-No Derivative Works 2.5 India License. ) കൂടുതല്‍ അവകാശം?

എനിക്ക് ഇതിനെ കുറിച്ച് ഇപ്പഴും വ്യക്തമായ ഒരു ഐഡിയയും ഇല്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ആഷ | Asha said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല ലേഖനം. ലിങ്ക് കൊടുക്കുന്നത് പകര്‍പ്പവകാശ ലംഘനം ആണെന്ന് പുതിയ അറിവാണ്.

വെള്ളെഴുത്ത് said...

നന്നായി. ഇങ്ങനെ ചിലതറിയാന്‍ കാത്തിരിക്കുകയായിരുന്നു. നമ്മുടേതാരെങ്കിലും പകര്‍ത്തെടുത്തോ എന്നു മാത്രമാണു നമ്മുടെ ഉത്കണ്ഠ നമ്മളെന്തെങ്കിലും പകര്‍ത്തിയോ എന്ന് ആരും ആലോചിക്കുകയുമില്ല.

ശ്രീ said...

ലിങ്ക് കൊടുക്കുന്നതു പോലും കുറ്റമാണല്ലേ?

നല്ല ലേഖനം മാഷേ... വളരെ വിജ്ഞാനപ്രദമായി.
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ലേഖനം. ബാക്കി പറയൂ

N.J Joju said...

ഗൂഗിള്‍ അല്ലെങ്കില്‍ അതുപോലെയുള്ള സ്വകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന സേവനം എന്ന നിലയില്‍ ബ്ലോഗിന്റെ പകര്‍പ്പവകാശം ഗൂ‍ഗിളിനാനോ അതോ എഴുതുന്ന വ്യക്തികള്‍ക്കാണോ?

Sethunath UN said...

ദൈവ‌മേ ഞാന്‍ പക‌ര്‍പ്പവകാശ‌ല‌ംഘക‌നാണ‌ല്ലോ? :((
വ‌ള‌രെ ന‌ന്നായി ഇങ്ങനൊരു ലേഖ‌ന‌ം.

G.MANU said...

മാഷേ നന്നായി

സാധാരണക്കാരനു നിയമങ്ങളെപറ്റി ലളിതമായി പറഞ്ഞുകൊടുക്കുന്ന പോസ്റ്റുകള്‍ ഇനിയും വരട്ടെ

(അതിനായി പുതിയൊരു ബ്ലോഗ് തുടങ്ങാമെങ്കില്‍ സൌകര്യമായിരുന്നു)

യാരിദ്‌|~|Yarid said...

കോപ്പി റൈറ്റ് എന്നുള്ളതു കോപ്പി ലെഫ്റ്റ് എന്നാക്കേണ്ട സമയം അതിക്രമിച്ഛിരിക്കുന്നു. അറിവു പങ്കു വെക്കാനുള്ളതാ‍ണെന്നും അതു കുത്തകയാക്കി വെക്കേണതല്ല എന്നുള്ള ചിന്ത കൂടി വരട്ടെ എല്ലാവറ്‌ക്കും.!!!!

http://swatantran.blogspot.com/2008/02/blog-post.html
ഇതു കൂടി ചേറ്‌ത്തു വായിക്കണം.

നിലാവര്‍ നിസ said...

ഉം.. പുതിയ അറിവുകള്‍..

അങ്കിള്‍ said...

vadavosky,
---------------------------------
പകര്‍പ്പവകാശം ലഭിക്കാന്‍ അയാളുടെ സൃഷ്ടി തനതായിരിക്കുകയും (original) താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെടുകയും വേണം.

1. സാഹിത്യസൃഷ്ടി 2. സംഗീതസൃഷ്ടി 3. നാടകസൃഷ്ടി 4. കലാസൃഷ്ടി. 5. സിനിമോട്ടോഗ്രാഫ്‌ ഫിലിം 6. സൗണ്ട്‌ റെകോര്‍ഡിംഗ്‌
---------------------------------

താങ്കളുടെ ഈ പോസ്റ്റ് ഒരു സാഹിത്യ സൃഷ്ടിയാണോ? അല്ലെങ്കില്‍ ഈ പോസ്റ്റ് അതേപടി കോപി ചെയ്താല്‍ പകര്‍പ്പവകാശ ലംഘന മാകില്ലല്ലോ?

പിന്നെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?. നാം വായിക്കുന്ന ഓരോ പോസ്റ്റും അതിന്റെ യതാര്‍ത്ഥ സ്ഥാനത്തുനിന്നും (അതായത്‌ ബ്ലോഗര്‍ ഓരോരുത്തര്‍ക്കും അലോട്ട്‌ ചെയ്ത സ്ഥലത്ത്‌) പകര്‍പ്പെടുത്ത്‌ നമ്മുടെ സ്ക്രീനിലോട്ട്‌ പുഷ്‌ ചെയ്തു തരുന്നുവെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്‌. അങ്ങനെയെങ്കില്‍ നാം എപ്പോഴും പകര്‍പ്പവകാശ ലംഘനം നടത്തിയല്ലേ പോസ്റ്റുകല്‍ വായന തുടരുന്നത്‌. എവിടെയാണ് പരാതി നല്‍കേണ്ടത്‌?

A Cunning Linguist said...

ലേഖനം കൊള്ളാം..... പക്ഷെ പകര്‍പ്പവകാശത്തിന് ഞാനെതിരാണ്.... വഴി പോക്കന്‍ എല്ലാം പറഞ്ഞു കഴിഞ്ഞു...

കാപ്പിലാന്‍ said...

നന്നായി ഈ ലേഖനം..എനിക്കും വേണം കുടികിടപ്പവകാശം ..

നിരക്ഷരൻ said...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് തന്നതിന് നന്ദി.

Roby said...

പൈറസി സിന്ദാബാദ്..:)

ലേഖനം കൊള്ളാം കേട്ടോ. ബാക്കി കൂടി എഴുതൂ. കക്കാന്‍ പഠിച്ചാല്‍ നിക്കാനും പഠിക്കണമല്ലോ..:)

ശ്രീവല്ലഭന്‍. said...

വടവോസ്കി,

നല്ല വിജ്ഞാനപ്രദമായ ലേഖനം.
ദിവസവും ലിങ്ക് കൊടുത്തു കുറ്റം ചെയ്യുന്നോ എന്നൊരു ബോധം! അങ്ങനെ കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികം ആയിരിക്കുമെന്ന് ആരോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അതങ്ങു മാറ്റി വച്ചു. അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു.

പല മേഖലകളിലും പകര്‍പ്പവകാശ നിയമം കൊണ്ട് സയന്‍സിന്റെ പ്രയോജനം സാധാരണക്കാരില്‍ എത്തിക്കാന്‍ കഴിയാറില്ലെന്നു മാത്രമല്ല അവരെ കു‌ടുതല്‍ ദരിദ്രരാക്കാനും ഈ നിയമം ഉപയോഗിക്കുന്നു.