Thursday, August 7, 2008

ഹിമാലയന്‍ യാത്ര

ഒരു ഹിമാലയന്‍ യാത്രയിലായിരുന്നു. Valley of Flowers( വിക്കി ലേഖനം ഇവിടെ) കാണണമെന്ന് കുറേ നാളുകളായുള്ള ആഗ്രഹമായിരുന്നു. തൃശൂരില്‍ നിന്നുള്ള ബാബു എന്ന സുഹൃത്തും കൂടി കുറെ നാളുകള്‍ മുന്‍പ്‌ തീരുമാനിച്ചതാണ്‌.

Valley of Flowers ഉത്തരാഖണ്ടില്‍ ഹിമാലയത്തില്‍ സമുദ്രനിരപ്പിന്‌ 1400 അടി ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.ഡല്‍ഹിയില്‍ നിന്ന്‌ മൂന്നു ദിവസത്തെ യാത്ര വേണം അവിടെ എത്തിച്ചേരാന്‍. ജൂണ്‍, ആഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമേ അവിടെ പോകാന്‍ പറ്റുകയുള്ളു. ബാക്കി മാസങ്ങളില്‍ പത്തടിയിലേറെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശമാണ്‌.

ഹരിദ്വാറില്‍ നിന്ന് ബദ്രിനാഥിലേക്കുള്ള വഴിയില്‍ ഗോവിന്ദ്ഘാട്ട്‌ എന്ന സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ നടന്ന് മലകയറി ഗാങ്ഗരിയ എന്ന base camp ല്‍ എത്തി പിറ്റേദിവസം വാലിയിലേക്ക്‌ 5 കിലോമീറ്റര്‍ നടന്ന് അന്നു തന്നെ തിരിച്ചെത്തണം.താഴെക്കാണുന്ന ചിത്രം ഈ പ്രദേശത്തിന്റെ ഏകദേശരൂപം നല്‍കും.




ഡല്‍ഹിയില്‍ നിന്ന് രാവിലെയുള്ള ശതാബ്ദി ട്രയിനില്‍ ഹരിദ്വാറില്‍ ഉച്ചക്കുമുന്‍പ്‌ എത്തി.അവിടെനിന്ന് ഒരു ലോക്കല്‍ ബസ്സ്റ്റാന്റില്‍ അന്വേഷിച്ചപ്പോള്‍ ശ്രീനഗര്‍ (കാശ്മീരിലെ അല്ല) എന്ന സ്ഥലം വരെ മാത്രമേ അപ്പോള്‍ ബസ്സുള്ളു.പത്ത്‌ പതിനൊന്ന് മണിക്കൂര്‍ ബസ്സിലിരിക്കണം.സാഹസികയാത്ര ആയതുകൊണ്ട്‌ ആ ബസില്‍ കയറി.മിനിബസ്സാണ്‌. കാലൊന്ന് നീട്ടിവയ്ക്കാന്‍ കൂടി പറ്റില്ല. പോകാന്‍ സമയമായപ്പോഴേക്കൂം ബസ്സില്‍ നിറയെ ആളുകള്‍ കയറി. കൂറ്റന്‍ മലകളുടെ സൈഡിലൂടെയുള്ള റോഡിലൂടെ ആടിയുലഞ്ഞാണ്‌ ബസ്സിന്റെ പോക്ക്‌. റോഡില്‍ നിന്ന് വളരെ വളരെ താഴെ ഗംഗ ഒഴുകുന്നുണ്ട്‌.

ഇടയ്ക്ക്‌ മലയിടിച്ചില്‍ ഉണ്ടായതുകൊണ്ട്‌ ബസ്സിന്റെ പോക്ക്‌ സാവധാനമാണ്‌. മണിക്കൂറുകള്‍ എടുത്ത്‌ ബസ്സ്‌ ദേവപ്രയാഗില്‍ എത്തി. ദേവപ്രയാഗില്‍ അളകനന്ദ, ഭാഗീരധി എന്നീ നദികള്‍ എന്നിച്ചുചേര്‍ന്ന് ഗംഗയായിത്തീരുന്നു.

രാത്രി എട്ട്‌ മണിയായപ്പോള്‍ ശ്രീനഗറില്‍ എത്തി. അവിടെ നിന്ന് മറ്റൊരു ചെറിയ ബസ്സില്‍ രുദ്രപ്രയാഗില്‍ എത്തിപ്പെട്ടു. രുദ്രപ്രയാഗില്‍ അളകനദ നദിയില്‍ മന്ദാകിനി നദി ലയിക്കുന്നു. അന്ന് അവിടെ താമസിച്ച്‌ പിറ്റേദിവസം ഒരു ജീപ്പില്‍ ഗോവിന്ദഘാട്ടില്‍ എത്തി.ഇവിടെ നിന്നാണ്‌ നടപ്പ്‌ തുടങ്ങേണ്ടത്‌.

സിഖുമതക്കാരുടെ തീര്‍ഥാടനകേന്ദ്രമായ ഹേമകുണ്ട്‌ സാഹിബ്‌ വാലി ഒാഫ്‌ ഫ്ലവേര്‍സിനടുത്താണ്‌. ഗാങ്ങരിയില്‍ താമസിച്ച്‌ ആളുകള്‍ വേറൊരു വഴിയിലൂടെ അവിടേക്കു പോകുന്നു. ഗോവിന്ദഘാട്ടില്‍ ധാരാളം ആളുകള്‍ മല കയറാനുണ്ട്‌. ഞങ്ങളുടെ ബാഗ്‌ ചുമക്കാന്‍ ഒരു പോര്‍ടറെ കിട്ടി. പോര്‍ട്ടറില്ലാതെ മല കയറാന്‍ പറ്റില്ല. കുത്തിപ്പിടിക്കാന്‍ ഒരു മുള വടി പതിനഞ്ചുരൂപയ്ക്ക്‌ വാങ്ങി മലകയറാന്‍ തുടങ്ങി.


ഗാങ്ങരിയ വരെയുള്ള 14 കിലോമിറ്റര്‍ ദൂരം കൂറ്റന്‍ പര്‍വതനിരയുടെ സൈഡിലൂടെ കുത്തനെയുള്ള കയറ്റമാണ്‌. കുറച്ചു ദൂരം നിരപ്പായുള്ള വഴിയുണ്ടാവും. ആദ്യത്തെ നാലുകിലോമിറ്റര്‍ വലിയ കുഴപ്പമില്ലാതെ കയറി. പിന്നിടുള്ള നടപ്പ്‌ യാതനാപൂര്‍ണ്ണമായി. അഞ്ചോ ആറോ അടി നടക്കുമ്പോള്‍ തന്നെ ശ്വാസം കിട്ടാതെ കിതയ്ക്കാന്‍ തുടങ്ങി. ഹൃദയം ശക്തിയായി ഇടിക്കുന്നത്‌ നെഞ്ചില്‍ നോക്കിയാല്‍ കാണാം. ധാരാളം സിഖുകാര്‍ മല കയറാനുണ്ട്‌. അവര്‍ക്ക്‌ ഭക്തി ഉള്ളതുകൊണ്ട്‌ കയറ്റം സഹിച്ചുകയറാം. valley of flowers കാണാനായി പത്തു പതിഞ്ചുപേരില്‍ കൂടുതലുണ്ടാകാന്‍ സാധ്യതയില്ല. കുതിരപ്പുറത്തും ആളുകള്‍ പോകുന്നുണ്ട്‌.

മനോഹരമായ കാഴ്ചകളാണ്‌ വഴിയില്‍. ആകാശം മുട്ടെ നില്‍ക്കുന്ന കൂറ്റന്‍ പര്‍വതങ്ങള്‍ ചുറ്റിലും.താഴെ കൂലംകുത്തൊയൊഴുകുന്ന നദി. പക്ഷെ നടപ്പിന്റെ ആയാസം കൊണ്ട്‌ ഇതൊന്നും നോക്കാന്‍ തന്നെ പറ്റില്ല.

പത്തുകിലോമിറ്റര്‍ പിന്നിട്ടപ്പോഴേക്കും ഞങ്ങളുടെ രണ്ടുപേരുടേയും കാലിന്റെ ജോയിന്റൊക്കെ ഇളകി. പിന്നെയുള്ള വഴി കൂടുതല്‍ കുത്തനെയുള്ളതും ക്ലേശകരവുമായി. ഓക്സിജന്റെ അളവ്‌ കുറയുന്നതുകൊണ്ട്‌ കിതപ്പിന്റെ വേഗം കൂടി.

രാത്രി ഒന്‍പതുമണിയോടെ ഗാങ്ങരിയയില്‍ ഒരുകണക്കിന്‌ എത്തിച്ചേര്‍ന്നു. വര്‍ഷത്തില്‍ മൂന്നുമാസം മാത്രം തുറക്കുന്ന കുറച്ച്‌ ഹോട്ടലുകള്‍ ഉണ്ട്‌. ജനറേറ്റര്‍ കൊണ്ടാണ്‌ വൈദ്യുതി. അതുകൊണ്ട്‌ വെളിച്ചം വൈകിട്ട്‌ ആറുമണി മുതല്‍ പത്തുമണി വരെയെ ഉള്ളു. എല്ലാ സാധങ്ങളും കുതിരപ്പുറത്ത്‌ ഗോവിന്ദഘാട്ടില്‍ നിന്ന് കൊണ്ടു വരുന്നതുകൊണ്ട്‌ സാധങ്ങള്‍ക്ക്‌ വില വളരെക്കൂടുതലാണ്‌. തീര്‍ഥാടകര്‍ ധാരാളം ഉണ്ട്‌.ഹേമകുണ്ട്‌ സാഹിബിലേക്കും valley of flowers ലേക്കും ഇവിടെനിന്ന് രണ്ടുവഴികളാണ്‌.

നടപ്പിന്റെ അവശത കാരണം പിറ്റേദിവസം നടക്കാന്‍ പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു.പക്ഷെ പിറ്റേദിവസം ആകെ ഉഷാറായി. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് കുറച്ച്‌ സാന്‍വിച്ച്‌ പൊതിഞ്ഞ്‌ രാവിലെ പൂക്കള്‍ കാണാന്‍ പുറപ്പെട്ടു. ഗാങ്ങരിയയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ വീണ്ടും മല കയറണം. വീണ്ടും കിതപ്പ്‌,നടപ്പ്‌ കിതപ്പ്‌ നടപ്പ്‌. അതിമനോഹരമായ പുല്‍മേടുകള്‍ക്കിടയിലൂടെ മഞ്ഞുരുകിവരുന്ന നീര്‍ച്ചാലുകള്‍ കടന്നാണ്‌ പോക്ക്‌. പോകുന്ന വഴിയില്‍ ഒരു Glacier ഉണ്ട്‌. അഞ്ചുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ valley of flowers ന്റെ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌ കണ്ടു. ഒരു താല്‍ക്കാലിക പാലം കടന്നപ്പോള്‍ നീലപ്പൂക്കളുടെ ഒരു പാടം കണ്ടു. ഇത്ര മനോഹരമായ കാഴ്ച വേറെ കണ്ടിട്ടില്ല. പിന്നെ മഞ്ഞ, വെള്ള, ചുവപ്പ്‌ എന്നിങ്ങനെ പല നിറത്തിലുള്ള ഇതുവരെ കണ്ടിട്ടില്ലാത്ത പൂക്കളുടെ കാഴചകളാണ്‌.അറുകിലോമിറ്ററിലധിയകം പൂക്കളുടെ പാടം. ചുറ്റും മഞ്ഞുമലകള്‍.ഇത്രയും നടന്നുവന്ന ക്ലേശം എല്ലാം മറന്നേ പോയി.








Glacier


മണിക്കൂറുകള്‍ കടന്നുപോയത്‌ അറിഞ്ഞില്ല. ഉച്ചക്ക്‌ കൊണ്ടുവന്ന ഭക്ഷണം ഒരു അരുവിയുടെ അരികില്‍ പാറപ്പുറത്തിരുന്ന് കഴിക്കുമ്പോള്‍ കുടിക്കാന്‍ ശരിക്കുമുള്ള മിനറല്‍ വാട്ടര്‍ മുന്നിലൂടെ ഒഴുകുന്നു.ധാരാളം കോരിക്കുടിച്ചു. ഹിമാലയത്തിലെ മഞ്ഞുരുകി വന്ന തണുത്ത വെള്ളം.















പിറ്റേ ദിവസം തിരിച്ചിറങ്ങി ബദ്രീനാഥിലേക്ക്‌ ബസ്സ്‌ പിടിച്ചു.മഞ്ഞുകാലത്ത്‌ പൂര്‍ണ്ണമായും മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലമാണ്‌ ബദ്രീനാഥ്‌. ആദിശങ്കരന്‍ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന ബദ്രീനാഥ്‌ ക്ഷേത്രത്തില്‍ മുഖ്യപൂജാരി കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയാണ്‌



ബദ്രീനാഥില്‍ നിന്നുള്ള കാഴ്ച

ബദ്രീനാഥില്‍ നിന്ന് പിന്നെയും പോയാല്‍ മാനാ എന്ന അതിര്‍ത്തിയിലെ അവസാനത്തെ ഗ്രാമമാണ്‌. അവിടെ വ്യാസന്‍ മഹഭാരതം എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയ്ക്കരികില്‍ ഒരു ചായക്കടയുണ്ട്‌. ഇന്‍ഡ്യന്‍ അതിര്‍ത്തിയിലെ അവസാനത്തെ ചായക്കട എന്ന് എല്ലാ ഭാഷയിലും എഴുതി വച്ചിട്ടുണ്ട്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയും ഈ അവസാനത്തെ ചായക്കടയ്ക്ക്‌ ഒരു ബോര്‍ഡ്‌ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.




ബദ്രീനാഥില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള ബസ്സില്‍ പലതരത്തിലുള്ള സന്യാസിമാരുണ്ടായിരുന്നു. വഴിയില്‍ മൂന്നിടത്ത്‌ മലയിടിച്ചിലുണ്ടായതുകൊണ്ട്‌ ബസ്സ്‌ മിക്കപ്പോഴും വഴിയില്‍ കിടപ്പായിരുന്നു. ശ്രീനഗറില്‍ എത്തിയപ്പോള്‍ രാത്രി ആയതുകൊണ്ട്‌ ബസ്സ്‌ പിറ്റേ ദിവസമേ പോകൂ. ഒരു ജീപ്പ്‌ വിളിച്ചു. വളരെ അപകടസാധ്യതയുള്ള വഴിയാണ്‌. റോഡിന്റെ ഒരു വശത്ത്‌ വളരെ താഴ്ചയില്‍ നദി ഒഴുകുന്നു. ജീപ്പ്‌ ഒന്ന് പാളിയാല്‍ അപകടം നടന്നതായിപ്പോലും ആരും അറിയില്ല. ഡ്രൈവര്‍ ഒരു ചെക്കനായിരുന്നു. അഞ്ചുവയസ്സുമുതല്‍ ആ വഴി പരിചയമാണെന്നാണ്‌ അവന്‍ പറഞ്ഞത്‌. വഴിക്ക്‌ ഭക്ഷണം കഴിക്കാന്‍ ഡാബയില്‍ നിര്‍ത്തി ഒരു കഞ്ചാവ്‌ ബീഡി അവന്‍ ആഞ്ഞാഞ്ഞു വലിക്കുന്നത്‌ കണ്ടതില്‍പ്പിന്നെ ഹരിദ്വാര്‍ എത്തുന്നത്‌ വരെ കണ്ണുചിമ്മാന്‍ പോലും പറ്റിയില്ല.

ഇങ്ങനെയുള്ള യാത്ര തരുന്ന കൗതുകരമായ കാഴ്ചകളും അനുഭവങ്ങളൂം മനസ്സില്‍ നിന്ന് പോകാന്‍ സമയം പിടിക്കും. വഴിയില്‍ സുലഭമായി കിട്ടുന്ന പഴുക്കാത്ത ആപ്പിളിന്റെ ചവര്‍പ്പ്‌, മലയിടിച്ചില്‍ കാരണം ബസ്സ്‌ വഴിയില്‍ കിടക്കുമ്പോള്‍ അഫ്ഗാന്‍ വേഷമിട്ട മുസ്ലീം പണ്ഡിതനും തുടരെ ബീഡി വലിക്കുന്ന ഒരു മുണ്ട്‌ മാത്രമുടുത്ത സ്വാതികനായ ഒരു സന്യാസിയും തമ്മിലുള്ള ഫിലൊസൊഫിക്കല്‍ ചര്‍ച്ച, എപ്പോഴും വഴിയുടെ ഒരു വശത്തുകൂടി ഒഴുകുന്ന അളകനന്ദയുടെ ആരവം,ആകാശം മുട്ടിനില്‍ക്കുന്ന മലകള്‍, ആലുപൊറോട്ടയുടെ മടുപ്പിക്കുന്ന സ്വാദ്‌,ശ്വാസകോശം നിറക്കുന്ന തണുത്ത ശുദ്ധവായു, പേരറിയാത്ത ഒരുപാടുപൂക്കളുടേയും വൃക്ഷപ്പച്ചകളുടേയും സുഗന്ധം,എപ്പോഴും വന്നു മൂടാവുന്ന കോടമഞ്ഞ്‌,മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടികള്‍, ഭയാനകമായ താഴ്ച്ചയുള്ള കൊക്കക്കരികിലൂടെ അനായാസം ബസ്സോടിക്കുന്ന ഡ്രൈവര്‍, റേഞ്ചുള്ള സ്ഥലത്തുവരുമ്പോള്‍ എപ്പോഴും വരാവുന്ന ഒരുപാട്‌ മൊബെയില്‍ കോളുകള്‍. അങ്ങനെയങ്ങെനെ......



അളകനന്ദ

12 comments:

Anonymous said...

well its nice to know that you have great hits here.

Anonymous said...

All I can say is nothing because your blog is not interesting to read.

Anonymous said...

i'm also into those things. care to give some advice?

Rare Rose said...

യാത്ര വല്ലാത്ത ഒരു അനുഭവം തന്നെയായിരിക്കുമെന്നു വായിച്ചപ്പോള്‍ തോന്നി..... കൂറ്റന്‍ മഞ്ഞുമലകള്‍ക്ക് സമീപത്തൂടെ കാല്‍നട യാത്ര..!!..ചിത്രങ്ങളില്‍ പൂക്കള്‍ക്ക് നടുവിലൂടെ പോകുന്ന ആ വഴി കാണിക്കുന്ന ഏറെ ഇഷ്ടമായി...:)

ഞാന്‍ ആചാര്യന്‍ said...

മലയാളത്തില്‍ ബ്ലോഗ് എഴുതുക എന്നത് ഒരു അച്ച്ടി മാധ്യമത്തിന്‍റെയും വാതില്‍ക്കല്‍ കാത്തുകെട്ടിക്കിടക്കാതെ ഏതൊരാള്‍ക്കും കിട്ടുന്ന ആവിഷ്കാര സ്വാതന്ത്ര്യമാണ്..

ഒരു കഥയും കവിതയും എഴുതി അയച്ച് സര്‍ഗശൂന്യരായ എഡിറ്റര്‍മാരുടെ ദയ കാത്തു കിടക്കുന്ന കാലം പോയല്ലോ....ഇന്ന് നമ്മുടെ വിരല്‍ത്തുമ്പിലാണു നമ്മുടെ ആവിഷ്കാരം..

താമസിയാതെ വിക്കിപിഡിയയുടെ ഒക്കെ മാത്രുകയില്‍ എഡിറ്റബിള്‍ വെര്‍ച്വല്‍ ന്യൂസ്പേപ്പര്‍ പ്രചാരത്തിലാകും...അപ്പോള്‍ ബ്ലോഗുഹൈജാക്കുകാരും ജാഡക്കാരുമൊക്കെ ഒന്നു വിരളാതെ എന്തു ചെയ്യും..

ഗൂഗിളീനും, അഗ്രിഗേറ്ററുകള്‍ക്കും,ഇപത്രം,തനിമലയാളം,ചിന്ത,മൊഴികീമാന്‍,മലയാളം ബ്ലോഗ് യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രയത്നിച്ച് അനേക നല്ല മനുഷ്യര്‍ക്കും നന്ദി..

നമ്മുടെ ഈ ആവിഷ്കാരവിസ്ഫോടനം നാം പക്വതയോടെ ക്രിയാത്മകമായി ഉപയോഗിക്കുക....

സാദാ സാഹിത്യകാരന്മാരുടെ ചന്ത പയറ്റ് നാം അനുകരിക്കേണ്ട, കാരണം ബ്ലോഗില്‍ തോണ്ണൂറു ശതമാനവും ഉള്ളില്‍ത്തട്ടിയുള്ള എഴുതതാണ്, സാങ്കേതികതയോ, അക്രുത്രിമമോ ഇപ്പോഴില്ല...

എല്ലാവരും ഒരുമിച്ചു നില്‍ക്കണം...അഭിപ്രായമുണ്ടാകണം, പക്ഷേ എന്തുവിലകൊടുത്തും ചേരിതിരിവു നിര്‍ത്തണം..

Nachiketh said...

)-

കണ്ണൂസ്‌ said...

ഇത് വിലസി മാഷേ. സാഹസിക യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങിനെ വേണം. പൂക്കളുടെ താഴ്‌വരയെ പറ്റി കേട്ടിട്ടുണ്ട്. ബ്ലോഗില്‍ തന്നെ എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്.

ഇനി ബദ്‌രിയിലോ കേദാരത്തോ ഒന്നും പോവാന്‍ ഈ ജന്മത്തില്‍ പറ്റുമെന്ന് തോന്നുന്നില്ല. ഹരിദ്വാറും ഋഷികേശും കണ്ടതു തന്നെ വലിയ ഭാഗ്യം!

പാമരന്‍ said...

ഐ എന്‍വീ യൂ, മാഷെ..!

Anonymous said...

Hi,
Nalla rasamaayi vayichu.Ente chardham yatra ormippichu.Rudraprayagile nadikalude irambal ippazhum manasilund.urumpinte maathiri sikhukar malachavittunnath kandu.athradooram nadakkanulla madi kondu Valley annu vittathanu. Nashtabodham thonnunnu ithu vaayichappo. Kannoos paranjapole ini oru Himalayan yaatra pattumennum thonnunnilla.
Nandi ithu postiyathinu.

Unknown said...

mashe.. kalakki..
nalla oru yaathraanubhavavum oppam nalla oru vaayanaanubhavavum thanna post..

really nice one.

Sarija NS said...

ഇത്രെയുള്ളൊ?

ശ്രുതസോമ said...

nice..
nice writing,nice fotos,everything nice...!!