Thursday, August 7, 2008

ഹിമാലയന്‍ യാത്ര

ഒരു ഹിമാലയന്‍ യാത്രയിലായിരുന്നു. Valley of Flowers( വിക്കി ലേഖനം ഇവിടെ) കാണണമെന്ന് കുറേ നാളുകളായുള്ള ആഗ്രഹമായിരുന്നു. തൃശൂരില്‍ നിന്നുള്ള ബാബു എന്ന സുഹൃത്തും കൂടി കുറെ നാളുകള്‍ മുന്‍പ്‌ തീരുമാനിച്ചതാണ്‌.

Valley of Flowers ഉത്തരാഖണ്ടില്‍ ഹിമാലയത്തില്‍ സമുദ്രനിരപ്പിന്‌ 1400 അടി ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.ഡല്‍ഹിയില്‍ നിന്ന്‌ മൂന്നു ദിവസത്തെ യാത്ര വേണം അവിടെ എത്തിച്ചേരാന്‍. ജൂണ്‍, ആഗസ്റ്റ്‌, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമേ അവിടെ പോകാന്‍ പറ്റുകയുള്ളു. ബാക്കി മാസങ്ങളില്‍ പത്തടിയിലേറെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശമാണ്‌.

ഹരിദ്വാറില്‍ നിന്ന് ബദ്രിനാഥിലേക്കുള്ള വഴിയില്‍ ഗോവിന്ദ്ഘാട്ട്‌ എന്ന സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ നടന്ന് മലകയറി ഗാങ്ഗരിയ എന്ന base camp ല്‍ എത്തി പിറ്റേദിവസം വാലിയിലേക്ക്‌ 5 കിലോമീറ്റര്‍ നടന്ന് അന്നു തന്നെ തിരിച്ചെത്തണം.താഴെക്കാണുന്ന ചിത്രം ഈ പ്രദേശത്തിന്റെ ഏകദേശരൂപം നല്‍കും.




ഡല്‍ഹിയില്‍ നിന്ന് രാവിലെയുള്ള ശതാബ്ദി ട്രയിനില്‍ ഹരിദ്വാറില്‍ ഉച്ചക്കുമുന്‍പ്‌ എത്തി.അവിടെനിന്ന് ഒരു ലോക്കല്‍ ബസ്സ്റ്റാന്റില്‍ അന്വേഷിച്ചപ്പോള്‍ ശ്രീനഗര്‍ (കാശ്മീരിലെ അല്ല) എന്ന സ്ഥലം വരെ മാത്രമേ അപ്പോള്‍ ബസ്സുള്ളു.പത്ത്‌ പതിനൊന്ന് മണിക്കൂര്‍ ബസ്സിലിരിക്കണം.സാഹസികയാത്ര ആയതുകൊണ്ട്‌ ആ ബസില്‍ കയറി.മിനിബസ്സാണ്‌. കാലൊന്ന് നീട്ടിവയ്ക്കാന്‍ കൂടി പറ്റില്ല. പോകാന്‍ സമയമായപ്പോഴേക്കൂം ബസ്സില്‍ നിറയെ ആളുകള്‍ കയറി. കൂറ്റന്‍ മലകളുടെ സൈഡിലൂടെയുള്ള റോഡിലൂടെ ആടിയുലഞ്ഞാണ്‌ ബസ്സിന്റെ പോക്ക്‌. റോഡില്‍ നിന്ന് വളരെ വളരെ താഴെ ഗംഗ ഒഴുകുന്നുണ്ട്‌.

ഇടയ്ക്ക്‌ മലയിടിച്ചില്‍ ഉണ്ടായതുകൊണ്ട്‌ ബസ്സിന്റെ പോക്ക്‌ സാവധാനമാണ്‌. മണിക്കൂറുകള്‍ എടുത്ത്‌ ബസ്സ്‌ ദേവപ്രയാഗില്‍ എത്തി. ദേവപ്രയാഗില്‍ അളകനന്ദ, ഭാഗീരധി എന്നീ നദികള്‍ എന്നിച്ചുചേര്‍ന്ന് ഗംഗയായിത്തീരുന്നു.

രാത്രി എട്ട്‌ മണിയായപ്പോള്‍ ശ്രീനഗറില്‍ എത്തി. അവിടെ നിന്ന് മറ്റൊരു ചെറിയ ബസ്സില്‍ രുദ്രപ്രയാഗില്‍ എത്തിപ്പെട്ടു. രുദ്രപ്രയാഗില്‍ അളകനദ നദിയില്‍ മന്ദാകിനി നദി ലയിക്കുന്നു. അന്ന് അവിടെ താമസിച്ച്‌ പിറ്റേദിവസം ഒരു ജീപ്പില്‍ ഗോവിന്ദഘാട്ടില്‍ എത്തി.ഇവിടെ നിന്നാണ്‌ നടപ്പ്‌ തുടങ്ങേണ്ടത്‌.

സിഖുമതക്കാരുടെ തീര്‍ഥാടനകേന്ദ്രമായ ഹേമകുണ്ട്‌ സാഹിബ്‌ വാലി ഒാഫ്‌ ഫ്ലവേര്‍സിനടുത്താണ്‌. ഗാങ്ങരിയില്‍ താമസിച്ച്‌ ആളുകള്‍ വേറൊരു വഴിയിലൂടെ അവിടേക്കു പോകുന്നു. ഗോവിന്ദഘാട്ടില്‍ ധാരാളം ആളുകള്‍ മല കയറാനുണ്ട്‌. ഞങ്ങളുടെ ബാഗ്‌ ചുമക്കാന്‍ ഒരു പോര്‍ടറെ കിട്ടി. പോര്‍ട്ടറില്ലാതെ മല കയറാന്‍ പറ്റില്ല. കുത്തിപ്പിടിക്കാന്‍ ഒരു മുള വടി പതിനഞ്ചുരൂപയ്ക്ക്‌ വാങ്ങി മലകയറാന്‍ തുടങ്ങി.


ഗാങ്ങരിയ വരെയുള്ള 14 കിലോമിറ്റര്‍ ദൂരം കൂറ്റന്‍ പര്‍വതനിരയുടെ സൈഡിലൂടെ കുത്തനെയുള്ള കയറ്റമാണ്‌. കുറച്ചു ദൂരം നിരപ്പായുള്ള വഴിയുണ്ടാവും. ആദ്യത്തെ നാലുകിലോമിറ്റര്‍ വലിയ കുഴപ്പമില്ലാതെ കയറി. പിന്നിടുള്ള നടപ്പ്‌ യാതനാപൂര്‍ണ്ണമായി. അഞ്ചോ ആറോ അടി നടക്കുമ്പോള്‍ തന്നെ ശ്വാസം കിട്ടാതെ കിതയ്ക്കാന്‍ തുടങ്ങി. ഹൃദയം ശക്തിയായി ഇടിക്കുന്നത്‌ നെഞ്ചില്‍ നോക്കിയാല്‍ കാണാം. ധാരാളം സിഖുകാര്‍ മല കയറാനുണ്ട്‌. അവര്‍ക്ക്‌ ഭക്തി ഉള്ളതുകൊണ്ട്‌ കയറ്റം സഹിച്ചുകയറാം. valley of flowers കാണാനായി പത്തു പതിഞ്ചുപേരില്‍ കൂടുതലുണ്ടാകാന്‍ സാധ്യതയില്ല. കുതിരപ്പുറത്തും ആളുകള്‍ പോകുന്നുണ്ട്‌.

മനോഹരമായ കാഴ്ചകളാണ്‌ വഴിയില്‍. ആകാശം മുട്ടെ നില്‍ക്കുന്ന കൂറ്റന്‍ പര്‍വതങ്ങള്‍ ചുറ്റിലും.താഴെ കൂലംകുത്തൊയൊഴുകുന്ന നദി. പക്ഷെ നടപ്പിന്റെ ആയാസം കൊണ്ട്‌ ഇതൊന്നും നോക്കാന്‍ തന്നെ പറ്റില്ല.

പത്തുകിലോമിറ്റര്‍ പിന്നിട്ടപ്പോഴേക്കും ഞങ്ങളുടെ രണ്ടുപേരുടേയും കാലിന്റെ ജോയിന്റൊക്കെ ഇളകി. പിന്നെയുള്ള വഴി കൂടുതല്‍ കുത്തനെയുള്ളതും ക്ലേശകരവുമായി. ഓക്സിജന്റെ അളവ്‌ കുറയുന്നതുകൊണ്ട്‌ കിതപ്പിന്റെ വേഗം കൂടി.

രാത്രി ഒന്‍പതുമണിയോടെ ഗാങ്ങരിയയില്‍ ഒരുകണക്കിന്‌ എത്തിച്ചേര്‍ന്നു. വര്‍ഷത്തില്‍ മൂന്നുമാസം മാത്രം തുറക്കുന്ന കുറച്ച്‌ ഹോട്ടലുകള്‍ ഉണ്ട്‌. ജനറേറ്റര്‍ കൊണ്ടാണ്‌ വൈദ്യുതി. അതുകൊണ്ട്‌ വെളിച്ചം വൈകിട്ട്‌ ആറുമണി മുതല്‍ പത്തുമണി വരെയെ ഉള്ളു. എല്ലാ സാധങ്ങളും കുതിരപ്പുറത്ത്‌ ഗോവിന്ദഘാട്ടില്‍ നിന്ന് കൊണ്ടു വരുന്നതുകൊണ്ട്‌ സാധങ്ങള്‍ക്ക്‌ വില വളരെക്കൂടുതലാണ്‌. തീര്‍ഥാടകര്‍ ധാരാളം ഉണ്ട്‌.ഹേമകുണ്ട്‌ സാഹിബിലേക്കും valley of flowers ലേക്കും ഇവിടെനിന്ന് രണ്ടുവഴികളാണ്‌.

നടപ്പിന്റെ അവശത കാരണം പിറ്റേദിവസം നടക്കാന്‍ പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു.പക്ഷെ പിറ്റേദിവസം ആകെ ഉഷാറായി. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് കുറച്ച്‌ സാന്‍വിച്ച്‌ പൊതിഞ്ഞ്‌ രാവിലെ പൂക്കള്‍ കാണാന്‍ പുറപ്പെട്ടു. ഗാങ്ങരിയയില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ വീണ്ടും മല കയറണം. വീണ്ടും കിതപ്പ്‌,നടപ്പ്‌ കിതപ്പ്‌ നടപ്പ്‌. അതിമനോഹരമായ പുല്‍മേടുകള്‍ക്കിടയിലൂടെ മഞ്ഞുരുകിവരുന്ന നീര്‍ച്ചാലുകള്‍ കടന്നാണ്‌ പോക്ക്‌. പോകുന്ന വഴിയില്‍ ഒരു Glacier ഉണ്ട്‌. അഞ്ചുകിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ valley of flowers ന്റെ ബോര്‍ഡ്‌ വച്ചിരിക്കുന്നത്‌ കണ്ടു. ഒരു താല്‍ക്കാലിക പാലം കടന്നപ്പോള്‍ നീലപ്പൂക്കളുടെ ഒരു പാടം കണ്ടു. ഇത്ര മനോഹരമായ കാഴ്ച വേറെ കണ്ടിട്ടില്ല. പിന്നെ മഞ്ഞ, വെള്ള, ചുവപ്പ്‌ എന്നിങ്ങനെ പല നിറത്തിലുള്ള ഇതുവരെ കണ്ടിട്ടില്ലാത്ത പൂക്കളുടെ കാഴചകളാണ്‌.അറുകിലോമിറ്ററിലധിയകം പൂക്കളുടെ പാടം. ചുറ്റും മഞ്ഞുമലകള്‍.ഇത്രയും നടന്നുവന്ന ക്ലേശം എല്ലാം മറന്നേ പോയി.








Glacier


മണിക്കൂറുകള്‍ കടന്നുപോയത്‌ അറിഞ്ഞില്ല. ഉച്ചക്ക്‌ കൊണ്ടുവന്ന ഭക്ഷണം ഒരു അരുവിയുടെ അരികില്‍ പാറപ്പുറത്തിരുന്ന് കഴിക്കുമ്പോള്‍ കുടിക്കാന്‍ ശരിക്കുമുള്ള മിനറല്‍ വാട്ടര്‍ മുന്നിലൂടെ ഒഴുകുന്നു.ധാരാളം കോരിക്കുടിച്ചു. ഹിമാലയത്തിലെ മഞ്ഞുരുകി വന്ന തണുത്ത വെള്ളം.















പിറ്റേ ദിവസം തിരിച്ചിറങ്ങി ബദ്രീനാഥിലേക്ക്‌ ബസ്സ്‌ പിടിച്ചു.മഞ്ഞുകാലത്ത്‌ പൂര്‍ണ്ണമായും മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലമാണ്‌ ബദ്രീനാഥ്‌. ആദിശങ്കരന്‍ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന ബദ്രീനാഥ്‌ ക്ഷേത്രത്തില്‍ മുഖ്യപൂജാരി കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയാണ്‌



ബദ്രീനാഥില്‍ നിന്നുള്ള കാഴ്ച

ബദ്രീനാഥില്‍ നിന്ന് പിന്നെയും പോയാല്‍ മാനാ എന്ന അതിര്‍ത്തിയിലെ അവസാനത്തെ ഗ്രാമമാണ്‌. അവിടെ വ്യാസന്‍ മഹഭാരതം എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗുഹയ്ക്കരികില്‍ ഒരു ചായക്കടയുണ്ട്‌. ഇന്‍ഡ്യന്‍ അതിര്‍ത്തിയിലെ അവസാനത്തെ ചായക്കട എന്ന് എല്ലാ ഭാഷയിലും എഴുതി വച്ചിട്ടുണ്ട്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യയും ഈ അവസാനത്തെ ചായക്കടയ്ക്ക്‌ ഒരു ബോര്‍ഡ്‌ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.




ബദ്രീനാഥില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള ബസ്സില്‍ പലതരത്തിലുള്ള സന്യാസിമാരുണ്ടായിരുന്നു. വഴിയില്‍ മൂന്നിടത്ത്‌ മലയിടിച്ചിലുണ്ടായതുകൊണ്ട്‌ ബസ്സ്‌ മിക്കപ്പോഴും വഴിയില്‍ കിടപ്പായിരുന്നു. ശ്രീനഗറില്‍ എത്തിയപ്പോള്‍ രാത്രി ആയതുകൊണ്ട്‌ ബസ്സ്‌ പിറ്റേ ദിവസമേ പോകൂ. ഒരു ജീപ്പ്‌ വിളിച്ചു. വളരെ അപകടസാധ്യതയുള്ള വഴിയാണ്‌. റോഡിന്റെ ഒരു വശത്ത്‌ വളരെ താഴ്ചയില്‍ നദി ഒഴുകുന്നു. ജീപ്പ്‌ ഒന്ന് പാളിയാല്‍ അപകടം നടന്നതായിപ്പോലും ആരും അറിയില്ല. ഡ്രൈവര്‍ ഒരു ചെക്കനായിരുന്നു. അഞ്ചുവയസ്സുമുതല്‍ ആ വഴി പരിചയമാണെന്നാണ്‌ അവന്‍ പറഞ്ഞത്‌. വഴിക്ക്‌ ഭക്ഷണം കഴിക്കാന്‍ ഡാബയില്‍ നിര്‍ത്തി ഒരു കഞ്ചാവ്‌ ബീഡി അവന്‍ ആഞ്ഞാഞ്ഞു വലിക്കുന്നത്‌ കണ്ടതില്‍പ്പിന്നെ ഹരിദ്വാര്‍ എത്തുന്നത്‌ വരെ കണ്ണുചിമ്മാന്‍ പോലും പറ്റിയില്ല.

ഇങ്ങനെയുള്ള യാത്ര തരുന്ന കൗതുകരമായ കാഴ്ചകളും അനുഭവങ്ങളൂം മനസ്സില്‍ നിന്ന് പോകാന്‍ സമയം പിടിക്കും. വഴിയില്‍ സുലഭമായി കിട്ടുന്ന പഴുക്കാത്ത ആപ്പിളിന്റെ ചവര്‍പ്പ്‌, മലയിടിച്ചില്‍ കാരണം ബസ്സ്‌ വഴിയില്‍ കിടക്കുമ്പോള്‍ അഫ്ഗാന്‍ വേഷമിട്ട മുസ്ലീം പണ്ഡിതനും തുടരെ ബീഡി വലിക്കുന്ന ഒരു മുണ്ട്‌ മാത്രമുടുത്ത സ്വാതികനായ ഒരു സന്യാസിയും തമ്മിലുള്ള ഫിലൊസൊഫിക്കല്‍ ചര്‍ച്ച, എപ്പോഴും വഴിയുടെ ഒരു വശത്തുകൂടി ഒഴുകുന്ന അളകനന്ദയുടെ ആരവം,ആകാശം മുട്ടിനില്‍ക്കുന്ന മലകള്‍, ആലുപൊറോട്ടയുടെ മടുപ്പിക്കുന്ന സ്വാദ്‌,ശ്വാസകോശം നിറക്കുന്ന തണുത്ത ശുദ്ധവായു, പേരറിയാത്ത ഒരുപാടുപൂക്കളുടേയും വൃക്ഷപ്പച്ചകളുടേയും സുഗന്ധം,എപ്പോഴും വന്നു മൂടാവുന്ന കോടമഞ്ഞ്‌,മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടികള്‍, ഭയാനകമായ താഴ്ച്ചയുള്ള കൊക്കക്കരികിലൂടെ അനായാസം ബസ്സോടിക്കുന്ന ഡ്രൈവര്‍, റേഞ്ചുള്ള സ്ഥലത്തുവരുമ്പോള്‍ എപ്പോഴും വരാവുന്ന ഒരുപാട്‌ മൊബെയില്‍ കോളുകള്‍. അങ്ങനെയങ്ങെനെ......



അളകനന്ദ

Thursday, March 27, 2008

കാപ്പിലാന്റെ ഷാപ്പ്‌

വടക്കേ അമേരിക്കയിലെ ടിട്രോയിട്ട്‌ പഞ്ചായത്തില്‍ കാപ്പിലാന്‍ നടത്തുന്ന ഷാപ്പ്‌







കാപ്പിലാന്റെ മെനു.

മുന്തിരി കള്ള്‌
കപ്പ, കപ്പ ബിരിയാണി, അപ്പം, പുട്ട്‌, പൊറോട്ട, താറാവ്‌ കറി, കോഴി കറി, കരിമീന്‍ കറി, വരാല്‍ കറി, ബീഫ്‌, കൊഞ്ച്‌, കക്കയിറച്ചി, പന്നിയിറച്ചി,കല്ലുമ്മക്കായ്‌,മുയല്‍, ചെമ്മീന്‍, നെന്മീന്‍

Saturday, March 8, 2008

ബ്ലോഗും പകര്‍പ്പവകാശവും- മൂന്നാം ഭാഗം.

പകര്‍പ്പവകാശലംഘനമുണ്ടായാല്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിക്കാം എന്ന് വിശദീകരിക്കുന്നതിനുമുന്‍പ്‌ ചില കമന്റുകളിലുള്ള സംശയങ്ങള്‍ക്ക്‌ മറുപടി പറയേണ്ടത്‌ ആവശ്യമായി വരുന്നു.

വഴിപോക്കന്‍ സോഫ്റ്റ്‌വെയറുകളുടെ പകര്‍പ്പവകാശത്തിനെക്കുറിച്ച്‌ എഴുതിയിരുന്നതിന്‌ എനിക്ക്‌ പറയാനുള്ളത്‌ ഇതാണ്‌. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമനുസരിച്ച്‌ സോഫ്റ്റ്‌വെയറുകള്‍ക്ക്‌ കോപ്പിറൈറ്റ്‌ ഉണ്ട്‌. മാനവരാശിയുടെ പൊതുസ്വത്ത്‌ എന്ന നിലയില്‍ സോഫ്റ്റ്‌വെയറുകള്‍ക്ക്‌ കോപ്പിറൈറ്റ്‌ പാടില്ല എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ഈ ലേഖനത്തില്‍ ഞാന്‍ ഇന്റര്‍നെറ്റിലെ കോപ്പിറൈറ്റിനെക്കുറിച്ച്‌ മാത്രമാണ്‌ വിവരിച്ചത്‌. അതും ഒരു ബ്ലോഗിലെ സൃഷ്ടിയുടെ പകര്‍പ്പവകാശം.

പകര്‍പ്പവകാശം ഒരു സാമ്പത്തികാവകാശമാണ്‌ (economic right). അതുകൊണ്ടുതന്നെ സോഫ്റ്റ്‌വെയറിന്‌ പകര്‍പ്പവകാശമില്ലാതാക്കാന്‍ ആ രംഗത്തെ കുത്തകള്‍ക്ക്‌ സ്വഭാവികമായും താല്‍പര്യമുണ്ടാവില്ല. ഒരു രാജ്യത്തെ നിയമം മാറ്റേണ്ടത്‌ ആ രാജ്യത്തെ ഗവണ്മെന്റാണ്‌. എന്തുകൊണ്ട്‌ അത്‌ കഴിയുന്നില്ല എന്നത്‌ ആ നിയമങ്ങള്‍ എങ്ങനെ ഉണ്ടാവുന്നു എന്നതിനേയും, രാഷ്ര്ടീയ മനക്കരുത്തിനേയും ആശ്രയിച്ചിരിക്കും സുനിലിന്റേയും അങ്കിളിന്റേയും സംശയങ്ങള്‍ക്കുള്ള മറുപടിയില്‍ അത്‌ വിശദീകരിക്കാം.

ബ്ലോഗിലെ സൃഷ്ടികള്‍ക്ക്‌ പകര്‍പ്പവകാശം വേണ്ടതുതന്നെയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ചും ബ്ലോഗിലെ രചനകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തില്‍. ബൂലോഗത്തെ പുസ്തകങ്ങളാകാന്‍ സാധ്യതയുള്ള ചില ബ്ലോഗുകള്‍ ( ഉദാഹരണത്തിന്‌ പെരിങ്ങോടന്‍, സിജി, ഗുപ്തന്‍ തുടങ്ങിയവരുടെ കഥകള്‍, ജി. മനുവിന്റെ പോസ്റ്റുകള്‍, പാചകബ്ലോഗുകള്‍) മറ്റാരെങ്കിലും എടുത്ത്‌ വേറെ പേരില്‍ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കില്‍ വേറൊരു ബ്ലോഗ്‌ തുടങ്ങുകയോ ചെയ്താല്‍ എന്താണ്‌ ഈ ബ്ലോഗര്‍മാര്‍ക്കുള്ള നഷ്ടപരിഹാരം. പകര്‍പ്പവകാശമില്ലെങ്കില്‍ എന്ത്‌ പ്രതിവിധിയാണ്‌ ഇവര്‍ക്കുള്ളത്‌. അല്ലെങ്കില്‍ ഈ ലേഖനം ഒരാളെടുത്ത്‌ ഒരു നിയമ മാസികയിലോ ഏതെങ്കിലും നിയമവെബ്‌മാഗസിനിലോ അയാളുടെ പേരില്‍ പ്രസിദ്ധീകരിച്ചാല്‍ ?.

വഴിപോക്കന്റെ നിലപാട്‌ സോഫ്റ്റ്‌വെയറിന്‌ പകര്‍പ്പവകാശം ആവശ്യമില്ല എന്നത്‌ മാത്രമാണ്‌ എന്ന് കരുതുന്നു. ആ കാര്യത്തില്‍ ഞാന്‍ തീര്‍ച്ചയായും കോപ്പിലെഫ്റ്റ്‌ ആണ്‌. എന്നാല്‍ തന്നെയും നമ്മള്‍ പകര്‍പ്പവകാശലംഘനം നടത്തിയാല്‍ ആ നിലപാട്‌ നമ്മളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷിക്കണമെന്നില്ല.

സുനിലിന്റേയും അങ്കിളിന്റേയും സംശയങ്ങള്‍ക്കുള്ള മറുപടി.
ഹൈപ്പര്‍ലിങ്കിംഗ്‌, ആറ്റം RSS ഫീഡറുകള്‍ എന്നിവ ഇന്റര്‍നെറ്റിലെ ചില സൗകര്യങ്ങള്‍ മാത്രമാണ്‌. ഒരു ബ്ലോഗര്‍ അത്‌ ഉപയോഗിച്ച്‌ കോപ്പിറൈറ്റുള്ള ഒരു സൃഷ്ടി തന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചാല്‍ ബ്ലോഗര്‍ മാത്രമാണ്‌ ഉത്തരവാദി. ആദ്യന്തികമായി ആരാണ്‌ ആ display അവിടെ വേണമെന്ന് ഉദ്ദേശിച്ചത്‌ (intention to display a copyrighted work) അയാള്‍ മാത്രമേ നിയമലംഘനം നടത്തുന്നുള്ളു. ഗൂഗിള്‍ push pull actvivity നടത്തി മോണിറ്ററില്‍ display ചെയ്താലും ഈ ലോജിക്ക്‌ തന്നെയാണ്‌ വരുന്നത്‌.

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ലിങ്കിംഗ്‌ കൊടുത്താല്‍ പകര്‍പ്പവകാശലംഘനം വരുന്നത്‌ അപൂര്‍വമായി മാത്രമാണ്‌. വന്നാല്‍ തന്നെയും അത്‌ fair use എന്ന exemptionല്‍ പെടുകയും ചെയ്യും.

അങ്കിളും സുനിലും സൂചിപ്പിച്ചതുപോലെയുള്ള വളരെ സങ്കീര്‍ണമായ സാങ്കേതികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോഴുള്ള നിയമം പര്യാപ്തമല്ല. ഇന്‍ഡ്യന്‍ പകര്‍പ്പവകാശനിയമം ഉണ്ടാവുന്നത്‌ 1957ലാണ്‌. അന്നുണ്ടായിരുന്ന സാങ്കേതികവിദ്യയല്ല ഈ നൂറ്റാണ്ടിലേത്‌. 1999ലെ നിയമഭേദഗതിയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി എങ്കിലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ വളരെവേഗം വികസിക്കുന്നതുകൊണ്ട്‌ ഇപ്പോഴുള്ള പല നിയമതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനു കഴിയുമെന്നു തോന്നുന്നില്ല.

നിലവിലുള്ള ഒരു നിയമം ഉണ്ടാക്കുമ്പോള്‍ വിഭാവനം ചെയ്യാന്‍ കഴിയാതിരുന്ന ഒരു സാങ്കേതികവിദ്യ ഇപ്പോഴുണ്ടാവുകയും അത്‌ അടിസ്ഥാനപ്പെടുത്തി ഒരു നിയമ പ്രശ്നമുണ്ടാവുകയും ചെയ്യുമ്പോള്‍ കോടതി സ്വീകരിക്കുന്ന വഴി purposive or updating interpretation എന്ന നിയമവ്യാഖാനരീതിയാണ്‌. (ഇത്‌ വളരെ സങ്കീര്‍ണ്ണമായ ഒരു legal method ആയതുകൊണ്ട്‌ വിശദീകരിക്കുന്നില്ല).

സാങ്കേതികവിദ്യയും സയന്‍സും മറ്റ്‌ വിജ്ഞാനശാഖകളും വളരുന്നതനുസരിച്ച്‌ ഒരോ രാജ്യങ്ങളും അവരവരുടെ നിലനില്‍ക്കുന്ന നിയമങ്ങള്‍ മാറ്റുകയോ അലെങ്കില്‍ ഭേദഗതികള്‍ വരുത്തുകയോ ചെയ്യും. പലരാജ്യങ്ങളും തമ്മില്‍ വാണിജ്യബന്ധങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്‌ നിയമങ്ങളെല്ലാം ഒരു പോലെയാകാന്‍ വേണ്ടി interenational convention കളിലാണ്‌ ഇത്‌ തീരുമാനിക്കപ്പെടുന്നത്‌. ആ കണ്‍വന്‍ഷനില്‍ പങ്കെടുത്ത രാജ്യങ്ങളെല്ലാം അത്‌ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിതരാണ്‌. ( intellectual property laws, arbitration, narcotics തുടങ്ങിയ നിയമങ്ങള്‍ ഭേദഗതി നടത്തിയത്‌ അങ്ങനെയാണ്‌.)


കോപ്പിറൈറ്റ്‌ സോഫ്റ്റ്‌വെയറുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും ബാധകമാക്കിയത്‌ അതുപോലൊരു കണ്‍വന്‍ഷനിലാണ്‌.( World Intellectual Property Organization Copyright Treaty, 1996 adopted by the Diplomatic Conference, 1996).



ഈ കണ്‍വന്‍ഷനുകളിലൂടെ ലോകകുത്തകകളുടെ സാമ്പത്തിക താല്‍പര്യങ്ങളാണ്‌ സരക്ഷിക്കപ്പെടുന്നത്‌. ഈ കുത്തകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നിയമനിര്‍മാണം നടക്കുന്നു. GATT, TRIPS എന്നിവ ബൗദ്ധികസ്വത്തിന്റെ മേഖല തന്നെ മാറ്റി മറിച്ചു പ്രത്യേകിച്ചും ഇന്‍ഡ്യയിലെ മരുന്നു നിര്‍മാണരംഗത്ത്‌.)

നിയമപരിഹാരങ്ങള്‍
പകര്‍പ്പവകാശലംഘനമുണ്ടായാല്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്‌. ഒന്ന് നഷ്ടപരിഹാരത്തിന്‌ സിവില്‍ സ്യൂട്ട്‌ ഫയല്‍ ചെയ്യുക.രണ്ട്‌. പകര്‍പ്പവകാശലംഘനം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനല്‍ കേസെടുക്കുക.

സിവില്‍കേസില്‍ പകര്‍പ്പവകാശം നടത്തിയ വ്യക്തി താന്‍ പകര്‍പ്പവകാശം നടത്തിയ ദിവസം ആ സൃഷ്ടിക്ക്‌ പകര്‍പ്പവകാശമുള്ളതായി അറിവില്ലായിരുന്നു എന്ന് തെളിയിച്ചാല്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതില്ല. എന്നാല്‍ തുടര്‍ന്ന് പകര്‍പ്പവകാശമുള്ള സൃഷ്ടി പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് അയാള്‍ തടയപ്പെടും.

ക്രിമിനല്‍ കേസില്‍ കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത്‌ ആറുമാസവും കൂടിയാല്‍ മൂന്നു വര്‍ഷവും ശിക്ഷ ലഭിക്കും. കൂടാതെ കുറഞ്ഞത്‌ അമ്പതിനായിരവും കൂടിയാല്‍ രണ്ടുലക്ഷം രൂപ പിഴയും ലഭിക്കും.

ഒരു സൃഷ്ടിയുടെ fair use പകര്‍പ്പവകാശലംഘനമാവില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ ലിങ്ക്‌ കൊടുത്താല്‍ പകര്‍പ്പവകാശലംഘനമാവണമെന്നില്ല. പക്ഷെ വേറൊരു സൈറ്റില്‍ നിന്ന് കോപ്പിറൈറ്റുള്ള ഒരു ഫോട്ടോ അനുവാദമില്ലാതെ ഒരു ബ്ലോഗില്‍ ഉപയോഗിച്ചാല്‍ അതും ആ ബ്ലോഗ്‌ പരസ്യത്തിലൂടെ കാശുണ്ടാക്കുന്നതാണെങ്കില്‍ നിയമപ്രശ്നമാവാം.

ഗൂഗിളിന്റെ സേവനത്തിലുള്ളതായതുകൊണ്ട്‌ ബ്ലോഗിലെ പോസ്റ്റുകളെല്ലാം ഗൂഗിളിന്റേതാവുകയില്ലെ എന്ന് N.J. ജോജു ചോദിച്ചിരുന്നു. ഇത്‌ പകര്‍പ്പവകാശലംഘനം നടത്തിയവര്‍ക്ക്‌ ഉപയോഗിക്കാവുന്ന വളരെ നല്ല വാദം ആണ്‌. പക്ഷെ ഒരു സൃഷ്ടിയുടെ ഉടമസ്ഥാവകാശം മറ്റുള്ളവര്‍ക്ക്‌ ഉണ്ടാവുന്നത്‌ ഒരു employment contract ഉള്ളപ്പോഴാണ്‌. ഉദാഹരണത്തിന്‌ ഒരു പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ആ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ടൂണുകളുടെ പകര്‍പ്പവകാശം, മറിച്ചൊരു കരാര്‍ ഇല്ലാത്തിടത്തോളം കാലം പത്രത്തിനുതന്നെയാണ്‌. ഗൂഗിളിന്റെ agreement terms ല്‍ കോപ്പിറൈറ്റിന്റെ കാര്യം ഞാന്‍ കണ്ടില്ല.( ആരെങ്കിലും അങ്ങനെ ശ്രദ്ധിച്ചാല്‍ അറിയിക്കണേ).

ചില വെബ്‌സൈറ്റുകള്‍ ആ സൈറ്റിന്‌ കൊടുക്കുന്ന അല്ലെങ്കില്‍ ആ വെബ്‌സൈറ്റിലെ മെറ്റീരിയല്‍സ്‌ ഉപയോഗിക്കുന്നവരുടെ സൃഷ്ടികളുടെ പകര്‍പ്പവകാശം എടുക്കാറുണ്ട്‌. ലൈസന്‍സില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ തന്നെ ഇതിന്‌ സമ്മതം കൊടുക്കപ്പെടുന്നു. ( ഉദാഹരണം www.atomentertainment.com).

പകര്‍പ്പവകാശം ഉണ്ടെന്നുകാണിക്കാന്‍ എന്താണ്‌ എഴുതേണ്ടത്‌.

ഒരു സൃഷ്ടിക്ക്‌ പകര്‍പ്പവകാശം കിട്ടാന്‍ പകര്‍പ്പവകാശമുണ്ട്‌ എന്ന് എഴുതി വയ്ക്കേണ്ട ആവശ്യമൊന്നുമില്ല. പക്ഷെ ആദ്യം പറഞ്ഞതുപോലെ പകര്‍പ്പവകാശലംഘനം നടത്തിയ വ്യക്തി ആ സൃഷ്ടിക്ക്‌ പകര്‍പ്പവകാശമുള്ളതായി തനിക്ക്‌ അറിയില്ലായിരുന്നു എന്ന് ഒരു defense argument എടുക്കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ എഴുതുന്നത്‌ തന്നെ നല്ലത്‌. ഞാന്‍ കൊടുക്കുന്നത്‌ ഇതാണ്‌:-

The contents of this blog are intellectual property of the bloger C.K.Sasi. Copying the contents for public display and distribution without the prior consent of the bloger amounts to copyright violation. However linking, framing, metatagging etc. are permitted.

ഇതില്‍ ബ്ലോഗറുടെ ശരിയായ പേരുകൊടുത്തില്ലെങ്കില്‍ അത്‌ തെളിയിക്കാന്‍ നടക്കേണ്ടിവരുമെന്നുള്ളതുകൊണ്ട്‌ ശരിയായ പേരുതന്നെ കൊടുക്കുന്നതാണ്‌ ഉചിതം.

Sunday, March 2, 2008

ബ്ലോഗും പകര്‍പ്പവകാശവും- രണ്ടാം ഭാഗം

കഴിഞ്ഞ ലക്കത്തില്‍ ചില നിയമവാക്കുകള്‍ മലയാളത്തില്‍ എഴുതിയതുകൊണ്ട്‌ ആശയപ്രകടനം നടന്നോ എന്ന സംശയം ഉള്ളതുകൊണ്ട്‌ ഇംഗ്ലീഷിലും ആ വാക്കുകള്‍ കൊടുക്കുന്നു. ചില സംശയങ്ങള്‍ ഈ പോസ്റ്റിലൂടെ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

മര്‍മ്മം പഠിച്ചവന്‌ പശുവിനെ തല്ലാന്‍ പറ്റിയില്ല എന്ന കഥ പോലെയാണ്‌. കോപ്പിറൈറ്റിനെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞാല്‍ ആകെ കുഴയും. പക്ഷെ ഇതിനെപ്പറ്റി അറിയുന്നത്‌ പിന്നീട്‌ കുഴപ്പത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ സഹായിക്കും എന്നെനിക്കു തോന്നുന്നു.


ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമപ്രകാരം പകര്‍പ്പവകാശം കിട്ടുന്നത്‌ താഴെ പറയുന്നവയ്കാണ്‌.:-

1. literary work 2. music works 3. dramatic works 4. artistic works 5. cinemotograph films 6. sound recordings..

ഈ ലേഖനം litrary work ആയി കണക്കാക്കുന്നു.എഴുതി പ്രസിദ്ധീകരിക്കുന്ന എന്തും literary work ആവാം. നിയമത്തില്‍ വാക്കുകള്‍ക്ക്‌ സധാരണ ഉപയോഗിക്കുന്ന അര്‍ത്ഥം മാത്രം ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെയാണ്‌ പകര്‍പ്പവകാശനിയമത്തിന്റെ 1999 ലെ ഭേദഗതിയില്‍ computer software, coputer programme എന്നിവ literary work ആയി കണക്കാക്കപ്പെടുന്നത്‌. coputer software ആദ്യന്തികമായി എഴുത്ത്‌ ആണ്‌ എന്ന് പരിഗണിച്ച്‌ പല രാജ്യങ്ങളിലെയും പകര്‍പ്പവകാശനിയമങ്ങളില്‍ coputer software, database എന്നിവ literary work ആയി കാണുന്നു.

ഇന്റര്‍നെറ്റിലെ വിതരണാവകാശം. (Right of Distribution on the Internet)

ഒരു പകര്‍പ്പവകാശ ഉടമസ്ഥന്‌ (owner of copyright)) തന്റെ സൃഷ്ടിയുടെ കോപ്പികള്‍ പൊതുജനങ്ങള്‍ക്ക്‌ വിതരണം (distribution)ചെയ്യാനുള്ള പൂര്‍ണ്ണ അധികാരം പകര്‍പ്പവകാശനിയമം നല്‍കുന്നു. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടിയുടെ കോപ്പികള്‍ അനുവാദമില്ലാതെ മറ്റൊരാള്‍ വിതരണം ചെയ്യുന്നത്‌ പകര്‍പ്പവകാശ ലംഘനം ആകുന്നു. ഇത്‌ ഇന്റര്‍നെറ്റിലും അല്ലാതെയും ആവാം. ബ്ലോഗില്‍ കഥയെഴുതുന്ന ഒരു ബ്ലോഗര്‍ക്ക്‌ അത്‌ പുസ്തകമാക്കി വിതരണം ചെയ്യാനുള്ള അവകാശം ഉണ്ട്‌. ഇതില്ലെങ്കില്‍ ആര്‍ക്കും അതെടുത്ത്‌ പുസ്തകമാക്കാം.

പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ തന്നെ വിതരണാവകാശം സ്ഥാപിക്കപ്പെടുന്നു.

ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശലംഘനം ഉണ്ടാവുന്നത്‌ ഈ വിതരണാവകാശം കോപ്പിറൈറ്റ്‌ ഉടമസ്ഥനില്‍ നിന്ന് താഴെപറയുന്ന വിധം തട്ടിയെടുക്കുമ്പോഴാണ്‌.

1. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി മറ്റ്‌ നെറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ ഇമെയില്‍ വഴി വിതരണം ചെയ്യുക

2. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി പ്രിന്റൗട്ട്‌ എടുത്ത്‌ പൊതുജനങ്ങള്‍ക്ക്‌ വിതരണം ചെയ്യുക.

3. പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഒരു വെബ്‌ പേജില്‍ display ചെയ്യുക.

മൂന്നാമതുപറഞ്ഞതില്‍ വിതരണം നടക്കുന്നത്‌ മറ്റ്‌ രീതിയിലല്ല്ല. ഒരു സൃഷ്ടി ഇന്റര്‍നെറ്റില്‍ display ചെയ്തിരിക്കുമ്പോള്‍ തന്നെ അത്‌ പൊതുവായി distribute ചെയ്തിരിക്കുകയാണല്ലോ.( ഇന്റര്‍നെറ്റില്‍ distribution, display എന്ന രണ്ടു സംജ്ഞകള്‍ക്ക്‌ പ്രത്യേക അര്‍ഥം കാണാന്‍ കഴിയില്ല).

ഇന്റര്‍നെറ്റിലെ പൊതുപ്രദര്‍ശനവും അവതരണവും. ( Public display and public performance on the internet)
ഇന്റര്‍നെറ്റില്‍ public performance ന്‌ പരിമിതികള്‍ ഉള്ളതുകൊണ്ട്‌ public display യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്‌ ഉണ്ടാവുന്നത്‌. പകര്‍പ്പവകാശനിയമത്തിലെ 14-ാ‍ം വകുപ്പനുസരിച്ച്‌ പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടിയുടെ അവതരണം പകര്‍പ്പവകാശലംഘനമാണ്‌.

ഒരു ബ്ലോഗിലുള്ള പോസ്റ്റ്‌ ആ ബ്ലോഗറുടെ അനുവാദമില്ലാതെ വേറൊരു ബ്ലോഗര്‍ തന്റെ ബ്ലോഗിലിടുന്നതും, ഇന്റര്‍നെറ്റിലല്ലാതെ വിതരണം മറ്റ്‌ രീതിയില്‍ ചെയ്യുന്നതും പകര്‍പ്പവകാശലംഘനമാണ്‌.ഉദാഹരണത്തിന്‌ ബ്രിജ്‌വിഹാരം എന്ന ബ്ലോഗിലെ പോസ്റ്റുകള്‍ ആരെങ്കിലും പുസ്തകമാക്കുന്നു എന്ന് കരുതുക. ജി. മനു എന്ന ബ്ലോഗറുടെ ബൗദ്ധികസ്വത്താണ്‌ നഷ്ടപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ സോഫ്റ്റ്‌വെയര്‍ അല്ലാത്ത literay work ന്‌ കോപ്പിറൈറ്റ്‌ കൂടിയേ മതിയാവു. (attn. വഴിപോക്കന്‍)

ലിങ്കിംഗ്‌ പകര്‍പ്പവകാശലംഘനമാണോ

രണ്ടുതരം ലിങ്കിംഗ്‌ ആണുള്ളത്‌. 1. Surface linking 2. Deep linking.

surface linking ല്‍ മറ്റൊരു വെബ്‌ സൈറ്റിന്റെ ഹോം പേജ്‌ ആണ്‌ ലിങ്ക്‌ ചെയ്യുന്നത്‌. Deeplinking ല്‍ ഒരു പടികൂടി കടന്ന് മറ്റൊരു സൈറ്റിന്റെ ഏതെങ്കിലും ഉള്‍പേജുകളായിരിക്കും ലിങ്ക്‌ ചെയ്യുന്നത്‌.

surface linking ല്‍ കോപ്പിറൈറ്റ്‌ ലംഘനം ഉണ്ടാകുകയില്ല. കാരണം ലിങ്ക്‌ കൊടുക്കുന്ന ആള്‍ മറ്റൊരു സൈറ്റിന്റെ ഹോം പേജിലേക്ക്‌ മാത്രമേ ലിങ്ക്‌ കൊടുക്കുന്നുള്ളു. മറിച്ച്‌ deep linking ല്‍ ലിങ്ക്‌ ചെയ്യപ്പെടുന്ന സൈറ്റില്‍ പകര്‍പ്പവകാശമുള്ള ഏതെങ്കിലും സൃഷ്ടികള്‍ ഉണ്ടെങ്കില്‍ പകര്‍പ്പവകാശലംഘനം ഉണ്ടാവാന്‍ സാധ്യത താഴെ പറയുന്ന സാഹചര്യങ്ങളിലായിരിക്കും :-

1. പുനര്‍നിര്‍മാണ അവകാശം. ( Reproduction right)

ആദ്യം പറഞ്ഞതുപോലെ പകര്‍പ്പവകാശ ഉടമസ്ഥന്‌ തന്റെ സൃഷ്ടിയുടെ കോപ്പി ഉണ്ടാക്കാന്‍ അവകാശം ഉണ്ട്‌. മറ്റൊരാള്‍ ലിങ്ക്‌ കൊടുക്കുന്നതിലൂടെ ആ സൃഷ്ടിയുടെ കോപ്പി ഉണ്ടാക്കപ്പെടുന്നു അതുവഴി ആ അവകാശം ലംഘിക്കപ്പെടുന്നു.
ഇതെല്ലാം എവിടെ നടക്കും എന്ന് അത്ഭുതപ്പെടണ്ട. അമേരിക്കയില്‍ അങ്ങനെ കേസുകളുണ്ട്‌ ( Shetland Times Ltd. V. Wills).

2. വിതരണാവകാശം. (Distribution rights).

ലിങ്ക്‌ കൊടുക്കുമ്പോള്‍ വേറൊരു സൈറ്റിലേക്കുള്ള അനധികൃത പ്രവേശനം നടക്കുകയും അവിടെയുള്ള കോപ്പിറൈറ്റുള്ള സൃഷ്ടിയുടെ വിതരണാവകാശം ലംഘിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ലിങ്ക്‌ തുറക്കുന്ന ആളല്ല കുഴിയില്‍ വീഴുന്നത്‌ മറിച്ച്‌ ലിങ്ക്‌ കൊടുക്കുന്ന ആളാണ്‌.
ഇതിനും അമേരിക്കയില്‍ കേസുണ്ടായി ( Leslie A. V. Arriba Sifat Corpn.)

ഇതാണ്‌ നിയമവശം.ഇതൊന്നും ബ്ലോഗില്‍ നടക്കില്ല എന്ന് കരുതണ്ട. ബ്ലോഗില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാവുമ്പോള്‍ പല പല തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരം കേസുകളുണ്ടാവാം. മലയാള ബ്ലോഗിലെ കേസ്‌ ഏതായാലും ഒതുങ്ങിപ്പോയി.

എന്തായാലും ലിങ്ക്‌ കൊടുക്കുന്നതു വഴി reproduction right ന്റെ ലംഘനം നടക്കാന്‍ സാധ്യത കുറവാണ്‌. പക്ഷെ display right ന്റെ ലംഘനം നടക്കാന്‍ സാധ്യത വളരെക്കൂടുതലാണ്‌.

പകര്‍പ്പവകാശലംഘനം ഉണ്ടായാല്‍ ഒരു ബ്ലോഗര്‍ക്ക്‌ എന്തെല്ലാം നിയമനടപടികള്‍ എടുക്കാം, N.J. ജോജു ചോദിച്ചതുപോലെ ബ്ലോഗിലെ പോസ്റ്റെല്ലാം ഗൂഗിളിന്റെ സ്വന്തമാല്ലെങ്കില്‍ എഴുതുന്ന ആളുടേതാണോ ( It is an intelligent question. I appreciate his legal mind), പകര്‍പ്പവകാശം കിട്ടാന്‍ നമ്മുടെ ബ്ലോഗില്‍ എന്ത്‌ എഴുതി വയ്ക്കണം, തുടങ്ങിയവ അടുത്ത ലക്കത്തില്‍.

Thursday, February 28, 2008

ബൂലോഗവും പകര്‍പ്പവകാശവും

ആമുഖം

ബൂലോഗത്ത്‌ ഈയിടെ ഒരു ബ്ലോഗിലെ പോസ്റ്റ്‌ മറ്റൊരു ബ്ലോഗുകാരന്‍ എടുത്ത്‌ പോസ്റ്റുന്ന വിനോദം ധാരാളം കാണുന്നു. അതിനെതുടര്‍ന്ന് പല കോലാഹലവും ഉണ്ടായി. പുഴു, സാക്ഷരന്‍, വിശാലമനസ്കന്‍ തുടങ്ങിയവരുടെ പോസ്റ്റുകള്‍ മറ്റുള്ളവര്‍ എടുത്ത്‌ പോസ്റ്റി. പണ്ട്‌ യാഹൂ എന്തോ മോഷ്ടിച്ചെന്ന് പറഞ്ഞ്‌ എന്തോ ഒച്ചപ്പാടുണ്ടായി എന്ന് കേട്ടു. ഞാന്‍ അന്ന് ഈ പ്രദേശത്തെ ഇല്ലായിരുന്നു.

കൈപ്പള്ളിയുടെ ഫോട്ടോ ഒരു വെബ്‌സൈറ്റുകാരന്‍ മോഷ്ടിച്ച സംഭവത്തെത്തുടര്‍ന്ന്
കൈപ്പള്ളിക്ക്‌ നിയമഭിപ്രായം കൊടുത്തപ്പോഴാണ്‌ ഇത്‌ എല്ലാ ബൂലോകരും അറിയേണ്ടതാണ്‌ എന്ന് തോന്നിയത്‌. അതുകൊണ്ട്‌ ഈ പോസ്റ്റ്‌.


ഇന്റര്‍നെറ്റ്‌ ലോകവ്യാപകമായ accesibilitiy ഉള്ളതുകൊണ്ടും ബ്ലോഗര്‍മാര്‍ എല്ലാ ഭൂഖണ്ഡത്തിലും ഉള്ളതുകൊണ്ടും അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ നിയമം അനുസരിച്ച്‌ പകര്‍പ്പവകാശ ലംഘനം നടന്നാല്‍ നിയമ നടപടി നടത്താം. ( ഉദാഹരണത്തിന്‌ കാപ്പിലാന്‌ അമേരിക്കയില്‍ അവിടുത്തെ നിയമം അനുസരിച്ച്‌ കേസ്‌ നടത്താം ) പക്ഷെ ഇവിടെ ഇന്‍ഡ്യന്‍ Copyright നിയമമാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. മലയാളബ്ലോഗര്‍മാരുടെ പകര്‍പ്പവകാശ ലംഘനം ഇന്‍ഡ്യയില്‍ നടക്കാനാണ്‌ കൂടുതല്‍ സാധ്യത.

നിയമലേഖനമായതുകൊണ്ട്‌ പലവാക്കുകളും മലയാളത്തില്‍ ഉപയോഗിക്കുമ്പോള്‍ ബോറായിതോന്നാം. ഈ പോസ്റ്റ്‌ വായിക്കാന്‍ അതീവ ബോറായി തോന്നാം.


ബൗദ്ധികസ്വത്ത്‌ (Intellectual Property)

പകര്‍പ്പവകാശം (copyright) ഒരു ബൗധികസ്വത്ത്‌ ആണ്‌. patent, trademark എന്നിവയും ഒരു ബൗദ്ധികസ്വത്ത്‌ ആണ്‌.

കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ഉപയോഗം വ്യാപകമായതോടെ ബൗധിക സ്വത്തിന്റെ വ്യാപ്തി പതിന്മടങ്ങ്‌ വര്‍ധിച്ചു. ഒരു കണ്ടുപിടിത്തത്തിന്റെയോ, ഒരു സൃഷ്ടിയുടെയോ, വ്യാവസായികമായ സല്‍പ്പേരിന്റെയോ, goodwill ന്റെയോ ബന്ധപ്പെട്ടുകിടക്കുന്ന നിയമപരമായ അവകാശങ്ങളാണ്‌ ബൗധികസ്വത്ത്‌ നിയമം സംരക്ഷിക്കുന്നത്‌.

ബൗദ്ധികസ്വത്തിന്‌ ആത്യന്തികമായി ഒരു സാമ്പത്തിക സ്വഭാവമാണുള്ളത്‌. ഒരു ബൗദ്ധികസ്വത്തിന്റെ ഉടമയ്ക്‌ ഈ അവകാശം മൂലം കിട്ടുന്നത്‌ തന്റെ സൃഷ്ടി മറ്റൊരാള്‍ ദുരുപയോഗം ചെയ്യുന്നതില്‍നിന്ന്‌ എത്ര മാത്രം തടയാം എന്നതാണ്‌.

പകര്‍പ്പവകാശനിയമം (Copyright Act)
1957-ല്‍ ആണ്‌ ഇന്‍ഡ്യന്‍ പകര്‍പ്പവകാശനിയമം ഉണ്ടായത്‌. ആ നിയമത്തില്‍ പകര്‍പ്പവകാശം കൊടുത്തിരുന്നത്‌ സാഹിത്യം,സംഗീതം, നാടകം അല്ലെങ്കില്‍ കലാപരം ഇവയുമായി ബന്ധപ്പെട്ട തനതായ സൃഷ്ടികള്‍ക്ക്‌ ആയിരുന്നു. പിന്നീട്‌ സാങ്കേതിക വളര്‍ച്ച പുതിയ തരത്തിലുള്ള ആശയങ്ങള്‍ക്ക്‌ വഴിവച്ചപ്പോള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍, കമ്പ്യൂട്ടര്‍ ഡാറ്റാ ബേസ്‌, കമ്പ്യൂട്ടര്‍ സ്ക്രീന്‍ ലേ ഔട്ട്‌, ഇന്റര്‍നെറ്റിലുള്ള വിവിധതരം സൃഷ്ടികള്‍ എന്നിവയ്ക്ക്‌ പകര്‍വകാശ സംരക്ഷണം ആവശ്യമായി വന്നു.

എന്താണ്‌ പകര്‍പ്പവകാശം.

ഒരു പ്രത്യേക തരത്തിലുള്ള സാഹിത്യപരമോ,നാടകപരമോ, അല്ലെങ്കില്‍ കലാപരമോ ആയ സൃഷ്ടിയുടെ സൃഷ്ടാവിന്‌ കിട്ടുന്ന സ്വത്തവകാശത്തെയാണ്‌ പകര്‍പ്പവകാശം എന്ന് പറയുന്നത്‌. ഇതില്‍ പുസ്തകങ്ങള്‍, റക്കോര്‍ഡുകള്‍, ഫിലിം, പെയ്ന്റിംഗ്‌, ഫോട്ടോ, ആര്‍ക്കിട്ടെകറ്റ്‌ പ്ലാന്‍, മെനു, മ്യൂസിക്‌ വീഡിയോ, തിരക്കഥ, കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

പകര്‍പ്പവകാശം ഒരാള്‍ക്ക്‌ ലഭിക്കുന്നത്‌ അയാളുടെ ബുദ്ധിപരമായ/ഭാവനാപരമായ പ്രക്രിയയിലൂടെയാണ്‌. ഒരാള്‍ക്ക്‌ പകര്‍പ്പവകാശം ലഭിക്കാന്‍ അയാളുടെ സൃഷ്ടി തനതായിരിക്കുകയും (original) താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍പ്പെടുകയും വേണം.

1. സാഹിത്യസൃഷ്ടി 2. സംഗീതസൃഷ്ടി 3. നാടകസൃഷ്ടി 4. കലാസൃഷ്ടി. 5. സിനിമോട്ടോഗ്രാഫ്‌ ഫിലിം 6. സൗണ്ട്‌ റെകോര്‍ഡിംഗ്‌.


പകര്‍പ്പവകാശം സരക്ഷിക്കുന്നത്‌ ഒരു ആശയത്തിന്റെ പ്രകാശനത്തിനെയാണ്‌ (expression of ideas). ഒരു ആശയം ഏതെങ്കിലും തരത്തില്‍ പ്രകാശിപ്പിക്കാതെ വെറും ആശയത്തിന്‌ മാത്രമായി ഒരിക്കലും പകര്‍പ്പവകാശം ലഭിക്കുകയില്ല. ഒരു സൃഷ്ടിയാണ്‌ പകര്‍പ്പവകാശത്തിലൂടെ സരക്ഷിക്കപ്പെടുന്നത്‌ അല്ലാതെ ആശയമല്ല. അതുകൊണ്ടുതന്നെ ഒരു സൃഷ്ടിയില്‍നിന്ന് ആശയം മാത്രമെടുത്താല്‍ പകര്‍പ്പവകാശലംഘനമാവുന്നില്ല. ഉദാഹരണത്തിന്‌ ടി.കെ. സുജിത്തിന്റെ കാര്‍ട്ടൂണില്‍ നിന്ന് ആശയമെടുത്ത്‌ വേറെ ആരെങ്കിലും കാര്‍ട്ടൂണ്‍ വരച്ചാല്‍ പകര്‍പ്പവകാശലംഘനമാവുന്നില്ല. പകര്‍പ്പവകാശത്തിന്റെ ഉടമസ്ഥന്‌ കിട്ടുന്ന വിവിധ അവകാശങ്ങളില്‍ തന്റെസൃഷ്ടി പരസ്യമായി പ്രദര്‍ശിപ്പിക്കാനുള്ള അവകാശം, മറ്റുള്ളവര്‍ അനധികൃതമായി സൃഷ്ടി പകര്‍ത്താതിരിക്കാനുള്ള അവകാശം, സൃഷ്ടി വിതരണം ചെയ്യാനുള്ള അവകാശം തുടങ്ങിയവ ഉള്‍പ്പെടുന്നു.

പകര്‍പ്പവകാശഉടമസ്ഥന്‌ തന്റെ സൃഷ്ടി പുനര്‍നിര്‍മിക്കാനും വിതരണം ചെയ്യാനും, അനുബന്ധ സൃഷ്ടികളുണ്ടാക്കുവാനും അവതരിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനും അധികാരമുണ്ട്‌.

കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും

1999 ലെ നിയമഭേദഗതിയിലൂടെയാണ്‌ ഇന്‍ഡ്യന്‍ പകര്‍പ്പവകാശനിയമത്തില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും പകര്‍പ്പവകാശനിയമത്തിന്റെ സംരക്ഷണത്തില്‍ വരുന്നത്‌. ഈ ഭേദഗതിയിലൂടെ സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും സാഹിത്യസൃഷ്ടി (literary work) ആണ്‌.

സോഫ്റ്റ്‌വെയറും പ്രോഗ്രാമുകളും കൂടാതെ ഡാറ്റാ ബേസും പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നു.

ഇവിടെ ബ്ലോഗുമായി ബന്ധപ്പെട്ട പകര്‍പ്പവകാശത്തെക്കുറിച്ച്‌ മാത്രം പറയുന്നതുകൊണ്ട്‌ സോഫ്റ്റ്വെയറും പ്രോഗ്രാമുകളും എങ്ങനെ എത്രമാത്രം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നു എന്ന് വിവരിക്കുന്നില്ല.

പകര്‍പ്പവകാശവും ഇന്റര്‍നെറ്റും
ഇന്റര്‍നെറ്റിലുണ്ടാവുന്ന ബൗദ്ധിക അവകാശങ്ങള്‍ സംരക്ഷിക്കല്‍ ആകെ ഒരു കൊഴമറി കേസാണ്‌.

ഒരു സൃഷ്ടി ഏറ്റവും എളുപ്പത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ഇന്റര്‍നെറ്റിന്‌ കഴിയുന്നു. പരമ്പരാഗതമായ പ്രസിദ്ധീകരണം എന്നത്‌ ഇന്റര്‍നെറ്റ്‌ പൊളിച്ചടുക്കി.കൂടുതല്‍ ആളുകളിലേക്ക്‌ എത്തുന്നതുകൊണ്ടു തന്നെ ഒരു സൃഷ്ടിയുടെ പകര്‍പ്പ്‌ എടുക്കല്‍ വളരെ എളുപ്പത്തില്‍ സാധിക്കുകയും നിലനില്‍ക്കുന്ന പകര്‍പ്പവകാശനിയമം ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ പലപരിമിതികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ലോകവ്യാപകമായ കണക്റ്റിവിറ്റി ഉള്ളതുകൊണ്ട്‌ പകര്‍പ്പവകാശലംഘനം നടന്നാല്‍ അത്‌ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ പ്രയാസം കൂടുന്നു.

ആദ്യം പറഞ്ഞതുപോലെ ഒരു സൃഷ്ടിയുടെ ഉടമസ്ഥനുകിട്ടുന്ന വിവിധതരം അവകാശങ്ങളെല്ലാം ഒരു content ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുമ്പോഴും, ട്രാന്‍സ്‌മിറ്റ്‌ ചെയ്യുമ്പോഴും, ഉപയോഗിക്കുമ്പോഴും കിട്ടുന്നുണ്ട്‌. ആ പ്രക്രിയയില്‍ ഈ അവകാശങ്ങളുടെ ലംഘനം നടക്കുമ്പോഴാണ്‌ കാര്യങ്ങള്‍ കുഴപ്പമാവുന്നത്‌.

ഉദാഹരണത്തിന്‌ നമ്മള്‍ ഒരു വെബ്‌സൈറ്റ്‌ തുറന്നിട്ട്‌ പിന്നീട്‌ നോക്കാം എന്ന് കരുതി ചിലത്‌ കോപ്പി ചെയ്ത്‌ സൂക്ഷിക്കുന്നു. സംഗതി കട്ടപ്പൊക. caching എന്ന പരിപാടിയും കുഴപ്പമാണ്‌. അല്ലെങ്കില്‍ നമ്മള്‍ ബ്ലോഗില്‍ പോസ്റ്റിടുമ്പോള്‍ കമന്റ്‌ എഴുതുമ്പോള്‍ ഒരു ലിങ്ക്‌ കൊടുക്കുന്നു (surface linking, deep linking) . അല്ലെങ്കില്‍ വേറൊരു സൈറ്റിന്റെ framing നടത്തുന്നു. നമ്മുടെ ബ്ലോഗില്‍ ഒരു ലിങ്കില്‍ ഞെക്കുമ്പോള്‍ വേറൊരു ബ്ലോഗോ സൈറ്റോ ഒരു ചെറിയ ഫ്രേമില്‍ നമ്മുടെ ബ്ലോഗില്‍ തന്നെ തുറക്കുന്നു. ഇതെല്ലാം കുഴപ്പമാണ്‌ അതിന്റെ ഉടമസ്ഥന്റെ സമ്മതമില്ലെങ്കില്‍.

വേറൊരു സൈറ്റില്‍ നിന്ന് ഫോട്ടോ കോപ്പി ചെയ്ത്‌ നമ്മുടെ ബ്ലോഗില്‍ ഇട്ടാല്‍ ? തീര്‍ന്നു. ഫോട്ടോക്ക്‌ ലിങ്ക്‌ കൊടുത്താലും മതി കുഴപ്പമുണ്ടാവാന്‍. കൈപ്പള്ളിയുടെ ബ്ലോഗിലെ ഫോട്ടോ മറ്റവന്‍ പ്രദര്‍ശിപ്പിച്ചത്‌ നഗ്നമായ പകര്‍പ്പവകാശലംഘനമാണ്‌. പിന്നീട്‌ അത്‌ മാറ്റി ലിങ്ക്‌ കൊടുത്തപ്പോഴും ലംഘനം ലംഘനം മാത്രം.

ചുരുക്കിപറഞ്ഞാല്‍ ഏതാണ്ട്‌ എല്ലാ ബ്ലോഗര്‍മാരുടെയും പകര്‍പ്പവകാശം ലംഘിക്കപ്പെടുന്നുണ്ട്‌ കുറച്ചു ബ്ലോഗര്‍മാര്‍ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്തൊക്കെയാണ്‌ ഒരു ബ്ലോഗറുടെ പകര്‍പ്പവകാശങ്ങള്‍, എന്താണ്‌ പകര്‍പ്പവകാശലംഘനമുണ്ടായാലുള്ള പോവഴികള്‍, അല്ലെങ്കില്‍ എങ്ങനെ തലയൂരാം, ബ്ലോഗിലെ സൃഷ്ടികള്‍ക്ക്‌ എങ്ങനെ ശരിക്കുമുള്ള പകര്‍പ്പവകാശം സ്ഥാപിച്ചെടുക്കാം. എന്നിവയെ പറ്റി അടുത്ത ലക്കത്തില്‍