Sunday, March 2, 2008

ബ്ലോഗും പകര്‍പ്പവകാശവും- രണ്ടാം ഭാഗം

കഴിഞ്ഞ ലക്കത്തില്‍ ചില നിയമവാക്കുകള്‍ മലയാളത്തില്‍ എഴുതിയതുകൊണ്ട്‌ ആശയപ്രകടനം നടന്നോ എന്ന സംശയം ഉള്ളതുകൊണ്ട്‌ ഇംഗ്ലീഷിലും ആ വാക്കുകള്‍ കൊടുക്കുന്നു. ചില സംശയങ്ങള്‍ ഈ പോസ്റ്റിലൂടെ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

മര്‍മ്മം പഠിച്ചവന്‌ പശുവിനെ തല്ലാന്‍ പറ്റിയില്ല എന്ന കഥ പോലെയാണ്‌. കോപ്പിറൈറ്റിനെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞാല്‍ ആകെ കുഴയും. പക്ഷെ ഇതിനെപ്പറ്റി അറിയുന്നത്‌ പിന്നീട്‌ കുഴപ്പത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ സഹായിക്കും എന്നെനിക്കു തോന്നുന്നു.


ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമപ്രകാരം പകര്‍പ്പവകാശം കിട്ടുന്നത്‌ താഴെ പറയുന്നവയ്കാണ്‌.:-

1. literary work 2. music works 3. dramatic works 4. artistic works 5. cinemotograph films 6. sound recordings..

ഈ ലേഖനം litrary work ആയി കണക്കാക്കുന്നു.എഴുതി പ്രസിദ്ധീകരിക്കുന്ന എന്തും literary work ആവാം. നിയമത്തില്‍ വാക്കുകള്‍ക്ക്‌ സധാരണ ഉപയോഗിക്കുന്ന അര്‍ത്ഥം മാത്രം ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെയാണ്‌ പകര്‍പ്പവകാശനിയമത്തിന്റെ 1999 ലെ ഭേദഗതിയില്‍ computer software, coputer programme എന്നിവ literary work ആയി കണക്കാക്കപ്പെടുന്നത്‌. coputer software ആദ്യന്തികമായി എഴുത്ത്‌ ആണ്‌ എന്ന് പരിഗണിച്ച്‌ പല രാജ്യങ്ങളിലെയും പകര്‍പ്പവകാശനിയമങ്ങളില്‍ coputer software, database എന്നിവ literary work ആയി കാണുന്നു.

ഇന്റര്‍നെറ്റിലെ വിതരണാവകാശം. (Right of Distribution on the Internet)

ഒരു പകര്‍പ്പവകാശ ഉടമസ്ഥന്‌ (owner of copyright)) തന്റെ സൃഷ്ടിയുടെ കോപ്പികള്‍ പൊതുജനങ്ങള്‍ക്ക്‌ വിതരണം (distribution)ചെയ്യാനുള്ള പൂര്‍ണ്ണ അധികാരം പകര്‍പ്പവകാശനിയമം നല്‍കുന്നു. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടിയുടെ കോപ്പികള്‍ അനുവാദമില്ലാതെ മറ്റൊരാള്‍ വിതരണം ചെയ്യുന്നത്‌ പകര്‍പ്പവകാശ ലംഘനം ആകുന്നു. ഇത്‌ ഇന്റര്‍നെറ്റിലും അല്ലാതെയും ആവാം. ബ്ലോഗില്‍ കഥയെഴുതുന്ന ഒരു ബ്ലോഗര്‍ക്ക്‌ അത്‌ പുസ്തകമാക്കി വിതരണം ചെയ്യാനുള്ള അവകാശം ഉണ്ട്‌. ഇതില്ലെങ്കില്‍ ആര്‍ക്കും അതെടുത്ത്‌ പുസ്തകമാക്കാം.

പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ തന്നെ വിതരണാവകാശം സ്ഥാപിക്കപ്പെടുന്നു.

ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശലംഘനം ഉണ്ടാവുന്നത്‌ ഈ വിതരണാവകാശം കോപ്പിറൈറ്റ്‌ ഉടമസ്ഥനില്‍ നിന്ന് താഴെപറയുന്ന വിധം തട്ടിയെടുക്കുമ്പോഴാണ്‌.

1. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി മറ്റ്‌ നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ ഇമെയില്‍ വഴി വിതരണം ചെയ്യുക

2. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി പ്രിന്റൗട്ട്‌ എടുത്ത്‌ പൊതുജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുക.

3. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഒരു വെബ്‌ പേജില്‍ display ചെയ്യുക.

മൂന്നാമതുപറഞ്ഞതില്‍ വിതരണം നടക്കുന്നത്‌ മറ്റ്‌ രീതിയിലല്ല്ല. ഒരു സൃഷ്ടി ഇന്റര്‍നെറ്റില്‍ display ചെയ്തിരിക്കുമ്പോള്‍ തന്നെ അത്‌ പൊതുവായി distribute ചെയ്തിരിക്കുകയാണല്ലോ.( ഇന്റര്‍നെറ്റില്‍ distribution, display എന്ന രണ്ടു സംജ്ഞകള്‍ക്ക്‌ പ്രത്യേക അര്‍ഥം കാണാന്‍ കഴിയില്ല).

ഇന്റര്‍നെറ്റിലെ പൊതുപ്രദര്‍ശനവും അവതരണവും. ( Public display and public performance on the internet)
ഇന്റര്‍നെറ്റില്‍ public performance ന്‌ പരിമിതികള്‍ ഉള്ളതുകൊണ്ട്‌ public display യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ ഉണ്ടാവുന്നത്‌. പകര്‍പ്പവകാശനിയമത്തിലെ 14-ാ‍ം വകുപ്പനുസരിച്ച്‌ പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടിയുടെ അവതരണം പകര്‍പ്പവകാശലംഘനമാണ്‌.

ഒരു ബ്ലോഗിലുള്ള പോസ്റ്റ്‌ ആ ബ്ലോഗറുടെ അനുവാദമില്ലാതെ വേറൊരു ബ്ലോഗര്‍ തന്റെ ബ്ലോഗിലിടുന്നതും, ഇന്റര്‍നെറ്റിലല്ലാതെ വിതരണം മറ്റ്‌ രീതിയില്‍ ചെയ്യുന്നതും പകര്‍പ്പവകാശലംഘനമാണ്‌.ഉദാഹരണത്തിന്‌ ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലെ പോസ്റ്റുകള്‍ ആരെങ്കിലും പുസ്തകമാക്കുന്നു എന്ന് കരുതുക. ജി. മനു എന്ന ബ്ലോഗറുടെ ബൗദ്ധികസ്വത്താണ്‌ നഷ്ടപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ സോഫ്റ്റ്‌വെയര്‍ അല്ലാത്ത literay work ന്‌ കോപ്പിറൈറ്റ്‌ കൂടിയേ മതിയാവു. (attn. വഴിപോക്കന്‍)

ലിങ്കിംഗ്‌ പകര്‍പ്പവകാശലംഘനമാണോ

രണ്ടുതരം ലിങ്കിംഗ്‌ ആണുള്ളത്‌. 1. Surface linking 2. Deep linking.

surface linking ല്‍ മറ്റൊരു വെബ്‌ സൈറ്റിന്റെ ഹോം പേജ്‌ ആണ്‌ ലിങ്ക്‌ ചെയ്യുന്നത്‌. Deeplinking ല്‍ ഒരു പടികൂടി കടന്ന് മറ്റൊരു സൈറ്റിന്റെ ഏതെങ്കിലും ഉള്‍പേജുകളായിരിക്കും ലിങ്ക്‌ ചെയ്യുന്നത്‌.

surface linking ല്‍ കോപ്പിറൈറ്റ്‌ ലംഘനം ഉണ്ടാകുകയില്ല. കാരണം ലിങ്ക്‌ കൊടുക്കുന്ന ആള്‍ മറ്റൊരു സൈറ്റിന്റെ ഹോം പേജിലേക്ക്‌ മാത്രമേ ലിങ്ക്‌ കൊടുക്കുന്നുള്ളു. മറിച്ച്‌ deep linking ല്‍ ലിങ്ക്‌ ചെയ്യപ്പെടുന്ന സൈറ്റില്‍ പകര്‍പ്പവകാശമുള്ള ഏതെങ്കിലും സൃഷ്ടികള്‍ ഉണ്ടെങ്കില്‍ പകര്‍പ്പവകാശലംഘനം ഉണ്ടാവാന്‍ സാധ്യത താഴെ പറയുന്ന സാഹചര്യങ്ങളിലായിരിക്കും :-

1. പുനര്‍നിര്‍മാണ അവകാശം. ( Reproduction right)

ആദ്യം പറഞ്ഞതുപോലെ പകര്‍പ്പവകാശ ഉടമസ്ഥന്‌ തന്റെ സൃഷ്ടിയുടെ കോപ്പി ഉണ്ടാക്കാന്‍ അവകാശം ഉണ്ട്‌. മറ്റൊരാള്‍ ലിങ്ക്‌ കൊടുക്കുന്നതിലൂടെ ആ സൃഷ്ടിയുടെ കോപ്പി ഉണ്ടാക്കപ്പെടുന്നു അതുവഴി ആ അവകാശം ലംഘിക്കപ്പെടുന്നു.
ഇതെല്ലാം എവിടെ നടക്കും എന്ന് അത്ഭുതപ്പെടണ്ട. അമേരിക്കയില്‍ അങ്ങനെ കേസുകളുണ്ട്‌ ( Shetland Times Ltd. V. Wills).

2. വിതരണാവകാശം. (Distribution rights).

ലിങ്ക്‌ കൊടുക്കുമ്പോള്‍ വേറൊരു സൈറ്റിലേക്കുള്ള അനധികൃത പ്രവേശനം നടക്കുകയും അവിടെയുള്ള കോപ്പിറൈറ്റുള്ള സൃഷ്ടിയുടെ വിതരണാവകാശം ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ലിങ്ക്‌ തുറക്കുന്ന ആളല്ല കുഴിയില്‍ വീഴുന്നത്‌ മറിച്ച്‌ ലിങ്ക്‌ കൊടുക്കുന്ന ആളാണ്‌.
ഇതിനും അമേരിക്കയില്‍ കേസുണ്ടായി ( Leslie A. V. Arriba Sifat Corpn.)

ഇതാണ്‌ നിയമവശം.ഇതൊന്നും ബ്ലോഗില്‍ നടക്കില്ല എന്ന് കരുതണ്ട. ബ്ലോഗില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ പല പല തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരം കേസുകളുണ്ടാവാം. മലയാള ബ്ലോഗിലെ കേസ്‌ ഏതായാലും ഒതുങ്ങിപ്പോയി.

എന്തായാലും ലിങ്ക്‌ കൊടുക്കുന്നതു വഴി reproduction right ന്റെ ലംഘനം നടക്കാന്‍ സാധ്യത കുറവാണ്‌. പക്ഷെ display right ന്റെ ലംഘനം നടക്കാന്‍ സാധ്യത വളരെക്കൂടുതലാണ്‌.

പകര്‍പ്പവകാശലംഘനം ഉണ്ടായാല്‍ ഒരു ബ്ലോഗര്‍ക്ക്‌ എന്തെല്ലാം നിയമനടപടികള്‍ എടുക്കാം, N.J. ജോജു ചോദിച്ചതുപോലെ ബ്ലോഗിലെ പോസ്റ്റെല്ലാം ഗൂഗിളിന്റെ സ്വന്തമാല്ലെങ്കില്‍ എഴുതുന്ന ആളുടേതാണോ ( It is an intelligent question. I appreciate his legal mind), പകര്‍പ്പവകാശം കിട്ടാന്‍ നമ്മുടെ ബ്ലോഗില്‍ എന്ത്‌ എഴുതി വയ്ക്കണം, തുടങ്ങിയവ അടുത്ത ലക്കത്തില്‍.

8 comments:

vadavosky said...

കോപ്പിറൈറ്റിനെക്കുറിച്ചുള്ള പോസ്റ്റിന്റെ രണ്ടാമത്തെ ലക്കം. കഴിഞ്ഞ പോസ്റ്റിലെ ചില സംശയങ്ങള്‍ക്ക്‌ മറുപടി ഇതിലുണ്ടെന്ന് കരുതുന്നു. ഇനിയും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു

SunilKumar Elamkulam Muthukurussi said...

ചെല സംശയങ്ങള്‍::
ഇന്റെര്‍നെറ്റിന്റെ/ബ്ലോഗിന്റെ ഒരു ആശയമാണ് ((വെബ് 2.0)) ഇന്റെര്‍ ആക്റ്റിവിറ്റി. ഹൈപ്പര്‍ ലിങ്കിങ് അതിനൊരു വഴിയുമാണ്. അപ്പോള്‍ തന്നെ ലിങ്കിങ് പകര്‍പ്പവകാശ ലംഘനമാണോ എന്നു ബലമായ സംശയം.
പിന്നെ, ആര്‍.എസ്. എസ്; ആറ്റം ഫീഡുകള്‍ സൌകര്യം ഇപ്പോള്‍ എല്ലാ ബ്ലോഗുകളിലും മിക്കവാറും സൈറ്റുകളിലും കാണുന്നുണ്ട്‌. അപ്പോ അതിന്റെ വരിക്കാരായാല്‍? പലതും അത്തരം സൈറ്റുകള്‍ല് ബ്ലോഗുകള്‍ സന്ദര്‍ശിക്കാതെ തന്നെ നമ്മുടെ കമ്പ്യൂട്ടറില്‍ ഫീഡ് റീഡറുകള്‍ വഴി എത്തുന്നു!
പിന്നെ, ഫീഡ് ബര്‍ണര്‍, ബ്ലോഗ് ലൈന്‍സ് തുടങ്ങിയവ?
-സു-

ശ്രീവല്ലഭന്‍. said...

വടവോസ്കി,
ഇതു വളരെ വ്യക്തമായ ലേഖനം ആണ്. തുടരുക. ആശംസകള്‍!
പല ആല്‍ബങ്ങളും, പാട്ടുകളും സിനിമകളും ഇപ്പോള്‍ വെബ്സൈറ്റുകളില്‍ ഫ്രീ ആയി കാണാന്‍ സാധിക്കുന്നു (വളരെ വളരെ നല്ല കാര്യം :-)) . അതൊക്കെ എന്ത് കൊണ്ടു കേസാകുന്നില്ല? ഉടമസ്ഥര്‍ ചോദ്യം ചെയ്യാത്തത് കൊണ്ടാണോ?

ഗുപ്തന്‍ said...

വായിക്കുന്നുണ്ട്
വളരെ ഉപകാരപ്രദമാ‍യ ലേഖനം.

ശ്രീ said...

തുടരട്ടെ മാഷേ... വളരെ മികച്ച, ഉപകാരപ്രദമായ ലേഖനം.
:)

യാരിദ്‌|~|Yarid said...

വൊഡോവിസ്കി മാഷിനു. നന്ദിയുണ്ട് ഇത്തരത്തിലുള്ള ഒരു പോസ്റ്റിട്ടതിന്‍

ചില എതിരഭിപ്രായങ്ങളിട്ടൊട്ടെ ..

കോപ്പിറൈറ്റുകള്‍ ആത്യന്തികമായി ഒരു അടിമത്ത മനോഭാവമാണ്‍ സൃഷ്ടിക്കുന്നത്. ഞാന്‍ പറഞ്ഞു വരുന്നത് സോഫ്റ്റ് വെയറുകളുടെ കോപ്പിറൈറ്റുകളെ ക്കുറിച്ചാണ്‍. ഞാന്‍ പണം കൊടുത്തു വാങ്ങുന്ന സോഫ്റ്റ്വെയറ് എന്തു ചെയ്യണം എന്തു ചെയ്യണ്ട എന്നു തീരുമാനിക്കേണ്ടതു ഞാന്‍ തന്നെയാണ്‍. താങ്കളു ശ്യാം എഴുതിയ ലേഖനം ശരിക്കും വായിച്ചില്ല എന്നു ഞാന്‍ കരുതട്ടെ.. താങ്കള്‍ക്കു വേണ്ടി ഞാനാ പോസ്റ്റ് അതു പോലെ തന്നെ ഇവിടെ കോപ്പി ചെയ്യുന്നു. ഇവിടെ ആ പോസ്റ്റ് ഞാന്‍ കോപ്പി ചെയ്യ്തു വക്കുന്നതു കൊണ്ട് തന്നെ എനിക്കെതിരെ കോപ്പി റൈറ്റ് നിയമപ്രകാരം കേസെടുക്കാനും കഴിയില്ല. കാരണം ആ ഒരു വറ്‌ക്കു കോപ്പി ലെഫ്റ്റ് എന്ന ആശയത്തിനു കീഴിലാണപ്രസിദ്ദികരിച്ഛിരികുന്നത്..


“ഗ്നു പേജുകളുടെ വിവര്‍ത്തന ശ്രമത്തിന്റെ ഭാഗമായി, softwares should not have owners എന്ന പേജിന്റെ വിവര്‍ത്തനം താഴെ കൊടുക്കുന്നു.
ഇംഗ്ലീഷിലുള്ള ലേഖനം ഇവിടെ


വിവര ശേഖരം വളരെ എളുപ്പം പകര്‍ത്താനുള്ള വലിയ സൌകര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലോകത്തിനായി കാഴ്ചവെച്ചു.കമ്പ്യൂട്ടറുകള്‍ നമുക്കായി ഇതെപ്പോഴും ചെയ്തു തരുന്നു.
പക്ഷെ എല്ലാവര്‍ക്കും അത് അത്ര എളുപ്പമാകണമെന്ന ആഗ്രഹമില്ല! പകര്‍പ്പവകാശ വ്യവസ്ഥ , കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് "ഉടമകളെ" ഉണ്ടാക്കി.എന്നാല്‍ ഉടമകളധികവും പ്രോഗ്രാമുകളുടെ ശരിയായ സാധ്യതകള്‍ പൊതുജനങ്ങളിലെത്താതിരിക്കാനാണ് ശ്രദ്ധിച്ചത് .നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ പകര്‍ത്താനും മാറ്റം വരുത്താനുമുള്ള ഏക അവകാശികളാകാനാണ് അവരുടെ ആഗ്രഹം

അച്ചടിയ്ക്കൊപ്പമാണ്(--ബഹുജനാടിസ്ഥാനത്തില്‍ പകര്‍‍പ്പെടുക്കാനുള്ള സാങ്കേതികവിദ്യ)പകര്‍പ്പവകാശ വ്യവസ്ഥയുടെ തുടക്കം.അച്ചടി എന്ന സാങ്കേതിക വിദ്യയ്ക്ക് യോജിച്ചതായിരുന്നു ആ പകര്‍പ്പവകാശ വ്യവസ്ഥ.എന്തെന്നാല്‍ അത് അച്ചടിയന്ത്രം കൊണ്ടുള്ള വലിയതോതിലുള്ള പകര്‍‍പ്പെടുപ്പിനെയാണ് നിയന്ത്രിച്ചത്.അത് വായനക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചില്ല. അച്ചടിയന്ത്രമൊന്നും കൈവശമില്ലാത്ത ഒരു സാധാരണ വായനക്കാരന് പേനയും മഷിയും വച്ച് പകര്‍‍പ്പെടുക്കാന്‍ ഒരു തടസ്സവുമുണ്ടായിരുന്നില്ല,അങ്ങനെ ചെയ്തവരെയാരേയും ശിക്ഷിച്ചിട്ടുമില്ല.

അച്ചടിയന്ത്രത്തേക്കാളും ഏറെ മികച്ചതാണ് ഇന്നത്തെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ. വിവരം ഡിജിറ്റല്‍ രൂപത്തിലായാല്‍ അത് വളരെ എളുപ്പത്തില്‍ പകര്‍‍പ്പെടുക്കാനും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കാനും സാധിക്കും. ഈ ഒരു സവിശേഷത തന്നെ പകര്‍പ്പവകാശം പോലൊരു വ്യവസ്ഥയ്ക്കു ചേരാത്തതാണ്. സോഫ്റ്റ്‍വെയര്‍ പകര്‍പ്പവകാശ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി കൂടുതല്‍ ക്രൂരവും നിഷ്ഠൂരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും ഇതുകൊണ്ടാണ്. "സോഫ്റ്റ്‍വെയര്‍ പ്രസാഥകരുടെ സംഘടന"(Software Publishers Association-SPA) സ്വീകരിച്ച നാല് മാര്‍ഗ്ഗങ്ങള്‍ നോക്കു:

൧) സ്വന്തം കൂട്ടുകാരനെ സഹായിക്കുന്നതിലും വലുതാണ് സോഫ്റ്റ്‍വെയര്‍ ഉടമയെ സന്തോഷിപ്പിയ്ക്കുന്നതെന്നും, ഉടമയെ അനുസരിയ്ക്കാതിരിയ്ക്കുന്നത് തെറ്റാണെന്നും ഉള്ള വമ്പന്‍ കുപ്രചാരണങ്ങള്‍

൨)സഹപ്രവര്‍ത്തകരെ കുറിച്ച് ഒറ്റികൊടുക്കാന്‍ ആള്‍ക്കാരേ ചട്ടം കെട്ടുക

൩)വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും റെയ്ഡുകള്‍(പോലീസ് സഹായത്തോടെ) നടത്തുക.അവിടത്തെ സാധാരണ ജനങ്ങള്‍ക്ക് ശിക്ഷകളില്‍ നിന്നും മറ്റും ഒഴിവാകാനായി "അനധികൃത" പകര്‍പ്പിന് അവര്‍ നിരപരാധികളാണെന്ന് തെളിയിക്കുകയും വേണ്ടിവരുന്നു.

൪) "അനധികൃത" പകര്‍പ്പ് നടത്തിയതിനല്ല,നടത്താനുള്ള സാധ്യത നീക്കാത്തിനും അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതതിനും മസാച്യുസെറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ടെക്നോളജി(MIT)യിലെ ഡേവിഡ് ലാമാക്കിയ(David LaMacchia)പോലുള്ളവരെ ശിക്ഷയ്ക്കുക(അതും SPA യുടെ നിര്‍‍ദ്ദേശാനുസരണം അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യുന്നു).കൂടാതെ അയാള്‍ പകര്‍‍പ്പെടുത്തതായി തെളിവൊന്നുമില്ലതാനും

ഈ നാല് രീതികള്‍ പണ്ടത്തെ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ചില മാര്‍ഗ്ഗങ്ങളോടാണ് സാദൃശ്ശ്യം തോന്നുന്നത്.സോവിയറ്റ് യൂണിയനില്‍ പകര്‍പ്പ് യന്ത്രത്തിനോരോന്നിനും അനധികൃത പകര്‍പ്പ് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നു.അവിടെ സാധാരണക്കാരന് പകര്‍‍പ്പെടുക്കണമെങ്കില്‍ അത് വളരെ രഹസ്യമായി ചെയ്ത് രഹസ്യമായിതന്നെ കൈമാറണമായിരുന്നു."samizdat"പോലെ. ഈ രണ്ടിടത്തും നിശ്ചയമായും ഒരു വ്യത്യാസമുണ്ട്.സോവിയറ്റ് യൂണിയനില്‍ വിലക്കിന് രാഷ്ട്രീയ ലക്ഷ്യങ്ങളാണെങ്കില്‍ അമേേരിക്കയില്‍ കൊള്ളലാഭമാണ് ലക്ഷ്യം.പക്ഷെ ലക്ഷ്യമല്ലല്ലോ ചെയ്തിയല്ലെ നമ്മെ ബാധിക്കുന്ന പ്രശ്നം. അറിവ് പങ്കുവയ്ക്കുന്നതിനെ തടയാനുള്ള ഓരോ ശ്രമവും അത് എന്തിനായാലും,ഇതേ ക്രൂരമായ മാര്‍ഗ്ഗങ്ങളിലേക്കായിരിക്കും എത്തിയ്ക്കക.

അറിവ് പകര്‍ത്താനുള്ള അവകാശം ഉടമകള്‍ക്കുമാത്രമാണെന്ന് പറയുന്നതിനായി അവര്‍ നിരവധി വാദങ്ങള്‍ നിരത്തുന്നു:

പേരു വിളിയ്ക്കുന്നത്.

കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഭൌതിക വസ്തുക്കളും ഒന്നാണെന്ന് കാഴ്ചപ്പാട് വരാനായി സവിശേഷമായ രീതിയിലാണ് അവര്‍ വാക്കുകളുപയോഗിക്കുന്നത്. "പൈറസി","മോഷണം" തുടങ്ങിയ ലളിത പദങ്ങളില്‍ തുടങ്ങി "intellectual property" പോലുള്ള വിദഗ്ദ്ധര്‍ക്കുള്ള അബദ്ധവാക്കുകള്‍ വരെ ഇതിനുദാഹരണങ്ങളാണ്.

ഭൌതികമായ വസ്തുകള്‍ ഒരാളുടെ പക്കല്‍ നിന്ന് "എടുക്കുന്ന"ത് ശരിയാണോ തെറ്റാണോ എന്നുള്ളതിനടിസ്ഥാനമായണ് നമ്മുടെ ശരിതെറ്റുകളും മുല്യങ്ങളും ഉള്ളത്.ഇതിന് ഒരു വസ്തുവിന്റെ പകര്‍പ്പുണ്ടാക്കുന്നതുമായി ഒരു ബന്ധവുമില്ല പക്ഷെ "ഉടമകള്‍" അങ്ങനെ കാണാന്‍ നിര്‍‍ദ്ദേശിയ്ക്കുന്നു.

പെരിപ്പിച്ചു കാണിയ്ക്കല്‍

ഉപഭോക്താക്കള്‍ പ്രോഗ്രാമുകളുടെ പകര്‍‍പ്പെടുക്കുന്നത് ഉടമകള്‍ക്ക് "സാമ്പത്തിക നഷ്ടവും" "ഉപദ്രവും" ആണെന്നാണവരുടെ വാദം.പക്ഷെ പകര്‍‍പ്പെടുപ്പ് ഉടമകളേ നേരിട്ട് ബാധിയ്ക്കുന്നില്ല മാത്രമല്ല പകര്‍‍പ്പെടുപ്പ്ആരേയും ഉപദ്രവിയ്ക്കുന്നുമില്ല. പകര്‍‍പ്പെടുക്കുന്ന ഓരോ ആളും ,അതാല്ലായിരുന്നെങ്കില്‍ ഉടമയ്ക്ക് പണം കൊടുത്ത് അത് വാങ്ങുമായിരുന്നു ,എന്നാണെങ്കില്‍ മാത്രമാണ് ഉടമയ്ക്ക് ഇപ്പറഞ്ഞ നഷ്ടം സംഭവിയ്ക്കുന്നത്.പക്ഷെ പകര്‍‍പ്പെടുക്കുന്ന എല്ലാവരും പണം കൊടുത്തു വാങ്ങാന്‍ തയ്യാറാവില്ല എന്നത് ഒന്നു ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്.എന്നിട്ടും ഉടമകള്‍ ആ "നഷ്ടം" കണക്കാക്കുന്നു. ഇത് മാന്യമായി പറഞ്ഞാല്‍ പെരുപ്പിച്ചു കാണിയ്ക്കലാണ്.

നിയമം

ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങളേ പറ്റിയും അതനുസരിച്ചില്ലെങ്കില്‍ കിട്ടാവുന്ന ശിക്ഷകളേയും പിഴകളേയും പറ്റിയും ഉടമകള്‍ ഇടയ്ക്കിടെ പറയാറുണ്ട്. ഈ ചെയ്തികളിലൂടെ അവര്‍ പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും അത് അനുശാസിയ്ക്കന്ന ശരിതെറ്റുകളും, ചോദ്യം ചെയ്യാന്‍ പറ്റാത്തവയാണ് എന്ന സന്ദേശമാണ്. അതേസമയം ആരേയും പഴിപറയാതെ, ഈ പിഴയും ശിക്ഷയും പ്രകൃതി നിയമങ്ങളെന്നപോലെ ഉള്‍‍ക്കൊള്ളാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു.

ഈ രീതിയിലുള്ള പ്രചാരണത്തിന് ശക്തമായ ഒരു വിശകലത്തിനെ താങ്ങാനുള്ള ശേഷിയില്ല മറിച്ച് , നിയമങ്ങള്‍ക്ക് വിധേയനായിരിക്കണം എന്ന മനസ്സിന്റെ സ്വാഭാവിക സങ്കല്‍പ്പത്തെ ഉട്ടി ഉറപ്പിയ്ക്കാനെ അത് ഉതകുകയുള്ളു.
നിയമങ്ങള്‍ എപ്പോഴും ശരിതെറ്റുകളെ വേര്‍തിരിയ്ക്കുമെന്നു പറയാനാവില്ല.എല്ലാ അമേരിക്കകാരനും അറിയാവുന്നതാണ് , നാല്പതു വര്‍ഷം മുമ്പ് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു ബസ്സിന്റെ മുമ്പില്‍ ഇരിക്കുന്നത് ഒട്ടുമിക്ക സംസ്ഥാനത്തും നിയമത്തിനെതിരായിരുന്നു എന്നത്.വര്‍ഗ്ഗീയവാദികള്‍ മാത്രമേ ഈ നിയമങ്ങളെ അനുകൂലിയ്ക്കു...,

മൌലികാവകാശങ്ങള്‍

എഴുത്തുകാര്‍ അവരെഴുതിയ പ്രോഗ്രാമുകളുടെ മേല്‍ പ്രത്യേക അധികാരം അവകാശപ്പെടാറുണ്ട് മാത്രമല്ല, ഇപ്പറഞ്ഞ അധികാരത്തിന്റെ പുറത്ത്,അവര്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മറ്റെല്ലാവരുടേയും(എന്നുവച്ചാല്‍ പലപ്പോഴും ലോകത്തുള്ള മറ്റെല്ലാവരുടേയും)താത്പര്യങ്ങളേക്കാള്‍ വില കല്പിയ്ക്കുന്നു.(സാധാരണയായി എഴുതുന്നവര്‍ക്കല്ല, കമ്പനിയ്ക്കാണ് പ്രോഗ്രാമിന്റെ പകര്‍പ്പവകാശം പക്ഷെ ഈ വ്യത്യാസം കാര്യമല്ല.)

ഇതൊരു പ്രമാണമായി പറയണമെങ്കില്‍ --- എഴുത്തുകാരനാണ് നിങ്ങളേക്കാള്‍ പ്രാധാന്യം-- ശ്രദ്ധിക്കപ്പെട്ട സോഫ്റ്റ്‍വെയര്‍ എഴുത്തുകാരനായ എനിയ്ക്ക് പറയാനുള്ളത് അതിലൊരു കഴമ്പുമില്ല എന്നാണ്.

പക്ഷെ ആളുകള്‍ക്ക് പൊതുവെ ഇവരുടെ മൌലിക അവകാശങ്ങളോട് മമത തോന്നുന്നെങ്കില്‍ അത് രണ്ടു കാരണത്താല്‍ മാത്രമായിരിയ്ക്കും.
അതിലൊന്ന്, സോഫ്റ്റ്‍വെയറുകളെ ഭൌതിക വസ്തുക്കളുമായി ഒരളവില്‍ കവിഞ്ഞ് താരതമ്യപ്പെടുത്തുന്നതാണ്. ഞാനുണ്ടാക്കിയ പരിപ്പുവട വേറാരെങ്കിലും കഴിക്കുന്നത് എനിയ്ക്ക് സമ്മതമല്ല എന്തെന്നാല്‍ അപ്പോള്‍ എനിയ്ക്കത് കഴിക്കാന്‍ പറ്റില്ല. ആ പ്രവര്‍ത്തി അയാള്‍‍ക്കെത്ര ഗുണംചെയ്യുന്നോ അത്രയും ദോഷം അതെനിയ്ക്കും ഉണ്ടാക്കുന്നു.ഞങ്ങള്‍ തമ്മിലുള്ള ചെറിയ വ്യത്യാസം പോലും സന്മാര്‍ഗ്ഗികതയുടെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുന്നതാണ്.

പക്ഷെ ഞാനെഴുതിയ ഒരു പ്രോഗ്രാം നിങ്ങള്‍ ഉപയോഗിയ്ക്കുകയോ മാറ്റം വരുതുകയോ ചെയ്യുന്നത് നിങ്ങളേ മാത്രം നേരിട്ട് ബാധിയ്ക്കുന്ന കാര്യമാണ്.എന്നെ അത് പരോക്ഷമായേ ബാധിക്കുന്നുള്ളു. നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്എന്റെ പ്രോഗ്രാമിന്റെ പകര്‍പ്പ് കൊടുക്കുന്ന് എന്നെ ബാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ രണ്ടുപേരേയാണ് ബാധിയ്ക്കുന്നത്. ആ പ്രവൃത്തി ചെയ്യരുതെന്ന് പറയാനുള്ള അവകാശം എനിയ്ക്കുണ്ടാകരുതാത്തതാണ്.ആര്‍ക്കും ഉണ്ടാകരുതാത്തതാണ്.

രണ്ടാമത്തെ കാരണം, എഴുത്തുകാരുടെ മൌലിക അവകാശങ്ങള്‍ സമുഹത്തിന് സ്വീകാര്യമായ,ചോദ്യം ചെയ്യപ്പെടാതെ നിലനിലനില്‍ക്കുന്ന പരമ്പരാഗത വഴക്കങ്ങളാണെന്ന ധാരണയാണ്.

എന്നാല്‍ ചരിത്രപരമായി, സത്യം മറിച്ചാണ് .അമേരിക്കന്‍ ഭരണഘടനാ നിര്‍മ്മാണത്തില്‍ എഴുത്തുകാരുടെ മൌലികാവകാശങ്ങളെ പറ്റി അവതരിപ്പിച്ചപ്പോള്‍ ആ ആശയം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തിരസ്കരിക്കപ്പെടുകയാണുണ്ടായത്. അതുകൊണ്ട്, പകര്‍പ്പവകാശം അനുവദിയ്ക്കുകയാണ് ഭരണഘടന ചെയ്യുന്നത് അനുശാസിയ്ക്കുകയല്ല.അതുതന്നെയാണ് പകര്‍പ്പവകാശം താത്കാലികമാക്കാനും കാരണം.പകര്‍പ്പവകാശത്തിന്റെ ലക്ഷ്യം പുരോഗതിയെ പ്രോത്സാഹിപ്പിയ്ക്കാനാണെന്നും അത് എഴുത്തുകാര്‍ക്കുള്ള പ്രതിഫലമല്ലെന്നും ഭരണഘടന പ്രസ്താവിയ്ക്കുന്നു. പകര്‍പ്പവകാശം ഒരു പരിധി വരെ എഴുത്തുകാര്‍ത്തും പ്രസാധകര്‍ക്ക് അതില്‍ ക്കൂടുതലും പ്രതിഫലം കൊടുക്കുന്നു.പക്ഷെ അതവരുടെ പെരുമാറ്റ പരിഷ്കരണത്തിനാണ്.

പകര്‍പ്പവകാശം സാധാരണക്കാരന്റെ മൌലികാവകാശത്തെ കത്തിവയ്ക്കുന്നതാണെന്നാണ് സമൂഹത്തിന്റെ വ്യവസ്ഥാപിതമായ ഉറച്ച വിശ്വാസം.പൊതു ജനങ്ങളെ കരുതി മാത്രമേ ഇത് ന്യായീകരിയ്ക്കാന്‍ കഴിയു.

സാമ്പത്തിക ശാസ്ത്രം.

"ഉടമകള്‍" വേണമെന്നു പറയുന്നതിനായുള്ള അവസാനത്തെ വാദം,അത് കൂടുതല്‍ സോഫ്റ്റ്‍വെയര്‍ ഉണ്ടാകാന്‍ സഹായിക്കുന്നു എന്നുള്ളതാണ്.

മറ്റു വാദങ്ങളെ അപേക്ഷിച്ച് ഇത് ന്യായമായ ഒരു സമീപനമെങ്കിലും കാഴ്ചവെയ്ക്കുന്നു. ഉപഭോക്താക്കളെ സംതൃപ്തരാക്കുക എന്ന നീതിയുക്തമായ ഒരു ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വാദം. കൂടുതല്‍ പ്രതിഫലം കിട്ടിയാല്‍ കൂടുതല്‍ നല്ല സാധനങ്ങള്‍ ഉണ്ടാക്കും എന്നത് പ്രത്യക്ഷത്തില്‍ വ്യക്തവുമാണ്.

പക്ഷെ ഈ വാദത്തില്‍ ഒരു തെറ്റുണ്ട്. എത്രത്തോളം പണം കൊടുക്കേണ്ടി വരുമെന്ന വ്യത്യാസം മാത്രമാണ് പ്രശ്നം എന്ന അടിസ്ഥാനത്തിലാണ് ഈ വാദം ഉന്നയിക്കുന്നത്. ഉടമസ്ഥര്‍ ഉണ്ടായാലും ഇല്ലെങ്കിലും ,കൂടുതല്‍ സോഫ്റ്റ്‍വെയര്‍ ഉത്പാദിപ്പിയ്ക്കുക എന്നാണ് ലക്ഷ്യം എന്ന് ഈ വാദം സാധൂകരിയ്ക്കുന്നു.

ഭൌതിക വസ്തുകളുമായുള്ള പൊതുജനങ്ങളുടെ അനുഭവം അങ്ങനെയായതു കൊണ്ട് ജനങ്ങള്‍ ഇത് അംഗീകരിയ്ക്കുകയും ചെയ്യുന്നു.ഒരു സാന്‍വിച്ചിന്റെ കാര്യമെടുക്കു.ഒരേ തരത്തിലുള്ള സാന്‍വിച്ച് നിങ്ങള്‍ക്ക് വിലയ്ക്കും വെറുതെയും കിട്ടിയേക്കാം.അങ്ങനെയാണെങ്കില്‍ പണം മാത്രമാണ് വ്യത്യാസം.നിങ്ങള്‍ അത് വാങ്ങിയാലും ഇല്ലെങ്കിലും ഈ രണ്ട് സാന്‍വിച്ചും തമ്മില്‍ സ്വാദിലോ,പോഷകാംശത്തിലോ, ഒരു വ്യത്യാസവുമില്ല. ഓരോ സാന്‍വിച്ചും ഒരു തവണയെ കഴിക്കാന്‍ പറ്റുകയുമുള്ളു. വെറുതെയാണോ വിലയ്ക്കാണോ കിട്ടുന്നത് എന്നത് അതിന്റെ ഉപയോഗത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല;അതിനും ശേഷം നിങ്ങളുടെ കൈയ്യുില്ലുള്ള പണത്തെ ഒഴിച്ച്.

ഏത് തരത്തിലുള്ള ഭൌതിക വസ്തുവിന്റെ കാര്യത്തിലും ഇത് സത്യമാണ് .അതിന് ഉടമ ഉണ്ടോ ഇല്ലയോ എന്നത് അതെന്താണെന്നോ നിങ്ങള്‍ വാങ്ങിച്ചാല്‍ അതുപയോഗിച്ച് എന്ത് ചെയ്യാമെന്നുള്ളതിനേയോ യാതൊരു തരത്തിലും ബാധിയ്ക്കുന്നില്ല.

പക്ഷെ ഉടമസ്ഥത ഉള്ള ഒരു പ്രോഗ്രാം നിങ്ങള്‍ വാങ്ങുമ്പോള്‍ , ആ പ്രോഗ്രാം എന്താണെന്നും ,അത് വാങ്ങിച്ചാല്‍ നിങ്ങള്‍‍ക്കെങ്ങിനെ ഉപയോഗിക്കാം എന്നും ഉള്ളതിനെ അത് സാരമായി ബാധിയ്ക്കും. ഇവിടെ വ്യത്യാസം പണത്തില്‍ മാത്രമല്ല. സോഫ്റ്റ്‍വെയറുകള്‍ക്ക് ഉടമകള്‍ വേണമെന്നു പറയുന്ന വ്യവസ്ഥ ഉടമകളെ കൂടുതല്‍ സോഫ്റ്റ്‍വെയറുണ്ടാക്കാന്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിയ്ക്കുന്നു-അതുപക്ഷെ സമൂഹത്തിന് ശരിക്കും വേണ്ടതല്ല.അത് നമ്മേയെല്ലാം ബാധിക്കുന്ന സുതാര്യമല്ലാത്ത അസന്മാര്‍ഗ്ഗിക പ്രവണതകള്‍ക്കും വഴിവെയ്ക്കുന്നു.


എന്താണ് സമുഹത്തിനാവശ്യം?.അതിന് അറിവ് ആവശ്യമാണ്.ആ അറിവ് സമൂഹത്തിലെ എല്ലാ പൌരന്‍മാര്‍ക്കും പ്രാപ്യവുമായിരിക്കണം.ഉദാഹരണത്തിന് ഉപയോഗിയ്ക്കാന്‍ മാത്രമല്ലാത്ത, വായിക്കാനും ,തിരുത്താനും,രൂപാന്തരം വരുത്താനും ,മെച്ചപ്പെടുത്താനും ഒക്കെ കഴിയുന്ന പ്രോഗ്രാമുകള്‍. പക്ഷെ സോഫ്റ്റ്‍വെയര്‍ ഉടമകള്‍ സാധാരണായി വിതരണം ചെയ്യുന്നത് പഠിയ്ക്കാനോ മാറ്റം വരുത്താനോ പറ്റാത്ത ഒരു മാന്ത്രികപ്പെട്ടിയായാണ്.

സമൂഹത്തിന് സ്വാതന്ത്ര്യവും ആവശ്യമാണ്. ഒരു പ്രോഗ്രാമിനൊരു ഉടമസ്ഥനുണ്ടായിരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നു കയറ്റമാണ്.

സര്‍‍വ്വോപരി സമൂഹം ആഗ്രഹിയ്ക്കുന്നത് അതിലെ പൌരന്മാരുടെ പരസ്പര സഹകരണമാണ്.നമ്മുടെ അയല്‍ക്കാരെ സ്വാഭവികമായി സഹായിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സോഫ്റ്റ്‍വെയറിന്റെ ഉടമകള്‍ പറയുമ്പോള്‍ അത് നമ്മുടെ പൌര ബോധത്തെ മലീമസമാക്കുന്നു.

അതുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും വിലയുടെ പ്രശ്നമല്ലെന്നും നമ്മള്‍ പറയുന്നത്.

ഉടമസ്ഥരുടെ സാമ്പത്തിക വാദമുഖങ്ങള്‍ അബദ്ധ ജഡിലമാണ്,പക്ഷെ അതിന്റെ സാമ്പത്തിക വശം സത്യമാണ്.ചിലര്‍ സോഫ്റ്റ്‍വെയര്‍ ഉണ്ടാക്കുന്നത് അതിലേര്‍‍പ്പെടുമ്പോഴുണ്ടാകുന്ന ആനന്ദത്തിനും അംഗീകാരത്തിനും പ്രീതിയ്ക്കും വേണ്ടിയാണ്.പക്ഷെ അതിലുപരിയുള്ള ആവശ്യങ്ങള്‍ക്ക് നാം പണം കണ്ടെത്തണം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വതന്ത്ര സേഫ്റ്റ്‍വെയര്‍ പ്രവര്‍ത്തകര്‍ പണം സ്വരൂപിയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്.പ്രോഗ്രാമിങ്ങിനേക്കാള്‍ കുറവു സംതൃപ്തി തരുന്ന മറ്റു പല ജോലികള്‍ക്കും അമേരിക്കക്കാരുടെ ശരാശരി വരുമാനമായ $35k പ്രതിഫലമായി കൊടുത്താല്‍ മതിയാകും.

ഒരു ഫെലോഷിപ്പു കിട്ടുന്നതു വരെ,എന്റെ ഉപജീവനമാര്‍ഗ്ഗം, ഞാനെഴുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രത്യേകമായ രൂപമാറ്റങ്ങളും, മെച്ചപ്പെടുത്തലുകളും നിര്‍മ്മിക്കുന്നതിലൂടെ കണ്ടെത്തി.ഈ ഓരോ മെച്ചപ്പെടുത്തലുകളും ആ സോഫ്റ്റ്‍വെയറിന്റെ പ്രധാന വിതരണ പതിപ്പിന്റെ കൂടെ ചേര്‍ത്തിരുന്നതിനാല്‍,അതൊക്കെ പൊതുജനത്തിനു ലഭ്യമായി. കക്ഷികള്‍ എനിക്കു പ്രതിഫലം തന്നപ്പോള്‍ അവര്‍ക്കു വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് ഞാന്‍ നിര്‍മ്മിച്ചത്,അല്ലാതെ ഏറ്റവും പ്രധാനപ്പെട്ട മെച്ചപ്പെടുത്തലുകളെന്ന് ഞാന്‍ കരുതിയതല്ല.

സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഫൌണ്‍‍ണ്ടേഷന്‍ ഗ്നു സീഡികള്‍ ,ട്ടീ-ഷര്‍ട്ടുകള്‍ , ഗ്നു പ്രോഗ്രാമുകളേകുറിച്ചുള്ള ഗ്രന്ഥങ്ങള്‍ ,എല്ലാ ഗ്നു സോഫ്റ്റ്‍വെയറുകളുടേയും പ്രത്യേക വിതരണങ്ങള്‍ (ഇവയെല്ലാം പകര്‍‍പ്പെടുക്കാനും മാറ്റം വരുത്താനും സ്വാതന്ത്ര്യമുള്ളവ തന്നെയാണ്),തുടങ്ങിയവ വില്‍പ്പന നടത്തിയും സംഭാവനകള്‍ സ്വീകരിച്ചും പണം സ്വരൂപിയ്ക്കുന്നു. ഇപ്പോള്‍ ഇതിനു കീഴില്‍ അഞ്ച് പ്രോഗ്രാമര്‍മ്മാരും,കത്തുകളിലൂടെ സാധനങ്ങള്‍ ആവശ്യപ്പെടുന്നത് കൈകാര്യം ചെയ്യാനായി മൂന്നു പേരും ജോലി ചെയ്യുന്നു.

ചില സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ നിര്‍മ്മാതാക്കള്‍ സാങ്കേതിക സഹായം നല്‍കുന്നതിലൂടെ പ്രതിഫലം പറ്റുന്നു. 50-ഓളം തൊഴിലാളികളുള്ള (ഈ ലേഖനം എഴുതുമ്പോള്‍) സിഗ്നസ് (Cygnus) സപ്പോര്‍ട്ട്-ന്റെ കണക്കനുസരിച്ച് അതിന്റെ 15% പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ നിര്‍മ്മാണമാണ്- ഒരു സോഫ്റ്റ്‍വെയര്‍ കമ്പനിയേ സംബന്ധിച്ചിടത്തോളം ആദരണീയമായ ഒരു ശതമാനമാണത്.

ഇന്റല്‍, മോട്ടോറോള, ടെക്സാസ് ഇന്‍സ്ട്രുമെന്റ് ,അനലോഗ് ഡിവൈസെസ് എന്നിവരുടെ കൂട്ടായ്മ ഗ്നു വിന്റെ സി പ്രോഗ്രാമിങ്ങ് ഭാഷയ്ക്കുള്ള കമ്പൈയലറിനായി പണം സ്വരൂപിച്ചിരുന്നു. അതുപോലെ അഡ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് ഭാഷയ്ക്കുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ അമേരിക്കന്‍ വ്യോമ സേന പണം അനുവദിച്ചു. എന്തെന്നാല്‍ ഏറ്റവും ചിലവു കുറഞ്ഞ രീതിയില്‍ നല്ല നിലവാരമുള്ള കമ്പൈലര്‍ നിര്‍മ്മിയ്ക്കാന്‍ ഇതാണേറ്റവും നല്ല മാര്‍ഗ്ഗം എന്നവര്‍ വിശ്വസിക്കുന്നു. (വ്യോമ സേനയുടെ മൂലധനം,കുറച്ചുകാലങ്ങള്‍ക്ക് മുന്പ് നിര്‍ത്തിവച്ചു.അഡ കമ്പ്യൂട്ടര്‍ ഭാഷ ഇപ്പോള്‍ സേവനത്തിലുണ്ട്,അതിന്റെ പരിചരണം വ്യാവസായിക പ്രസ്ഥാനങ്ങളില്‍ അധിഷ്ഠിതവുമാണ്)

ഇതെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രസ്ഥാനം ഇപ്പോഴും ശൈശവ ദശയിലാണ്. പക്ഷെ ഓരോ ഉപഭോക്താവിന്റെ പകല്‍ നിന്നും നിശ്ചയമായി പണം വാങ്ങാതെ ഒരു വലിയ പ്രസ്ഥാനം നിലനില്‍ക്കാന്‍ പറ്റും എന്നതിന്, അമേരിക്കയിലുള്ള, ശ്രോതാക്കളുടെ സഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന റേഡിയോ തെളിവാണ്.

ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവെന്ന നിലയില്‍ നിങ്ങള്‍ കുത്തക സോഫ്റ്റ്‍വെയറുപയോഗിയ്ക്കുന്നുണ്ടാകാം. സുഹൃത്ത് ഒരു പകര്‍പ്പാവശ്യപ്പെട്ടാല്‍ നിഷേധിയ്ക്കുന്നത് ശരിയല്ല. പകര്‍പ്പവകാശത്തേക്കാള്‍ പ്രാധാന്യം പരസ്പരസഹകരണത്തിനാണ്. നിയമ വിധേയമല്ലാത്ത രഹസ്യ ധാരണയിലൂന്നിയുള്ള സഹകരണമല്ല ഒരു നല്ല സമൂഹത്തിനാവശ്യം.ഒരു മനുഷ്യന്‍ നിവര്‍ന്നു നിന്ന് അഭിമാനത്തോടെ അന്തസ്സോടെ ജീവിക്കണമെങ്കില്‍ കുത്തക സോഫ്റ്റ്‍വെയര്‍ നിരാകരിയ്ക്കണം.സോഫ്റ്റ്‍വെയറുപയോഗിയ്ക്കുന്ന മറ്റുള്ളയാള്‍ക്കാരുമായി സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി സഹകരിയ്ക്കാന്‍ നിങ്ങളെന്തുകൊണ്ടും അനുയോജ്യനാണ്.സോഫ്റ്റ്‍വെയറെങ്ങിനെ പ്രവര്‍ത്തിയ്ക്കുന്നു എന്നറിയാനും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാനും നിങ്ങള്‍ അര്‍ഹരാണ്.നിങ്ങളുടെ സോഫ്റ്റ്‍വെയറിന് തകരാര്‍ സംഭവിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ട വിദഗ്ദ്ധനെ അതു പരിഹരിയ്ക്കാനായി ചുമതലപ്പെടുത്താനുള്ള അധികാരം കൈയ്യാളാന്‍ നിങ്ങള്‍ക്കര്‍ഹതയുണ്ട്.

നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അര്‍ഹിക്കുന്നു.

വാല്‍കഷ്ണം:
അറിവിന്റെ തികവ് ബുദ്ധിയിലേയ്ക്കും ബുദ്ധിയുടെ വികാസ പരിണാമങ്ങള്‍ നന്മയുടേയും സ്നേഹത്തിന്റെയും വറ്റാത്ത ഉറവിടങ്ങളിലേയ്ക്കും നയിയ്ക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍.മനുഷ്യ സമുഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണ്ണായക പങ്കു വഹിയ്ക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‍വെയര്‍ ,സോഫ്റ്റ്‍വെയര്‍ ഭീമന്മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ദുഷ്ടലാക്കുകളില്‍ നിന്നും. മനുഷ്യാവകാശദ്വംസനങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ എന്ന ആശയം ലോകത്തിനു മുന്പില്‍ അവതരിപ്പിച്ചതാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഏറ്റവും വലിയ മനുഷ്യ സ്നേഹിയാക്കുന്നത്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ കാതലായ വസുധൈവ കുടുമ്പകം എന്ന ആശയത്തോട് യോജിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റേയും പരസ്പര സഹകരണത്തിന്റേയും പക്ഷത്തു നില്‍ക്കുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്ക ലിപികളില്‍ കുറിയ്ക്കപ്പെടും തീര്‍ച്ച.“


താങ്കളിട്ട പൊസ്റ്റുകള്‍ വഴി മറ്റുള്ളവരിലൊരു ഭീതി വളറ്ത്തുവാനെ കഴിയുകയുള്ളൂ.! മൂന്നാം ലോക രാ‍ജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരത്തിലുള്ള പ്രവറ്‌ത്തനം വഴി ഒരു ഭീതി സൃഷ്ടിക്കുകയും അതു ആത്യന്തികമായി താന്‍ ചെയ്യുന്നതു തെറ്റാണെന്നും താന്‍ വളരെ വലിയൊരു വില ഇതിനുകൊടുക്കേണ്ടി വരുമെന്നു അവരെ ധരിപ്പിക്കുന്നു. കോപ്പിറൈറ്റുകാരുടെ ആവശ്യവും അതു തന്നെയാണ്‍. ഇതിനു പിന്നിലുള്ള സാമ്പത്തികശാസ്ത്രമാണ്‍ നാം നോക്കേണത്. അതിനു വേണ്ടി വ്യാപകമായ പ്രചരണ പരിപാടികളും അവര്‍ സംഘടിപ്പിക്കുന്നു. ഇടക്കിടെയുള്ള റെയിഡുകളും മറ്റും ഇതിന്റെ ഭാഗമാണ്‍.

താങ്കളെ വാദങ്ങളെ നിരാകരിക്കാനല്ല ഞാന്‍ ശ്രമിക്കുനത്. താങ്കളെയും എന്നെയും പോലുള്ളവര്‍ കോപ്പി ലെഫ്റ്റിന്റെ വക്താക്കളാകാനാണ്‍ ശ്രമിക്കേണ്ടത്.
മറ്റൊന്നു കൂടി: ഓഫീസില്‍ ഞാനുപയോഗിക്കുന്നത് ലൈസന്‍സ് ഉള മൈക്രൊസൊഫ്റ്റിന്റെ ഉലപന്നങ്ങളും. (എല്ലാം തന്നെ..കോപ്പി ലെഫ്റ്റിന്റെ വാദത്തില്‍ നിന്നുകൊണ്ട് കോപ്പി റൈറ്റുകളുള്ള വസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരുന്ന ഗതികേടുകള്‍.).എന്റെ പെഴ്സണല്‍ സിസറ്റത്തില്‍ RHEL 5 ഉം ആണ്‍ ഞാനുപയോഗിക്കുനത്. ഒരു പാറ്‌ട്ടീഷനില്‍ ലൈസന്‍സ് ഉള്ള മൈക്രോസോഫ്റ്റ് എക്സ് പിയും...

vadavosky said...

Vazhipokan,

Thanks for the comment.I am in Dubai now. I am in favour of your stand that there shall not be any copyright for software. Now I am only explaining the legal position.I will explain it in the next post after reaching Delhi.

Su/Sumil's comment also needs a detailed reply.

അങ്കിള്‍ said...

കഴിഞ്ഞ പോസ്റ്റില്‍ ഞാനിട്ടിരുന്ന സംശയത്തിനും മറുപടികണ്ടില്ല. ഒന്നു കൂടെ റിപ്പീറ്റ് ചെയ്യട്ടെ;

നിങ്ങള്ളുടെ ഈ പോസ്റ്റ് ഞാന്‍ വായിക്കുന്നത്‌ ബ്ലോഗര്‍ നിങ്ങള്‍ക്കനുവദിച്ച്‌ തന്നിരിക്കുന്ന സ്ഥലത്തു വന്നല്ല. ആ സ്ഥലത്തുനിന്നും നിങ്ങളുടെ പോസ്റ്റിന്റെ ഒരു പകര്‍പ്പെടുത്ത്‌ ഗൂഗിള്‍ എന്റെ മോണിറ്ററിലോട്ട്‌ തള്ളിത്തരുന്നു (push-pull activity). എന്റെ അറിവ്‌ തെറ്റാണെങ്കില്‍ തിരുത്തണേ. ശരിയാണെങ്കില്‍ പകര്‍പ്പവകാശം ആദ്യമേ ഗൂഗില്‍ തന്നെ ലംഘിക്കുന്നില്ലേ?