Saturday, November 14, 2009

ഹിമാലയത്തിനുമുകളില്‍


ഇത്‌ എന്റെ രണ്ടാമത്തെ ഹിമാലയന്‍ ട്രെക്കിംഗ്‌ ആണ്‌. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വാലി ഓഫ്‌ ഫ്ളവേര്‍സ്‌ കാണാന്‍ പോയിരുന്നതിനെപറ്റി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.

ഇത്തവണ ചന്ദ്രശില എന്ന പര്‍വതത്തിന്റെ മുകളില്‍ കയറി. ചന്ദ്രശില പഞ്ചകേദാരങ്ങളിലൊന്നായ
തുംഗനാഥ്‌ സ്ഥിതി ചെയ്യുന്ന പര്‍വതത്തിണ്റ്റെ ഏറ്റവും മുകള്‍ ഭാഗത്താണ്‌. കേദാര്‍നാഥിനടുത്താണ്‌ ചന്ദ്രശില പര്‍വതം. സമുന്ദ്രനിരപ്പില്‍നിന്ന്‌ 4090 മീറ്റര്‍ ഉയരമുണ്ട്‌ (13415 അടി) കേദാര്‍ നാഥ്‌, തുംഗനാഥ്‌, മധ്യമഹേശ്വര്‍, രുദ്രനാഥ്‌, കല്‍പനാഥ്‌ എന്നീ അഞ്ച്‌ ശിവക്ഷേത്രങ്ങളാണ്‌ പഞ്ചകേദാരങ്ങള്‍ എന്ന്‌ അറിയാപ്പെടുന്നത്‌. ഇവയോരോന്നും ഹിമാലയത്തിലെ അഞ്ച്‌ പര്‍വതങ്ങളിലായി സ്ഥിതി ചെയ്യുന്നു.


ചന്ദ്രശിലമഹാഭാരതയുദ്ധം കഴിഞ്ഞ്‌ പാണ്ഡവന്‍മാര്‍ പ്രയശ്ചിത്തം ചെയ്യാന്‍ കാശിയില്‍ ചെന്നപ്പോള്‍ ശിവന്‍ അവരെക്കണ്ട്‌ അവിടെനിന്നും ഓടി ഒരു കാളയുടെ രൂപത്തില്‍ ഹിമാലയത്തില്‍ മേഞ്ഞുനടന്നു എന്നും ആ കാളയെക്കണ്ട്‌ ശിവനാണെന്ന്‌ തിരിച്ചറിഞ്ഞ പാണ്ഡവന്‍മാര്‍ പിടിക്കാന്‍ ചെന്നപ്പോള്‍ കാള മണ്ണിനടിയിലേക്ക്‌ മറഞ്ഞെന്നും പാണ്ഡവന്‍മാര്‍ അഞ്ചുപേരും അഞ്ചു സ്ഥലത്ത്‌ പിടിച്ച്‌ കാളയെ പൊക്കാന്‍ ശ്രമിച്ചെന്നും അങ്ങനെ ഹിമാലയത്തില്‍ അഞ്ചു സ്ഥലങ്ങളില്‍ കാളയുടെ ശരീരഭാഗങ്ങല്‍ പൊങ്ങി വന്നെന്നുമാണ്‌ ഐതിഖ്യം. ഈ അഞ്ച്‌ സ്ഥലങ്ങളില്‍ ഉള്ള ശിവക്ഷേത്രങ്ങളാണ്‌ പഞ്ചകേദാരങ്ങള്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഒരോന്നിലേക്കുമുള്ള യാത്ര വളരെ ദുര്‍ഘടമാണ്‌.
തുംഗനാഥ്‌ ക്ഷേത്രംചന്ദ്രശിലയുടെ പ്രത്യേകത അവിടെ നിന്നു നോക്കിയാല്‍ ഹിമാലയത്തിന്റെ 360 ഡിഗ്രിയുള്ള കാഴ്ച കാണാന്‍ പറ്റുമെന്നതാണ്‌. എത്തുന്ന വഴി ഇങ്ങനെ- ഹരിദ്വാര്‍, ഋഷികേശ്‌, ദേവപ്രയാഗ്‌, രുദ്രപ്രയാഗ്‌, ഗുപ്തകാശി വഴി ഉഖിമത്‌ എന്ന സ്ഥലത്തെത്തി ചോപ്ത എന്ന ബേസ്‌ ക്യാമ്പില്‍ എത്തുന്നു. ചോപ്ത വരെ കാറില്‍ എത്താം.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ തുംഗനാഥിലേക്ക്‌ ഭക്തന്‍മാര്‍ പോകുന്ന സീസണായതുകൊണ്ട്‌ മാര്‍ച്ച്‌ മാസം ആദ്യമാണ്‌ ട്രെക്കിങ്ങിന്‌ തീരുമാനിച്ചത്‌.മഞ്ഞുവീഴുന്ന സീസണില്‍ പത്തടിയിലേറെ മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലമാണ്‌.മാര്‍ച്‌ മാസമായതുകൊണ്ട്‌ ചന്ദ്രശിലയില്‍ മഞ്ഞുമുഴുവന്‍ ഉരുകിക്കഴിഞ്ഞിട്ടില്ല.ഓഫ്‌ സീസണായതുകൊണ്ട്‌ ആരും ആ പ്രദേശത്തെങ്ങുമില്ല. ചോപ്തക്കടുത്തുള്ള ഒരു ഗസ്റ്റ്‌ ഹൌസ്‌ ഞങ്ങള്‍ക്കു വേണ്ടി തുറപ്പിക്കാന്‍ രുദ്രപ്രയാഗിലുള്ള അതിണ്റ്റെ ഉടമസ്ഥനെ വിളിച്ചേര്‍പ്പാടാക്കി.

തുംഗനാഥ്‌ വരെയുള്ള കയറ്റം തുടങ്ങുമ്പോള്‍ തന്നെ വഴിയുടെ വശങ്ങളില്‍ മഞ്ഞ്‌ കണ്ടുതുടങ്ങുന്നു. കയറ്റം ആയാസകരമാണ്‌. മഞ്ഞുകാലങ്ങളില്‍ തുംഗനാഥ്‌ ക്ഷേത്രം വിജനമാണ്‌. മഞ്ഞുവീണുതുടങ്ങുന്ന നവംബര്‍ മാസം മുതല്‍ ഏപ്രില്‍ വരെ അമ്പലത്തിലെ വിഗ്രഹം താഴെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലേക്ക്‌ മാറ്റുന്നു. തുംഗനാഥ്‌ ക്ഷേത്രത്തില്‍നിന്നും ചന്ദ്രശിലയിലേക്കുള്ള വഴി വളരെ ദുര്‍ഘടമാണ്‌. കുത്തനെയുള്ള കയറ്റം. വഴി മിക്ക സ്ഥലത്തും മഞ്ഞുവീണ്‌ നിറഞ്ഞ്‌ കിടക്കുകയാണ്‌.വഴി ഒഴിവാക്കി കുത്തനെയുള്ള കയറ്റം കയറി. ഓക്സിജന്റെ കുറവുള്ളതുകൊണ്ട്‌ വളരെ സാവധാനം മാത്രമെ കയറാന്‍ പറ്റുകയുള്ളു. വളരെ വിഷമിച്ച്‌ ചന്ദ്രശിലയുടെ മുകളില്‍ എത്തി. അവിടെ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്‌. 360 ഡിഗ്രിയില്‍ ഹിമാലയത്തിണ്റ്റെ കാഴ്ച. നന്ദാദേവി, കേദാര്‍, തൃശൂല്‍, ചൌക്കംബ തുടങ്ങിയ കൊടുമുടികളുടെ മായക്കാഴ്ച്ചകള്‍ കണ്‍മുന്‍പില്‍.ചന്ദ്രശിലയുടെ മുകള്‍ ഭാഗത്ത്‌ ഒരു ചെറിയ ക്ഷേത്രം ഉണ്ട്‌. രാവണനെ തോല്‍പ്പിച്ച്‌ രാമന്‍ ചന്ദ്രശിലയില്‍ വന്ന്‌ തപസ്സ്‌ ചെയ്തു എന്നും ഐതിഹ്യം.

ചോപ്തക്കടുത്ത്‌ മറ്റൊരു പര്‍വതത്തിനുമുകളില്‍ ദൌരിയ താല്‍ എന്ന ഒരു തടാകം ഉണ്ട്‌. ഇതിനും മഹാഭാരതവുമായി ബന്ധപ്പെട്ട കഥയുണ്ട്‌. വനവാസകാലത്ത്‌ പാണ്ഡവന്‍മാരെ യമന്‍ പരീക്ഷിച്ചതെന്ന്‌ ഐതിഖ്യം. തടാകം 2438 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.13 comments:

vadavosky said...

ഈ വര്‍ഷം ഞാന്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള (ചന്ദ്രശില, ഹംപി, കാത്മന്‍ഡു, ലഡാക്ക്‌, ലക്നൌ) ചെറിയ കുറിപ്പുകളുടെ ആദ്യ ഭാഗമാണിത്‌

ഗുപ്തന്‍ said...

വഡോ.. എനിക്ക് അസൂയ കുശുമ്പ് മനക്ലേശം ... :)

ഒരിക്കല്‍ ഞാ‍ാനും പോം നോക്കിക്കോ :)

ബാക്കി വേഗം വിട്.. ഒക്കേം ഇപ്പഴേ ഒന്നു കണ്ടുവയ്ക്കാലോ

ഓഫ്. ലാസ്റ്റ് സെന്റന്‍സിനെ തൊട്ടുമുന്നില്‍ ഒരു ഗ്ലെയറിംഗ് റ്റൈപ്പോ. :)

നൊമാദ് | ans said...

ഹിമാലയത്തെ കുറിച്ചുള്ള കുറിപ്പുകള്‍ എപ്പോഴും വല്ലാതെ റ്റെമ്പ്റ്റിങ്ങ് ആണ്. നന്ദി ഈ ചിത്രങ്ങള്‍ക്കും കുറിപ്പിനും

-സു‍-|Sunil said...

വാടോ.. അസൂയപ്പെടുത്താതെ.. ഞാനും പോവും ട്ടോ.
-സു-

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വടവോസ്കി:
ഇനിയുള്ള പോസ്റ്റുകളില്‍ ട്രെക്കിങ്ങിണ്റ്റെ ഡിറ്റൈല്‍സ്‌ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുക.
(മനസുകൊണ്ടെങ്കിലും ഒന്നു കയറാമെന്നു വെച്ചിട്ടാണ്‌)
നന്ദി ഈ വിവരണത്തിനു.

kichu / കിച്ചു said...

എന്നും കൊതിക്കുന്ന മാടി വി്‍ളിക്കുന്ന ഒരു ഭൂമി.. ഹിമവാന്റെ ആ മടിത്തട്ടിലേക്ക് പോകും ഞാനുമൊരിക്കല്‍..

ശ്രീവല്ലഭന്‍. said...

കുറെ നാളായല്ലോ കണ്ടിട്ട്. നന്ദി

പോങ്ങുമ്മൂടന്‍ said...

ഹരിദ്വാര്‍, ഋഷികേശ്‌, ദേവപ്രയാഗ്‌, രുദ്രപ്രയാഗ്‌, ഗുപ്തകാശി വഴി ഉഖിമത്‌ എന്ന സ്ഥലത്തെത്തി ചോപ്ത എന്ന ബേസ്‌ ക്യാമ്പില്‍ എത്തുന്നു. ചോപ്ത വരെ കാറില്‍ എത്താം.

ചോപ്തയില്‍ നിന്ന് ചന്ദ്രശില വരെ എത്ര ദൂരം നടക്കാനുണ്ട്?

vadavosky said...

പോങ്ങുമ്മൂടന്‍,
ചോപ്തയില്‍ നിന്ന് തുംഗനാഥ്‌ വരെ അഞ്ചു-ആറുകിലോമീറ്റര്‍. അവിടെ നിന്ന് ചന്ദ്രശില വരെ രണ്ടു കിലോമീറ്റര്‍ വരും. തുംഗനാഥ്‌ വരെ വഴി പണിതിട്ടൂണ്ട്‌. മഞ്ഞുകാലത്ത്‌ വഴി മുഴുവന്‍ മഞ്ഞുവീണിരിക്കും.

Ranjith chemmad said...

നന്ദി കുറിപ്പിനും ചിത്രങ്ങള്‍ക്കും..

Captain Haddock said...

അപ്പം എന്‍റെ യാത്ര ഒന്നും ഒരു യാത്ര അല്ലാ..അല്ലെ..

Thanks a TON !!!

നിരക്ഷരന്‍ said...

എന്താദ് വടവോസ്ക്കീ ? ഇടയ്ക്കിടയ്ക്ക് ഹിമാലയത്തില്‍ പോകുന്നോ ? മനുഷ്യരെ അസൂയപ്പെടുത്തുന്നതിനും ഒരു അതിരൊക്കെ നിശ്ചയിക്കണം ഇനി മുതല്‍ .

സമാധി ആകാന്‍ വേണ്ടിയെങ്കിലും ഒരിക്കല്‍ ഒന്ന് പോകാന്‍ പറ്റിയാല്‍ മതിയായിരുന്നു. നൈനിറ്റാളില്‍ ഒരു മല മുകളില്‍ കേറിനിന്ന് നോക്കിയപ്പോള്‍ ഹിമവാന്റെ മഞ്ഞുമൂടിയ ഏതോ ഒരു കൊടുമുടി വളരെ ദൂരെയായി കണ്ടതുമാത്രമാണു്‌ ആകെയുള്ള അനുഭവം.

ഈ വിവരണം ഒരു പ്രചോദനമാകുന്നുണ്ട്. ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നതിനോടൊപ്പം , കൂടുതല്‍ പടങ്ങള്‍ കാണിക്കാത്തതില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു :)

siva // ശിവ said...

ഹിമാലയം എന്നും മനസ്സിന്റെ ഒരാവേശമാണ്. രാമചന്ദ്രന്‍നായരുടെ ഹിമാലയന്‍ യാത്രാവിവരണങ്ങളുടെ ബുക്കുകള്‍ വായിച്ചപ്പോള്‍ ഒരിക്കല്‍ പോകും എന്നുറപ്പിച്ചു. ഇതു വായിച്ചപ്പോള്‍ വീണ്ടും എത്രയും പെട്ടെന്ന് പോകാന്‍ തോന്നുന്നു. നന്ദി ഈ പോസ്റ്റിന്...